ഇന്ത്യയുടെ ചൊവ്വാ ദൗത്യം മംഗള്‍യാന്‍റെ കഥ പറയുന്ന ‘മിഷൻ മംഗൾ’ എന്ന ചിത്രത്തിലൂടെ തന്നെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനായതില്‍ സന്തോഷമുണ്ടെന്ന് നടി നിത്യ മേനന്‍. അക്ഷയ് കുമാർ, വിദ്യ ബാലന്‍, തപ്സി പന്നു, സോനാക്ഷി സിൻഹ, കൃതി കുൽഹാരി, ശർമൻ ജോഷി എന്നിങ്ങനെ വന്‍ താരനിരയുണ്ട് ചിത്രത്തില്‍.

ഐഎസ്ആര്‍ഒയിലെ ഒരു സാറ്റലൈറ്റ് ഡിസൈനറായാണ് നിത്യ ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് നിത്യയുടെ പ്രതികരണം. ‘വളരെ മികച്ച അനുഭവമാണ് ബോളിവുഡില്‍ ലഭിച്ചത്. എന്റെ ആദ്യ സിനിമ മിഷന്‍ മംഗള്‍ ആയതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. നല്ല സിനിമകളുടെ ഭാഗമാകണമെന്ന് എപ്പോഴും ആഗ്രഹിക്കുന്നതാണ്. ഇത് വളരെ നല്ല അനുഭവമാണ്,’ നിത്യ പറഞ്ഞു.
‘ചിത്രീകരണത്തിനിടെ എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കുക. അക്ഷയ് സാര്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഭക്ഷണം എടുത്ത് തരും. നമ്മുടെ ടീം വളരെ നല്ല ടീമാണ്,’ നിത്യ വ്യക്തമാക്കി.

Read More: ഐ എസ് ആർ ഒ ശാസ്ത്രജ്ഞർക്ക് ആദരം അർപ്പിച്ച് അക്ഷയ് കുമാറിന്റെ ‘മിഷൻ മംഗൾ’; ട്രെയിലർ

ഇന്ത്യയുടെ ചൊവ്വാദൗത്യത്തെ ആസ്പദമാക്കിയാണ് സിനിമ. അസാധ്യമെന്ന് കരുതിയ ഒരു വലിയ ദൗത്യം സാധ്യമാക്കിയ ശാസ്ത്രജ്ഞരുടെ നിശ്ചയദാര്‍ഢ്യവും അധ്വാനവുമെല്ലാം ചേര്‍ത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ജഗൻ സാക്ഷിയാണ് മിഷൻ മംഗള്‍ സംവിധാനം ചെയ്തത്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോയും കേപ് ഓഫ് ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്. ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിന്റെ അവിശ്വസനീയമായ യാഥാർഥ്യം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനാണ് ഈ ചിത്രത്തിന്‍റെ ഭാഗമായതെന്ന് അക്ഷയ് കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ആഗസ്ത് 15ന് ചിത്രം തിയേറ്ററുകളിലെത്തും.

ചൊവ്വയിലേക്കുള്ള ഇന്ത്യയുടെ ദൗത്യത്തിന്റെ അവിശ്വസനീയമായ യഥാർത്ഥ കഥയെ തന്റെ മകൾ ഉൾപ്പെടുന്ന പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനാണ് ഈ ചിത്രം തിരഞ്ഞെടുത്തതെന്ന് അക്ഷയ് കുമാർ മുൻപ് ട്വിറ്റർ സന്ദേശത്തിലൂടെ വ്യക്തമാക്കിയിരുന്നു.

നമ്മുടെ ഭാവിതലമുറയെ പ്രചോദിപ്പിക്കുന്ന, ഭാവനയും ജിജ്ഞാസയും നിറഞ്ഞ ഒരു സിനിമ- എന്നെ സംബന്ധിച്ച് മിഷൻ മംഗൾ അതാണ്. ചൊവ്വയിലേക്കുള്ള ഇന്ത്യയുടെ ദൗത്യത്തിന്റെ അവിശ്വസനീയമായ യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി നിർമ്മിച്ച ‘മിഷൻ മംഗൽ’ സാധാരണക്കാർ അസാധാരണമായ നേട്ടങ്ങൾ കൈവരിച്ചതിന്റെ കഥ കൂടിയാണ്. സർഗ്ഗാത്മകതയ്ക്കും ആശയങ്ങൾക്കും സ്വപ്നങ്ങൾക്കും അതിരുകളില്ലെന്ന് തെളിയിക്കുന്ന ഒരു കഥ,” അക്ഷയ് കുമാർ പറയുന്നു. ആഗസ്ത് 15 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook