പ്രീ ഓസ്കർ പരിപാടിയുടെ അവതാരകയായി പ്രിയങ്ക ചോപ്ര. കാലിഫോർണിയയിലെ ബെവേർലി ഹിൽസിൽ നടന്ന പരിപാടിയിലാണ് മിണ്ടി കാലിങ്, കുമൈൽ നഞ്ജിയാനി, ബേല ബജാരിയ, മനീഷ് കെ. ഗോയൽ, ശ്രുതി ഗാംഗുലി എന്നിവർക്കൊപ്പം പ്രിയങ്കയും അവതാരകയായത്.
ബ്ലാക്ക് സാരി ധരിച്ചാണ് പ്രിയങ്ക പരിപാടിക്കെത്തിയത്. ഈ വർഷത്തെ ഓസ്‌കാറിൽ നാമനിർദേശം ചെയ്യപ്പെട്ട ചിലരെ പ്രിയങ്ക തന്റെ പ്രസംഗത്തിൽ അഭിനന്ദിച്ചു. നേരത്തെ അക്കാദമി അവാർഡ് വേദിയിൽ അവതാരകയായി പ്രിയങ്ക എത്തിയിട്ടുണ്ട്. മാർച്ച് 27 നാണ് (ഇന്ത്യൻ സമയം മാർച്ച് 28 ന് രാവിലെ) ഓസ്കർ അവാർഡ് പ്രഖ്യാപനം.
ഈ ജനുവരിയിൽ നിക്കിനും പ്രിയങ്കക്കും വാടക ഗർഭപാത്രത്തിലൂടെ പെൺകുഞ്ഞ് ജനിച്ചിരുന്നു. കുഞ്ഞിന്റെ ജനനശേഷം വളരെ വിരളമായേ പ്രിയങ്ക പൊതുപരിപാടിയിൽ പങ്കെടുക്കാറുള്ളൂ. പ്രിയങ്കയുടെയും നിക്കിന്റെയും ആദ്യ കുട്ടിയാണിത്. 2018ലാണ് ഇവർ വിവാഹിതരായത്.
സോഷ്യൽ മീഡിയയിലൂടെയാണ് പ്രിയങ്ക കുഞ്ഞ് ജനിച്ച വിവരം പുറത്തുവിട്ടത്. “ഞങ്ങൾ വാടകഗർഭത്തിലൂടെ ഒരു കുഞ്ഞിനെ സ്വീകരിച്ചുവെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഈ പ്രത്യേക സമയത്ത് കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നതിനാൽ സ്വകാര്യത നൽകണമെന്ന് ബഹുമാനപൂർവ്വം ആവശ്യപെടുന്നു. വളരെ നന്ദി.” നിക്ക് ജൊനാസിനെ ടാഗ് ചെയ്തു കൊണ്ട് പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.