/indian-express-malayalam/media/media_files/uploads/2023/07/shahrukh-khan-kajol.jpg)
കാജോളും ഷാരൂഖും
ബോളിവുഡിലെ ഏറ്റവും മികച്ച ഓൺ-സ്‌ക്രീൻ ജോഡികളാണ് കജോളും ഷാരൂഖ് ഖാനും. ഇരുവരും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകർക്കും ഏറെയിഷ്ടമാണ്. യഥാർത്ഥ ജീവിതത്തിലും ഇവർ നല്ല സുഹൃത്തുക്കളാണെന്നാണ് ആരാധകർ അനുമാനിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ ഇതേ കുറിച്ച് കാജോളിനോട് ചോദിച്ചപ്പോൾ ലഭിച്ച മറുപടി രസകരമാണ്.
മഷബാലെ ഇന്ത്യയുമായുള്ള അഭിമുഖത്തിനിടയിലാണ് ഷാരൂഖുമായുള്ള സൗഹൃദത്തെ കുറിച്ച കാജോൾ മനസ്സു തുറന്നത്. “ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളാണ്,” കാജോൾ പറയുന്നു. രാവോ പകലോ ഏത് സമയത്തു വേണമെങ്കിലും തനിക്ക് ഷാരൂഖിനെ വിളിക്കാൻ സാധിക്കുമെന്നും കജോൾ പറഞ്ഞു. "എനിക്ക് എപ്പോഴെങ്കിലും പുലർച്ചെ 3 മണിക്ക് ഷാരൂഖിനെ വിളിക്കേണ്ടി വന്നാൽ, ഷാരൂഖ് എന്റെ ഫോൺ എടുക്കുമെന്ന് എനിക്കറിയാം, മറിച്ചാണെങ്കിലും അതങ്ങനെ തന്നെയായിരിക്കുമെന്ന് ഷാരൂഖിന് അറിയാം."
എന്നാൽ എല്ലാ ദിവസവും ഞങ്ങൾ മെസേജ് അയക്കുകയോ വിളിക്കാറോ ചെയ്യാറില്ലെന്നും കാജോൾ പറയുന്നു. എല്ലാ ദിവസവും താൻ മെസേജ് അയച്ചാൽ ഷാരൂഖ് തന്നെ ഫോർക്കു കൊണ്ട് കുത്തുമെന്നാണ് കാജോൾ തമാശ രൂപേണ പറയുന്നത്. “ഇല്ല, ഞാൻ എല്ലാ ദിവസവും അദ്ദേഹത്തിന് ‘ഗുഡ് മോർണിംഗ്’ എന്ന് മെസ്സേജ് ചെയ്യുകയും പൂക്കളുടെ ചിത്രങ്ങൾ അയച്ചുകൊടുക്കുകയും ചെയ്യാറില്ല. ഞാൻ എപ്പോഴെങ്കിലും ശ്രമിച്ചാൽ അവനെന്നെ ഒരു ഫോർക്ക് കൊണ്ട് കുത്തുമെന്ന് ഞാൻ കരുതുന്നു.. "
/indian-express-malayalam/media/media_files/uploads/2021/11/kajol-shah-rukh-khan.jpg)
കാജോളും ഷാരൂഖ് ഖാനും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത് ബാസിഗറിലാണ്. തുടർന്ന് കരൺ അർജുൻ, ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, കുച്ച് കുച്ച് ഹോതാ ഹേ, കഭി ഖുഷി കഭി ഗം, മൈ നെയിം ഈസ് ഖാൻ, ദിൽവാലെ എന്നീ ചിത്രങ്ങളിലും അവർ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടു.
ഷാരൂഖിൽ തനിക്ക് ഒട്ടും ഇഷ്ടപ്പെടാത്തൊരു കാര്യത്തെ കുറിച്ചും കാജോൾ പറയുന്നു. "എനിക്ക് ഷാരൂഖിൽ ഒട്ടും ഇഷ്ടമില്ലാത്തതും ഏറ്റവും പ്രിയപ്പെട്ടതും ഒരു കാര്യമാണ്. അദ്ദേഹം സെറ്റിൽ വരുമ്പോൾ, സെറ്റിലുള്ള എല്ലാവരുടെയും എല്ലാ ഡയലോഗുകളും അദ്ദേഹത്തിന് അറിയാമെന്നതാണ്. നമ്മൾ മൂന്ന് പേജുള്ള സീൻ ചെയ്തിട്ട് കാര്യമില്ല, അവൻ മൂന്ന് പേജും മനഃപാഠമാക്കിയിരിക്കും. എന്റെ ഡയലോഗുകളും അദ്ദേഹത്തിന്റെ ഡയലോഗുകളും മൂന്നാം വ്യക്തിയുടെ ഡയലോഗുകളും ഷാരൂഖിന് അറിയാം.”
ഷാരൂഖിനെ കുറിച്ചുള്ള നല്ലൊരു കാര്യം കൂടിയാണ് ഇതെന്ന് കാജോൾ പറയുന്നു. "ഇത് ഷാരൂഖുമായി ബന്ധപ്പെട്ട ഏറ്റവും നല്ല കാര്യമാണെന്ന് ഞാൻ കരുതുന്നു. സെറ്റിൽ എല്ലാവരും നന്നായി ജോലി ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു എന്ന വസ്തുത ഞാൻ ഇഷ്ടപ്പെടുന്നു. അദ്ദേഹം തന്റെ ജോലി മാത്രമല്ല ചെയ്യുന്നത്, സെറ്റിലുള്ള എല്ലാവരെയും നന്നായി ജോലി ചെയ്യാൻ സഹായിക്കുന്നു."
യുഎസ് ടെലിവിഷൻ ഷോയായ 'ദ ഗുഡ് വൈഫി'ന്റെ ഹിന്ദി പതിപ്പായ 'ദി ട്രയൽ' ആണ് കാജോളിന്റെ ഏറ്റവും ഒടുവിൽ റിലീസിനെത്തിയ പ്രൊജക്റ്റ്. ഡിസ്നി + ഹോട്ട്‌സ്റ്റാറിലാണ് ദി ട്രയൽ സ്ട്രീം ചെയ്യുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us