മാധ്യമപ്രവര്‍ത്തകനെ പരസ്യമായി പോരിന് വിളിച്ച് വിവാദത്തില്‍ പെട്ടതിന് പിന്നാലെ ‘എന്റര്‍ടെയിൻമെന്റ് ജേണലിസ്റ്റ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ’യുടെ ബഹിഷ്കരണം നേരിടുന്ന ബോളിവുഡ് നടി കങ്കണ റണാവത്ത് പ്രതികരണവുമായി രംഗത്ത്. കഴിഞ്ഞയാഴ്ച പുതിയ ചിത്രമായ ‘ജഡ്ജ്‌മെന്റല്‍ ഹേ ക്യാ’ എന്ന ചിത്രത്തിന്റെ പാട്ട് പുറത്തിറക്കുന്ന ചടങ്ങിലാണ് കങ്കണ മാധ്യമപ്രവര്‍ത്തകനുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടത്. പരിഹസിക്കുന്ന രീതിയിലായിരുന്നു കങ്കണ സംസാരിച്ച് തുടങ്ങിയത്.

ഇതില്‍ സിനിമയുടെ സഹനിര്‍മ്മാതാവ് ഏക്താ കപൂര്‍ ക്ഷമാപണം നടത്തിയെങ്കിലും കങ്കണ മാപ്പ് പറയാന്‍ തയ്യറായില്ല. ഇപ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ കൂടുതല്‍ വിമര്‍ശനങ്ങളുമായും കങ്കണ രംഗത്തെത്തി. ആളുകളെ നശിപ്പിച്ച് കളയുന്നവരാണ് മാധ്യമപ്രവർത്തകരെന്ന് കങ്കണ തുറന്നടിച്ചു.

‘എന്നെ ബഹിഷ്കരിക്കുമെന്നും എന്റെ കരിയർ തകർക്കുമെന്നൊക്കെയാണ് ഇവര്‍ പറയുന്നത്. വഞ്ചകരായ നിങ്ങളെ വിലയ്ക്ക് വാങ്ങാന്‍ ലക്ഷങ്ങളൊന്നും വേണ്ട. വെറും അമ്പതോ അറുപതോ രൂപ മതി. നിങ്ങള്‍ എന്നെ തകര്‍ത്ത് കളയുമോ? നിങ്ങളെ പോലെയുളള കപട മാധ്യമപ്രവര്‍ത്തകരുടേയോ സിനിമാ മാഫിയയുടേയോ ഉദ്ദേശം പോലെയാണ് കാര്യം നടക്കുന്നതെങ്കില്‍ രാജ്യത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയായി ഞാന്‍ മാറില്ലായിരുന്നു. ദയവ് ചെയ്ത് എന്നെ ബഹിഷ്കരിച്ചാലും. ഞാന്‍ കാരണം നിങ്ങളുടെ വീട്ടില്‍ ഭക്ഷണം ഇല്ലാതിരിക്കണ്ട,’ കങ്കണ പരിഹസിച്ചു.

തന്റെ മുന്‍ സിനിമയായ ‘മണികര്‍ണിക; ക്വീന്‍ ഓഫ് ഝാന്‍സി’ എന്ന ചിത്രത്തിന് നെഗറ്റീവ് നിരൂപണമാണ് നല്‍കിയതെന്ന് പറഞ്ഞാണ് താരം മാധ്യമപ്രവര്‍ത്തകനെതിരെ തിരിഞ്ഞത്. ‘നിങ്ങളല്ലേ എന്റെ മണികര്‍ണികയെ അടിച്ചു താഴ്ത്തിയത്. ഒരു സിനിമ പിടിച്ചതാണോ ഞാന്‍ ചെയ്ത തെറ്റ്? ദേശീയതയെ കുറിച്ച് സിനിമ പിടിച്ചപ്പോള്‍ നിങ്ങള്‍ എന്നെ തീവ്ര ദേശീയവാദി എന്നല്ലേ വിളിച്ചത്,’ കങ്കണ പറഞ്ഞു.

കങ്കണ മോശമായാണ് പെരുമാറുന്നതെന്നും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. എന്നാല്‍ താന്‍ ആരെയും ഭീഷണിപ്പെടുത്തിയില്ലെന്നും സത്യമായ കാര്യങ്ങളാണ് പറയുന്നതെന്നും നടി വ്യക്തമാക്കി.

Read More: മാധ്യമപ്രവര്‍ത്തകനെ പരിഹസിക്കാന്‍ ശ്രമിച്ച് കങ്കണ; വാദങ്ങളുടെ മുനയൊടിച്ച് മാധ്യമപ്രവര്‍ത്തകന്‍

മാധ്യമപ്രവർത്തകന് താൻ നേരത്തെ അഭിമുഖം നൽകിയിരുന്നെന്നും അയാൾ തനിക്ക് സ്വകാര്യ സന്ദേശം അയച്ചുവെന്നും കങ്കണ ആരോപിച്ചു. എന്നാൽ, താൻ നടിക്ക് സന്ദേശമൊന്നും അയച്ചിട്ടില്ലെന്ന് മാധ്യമപ്രവർത്തകൻ നിഷേധിച്ചു. അങ്ങനെ സന്ദേശം അയച്ചിട്ടുണ്ടെങ്കില്‍ അതിന്റെ സ്ക്രീന്‍ഷോട്ട് കാണിക്കണമെന്നും മാധ്യമപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടു.

മാസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ‘മണികർണിക’യുടെ വാർത്താ സമ്മേളനത്തിനിടെയാണ് ഇതേ മാധ്യമപ്രവർത്തകനുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ തുടക്കം. ഉറി ആക്രമണത്തിന് ശേഷം പാക്കിസ്ഥാനിൽ ഒരു പരിപാടി നടത്തിയതിന് ശബാന ആസ്മിയെ വിമർശിച്ച കങ്കണ എന്തുകൊണ്ടാണ് പാക്കിസ്ഥാനിൽ ‘മണികർണിക’ റിലീസ് ചെയ്തത് എന്നായിരുന്നു മാധ്യപ്രവർത്തകന്‍റെ ചോദ്യം. ഈ ചോദ്യമാണ് കങ്കണയെ ചൊടിപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook