ദക്ഷിണേന്ത്യയിലാകെ ബോക്സോഫീസ് ഹിറ്റായ തെലുങ്ക് ചിത്രമാണ് ‘അർജുന് റെഡ്ഡി’. വിജയ് ദേവരകൊണ്ട അവിസ്മരണീയമാക്കി തെലുങ്ക് ദേശത്തിനപ്പുറം വളര്‍ന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു അർജുന് റെഡ്ഡി. ഹിന്ദിയിലെത്തിയപ്പോള്‍ ചിത്രത്തില്‍ ഷാഹിദ് കപൂറാണ് നായകനായി എത്തിയത്. ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് ബോളിവുഡിലെത്തിയത്. ദക്ഷിണേന്ത്യയിലാകെ ചിത്രത്തിന് ലഭിച്ച സ്വീകാര്യതയായിരുന്നു ഏറെ പ്രതീക്ഷകള്‍ ഉണര്‍ത്താന്‍ കാരണമായത്.
തെലുങ്കില്‍ ഇറങ്ങിയ ചിത്രത്തിന് കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലൊക്കെ വന്‍ സ്വീകാര്യത ലഭിച്ചു. എന്നാല്‍ ബോളിവുഡില്‍ ഒരുങ്ങിയ കബീര്‍ സിങ്ങിന് പ്രഹരം നല്കുന്ന അഭിപ്രായങ്ങളാണ് പുറത്തുവന്നത്. ചിത്രം ബോളിവുഡില്‍ എത്തിയപ്പോള്‍ അര്ജുന് റെഡ്ഡി എന്ന സ്ത്രീവിരുദ്ധ കഥാപാത്രത്തെ നിരൂപകരും ആസ്വാദകരും കൈയ്യോടെ പിടികൂടി. പലരും ചിത്രത്തെ നിശിതമായി വിമര്‍ശിച്ചു. സ്ത്രീകളെ തെറ്റായ രീതിയിലാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെന്ന് പല നടിമാരും തുറന്നടിച്ചു. നിരൂപകര്‍ ചിത്രത്തിലെ സ്ത്രീവിരുദ്ധതയും ആണ്‍മേല്‍ക്കോയ്മയും വിമര്‍ശിച്ചു.
രണ്ടാം തവണയും സ്ത്രീവിരുദ്ധത ചിത്രീകരിച്ച് ബോളിവുഡിലും തിയേറ്ററുകള്‍ കീഴടക്കാനാവുമോ എന്ന പരീക്ഷണമാണോ സന്ദീപ് വാങ്കാ റെഡ്ഡി നടത്തിയതെന്ന് പലരും ചോദിച്ചു. എന്നാല്‍ വിമര്‍ശനങ്ങളോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് സന്ദീപ് വാങ്ക. മാധ്യമപ്രവര്‍ത്തകയായ അനുപമ ചോപ്രയുമായുളള അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ഭാഗം വ്യക്തമാക്കിയത്.
നിലവില്‍ 200 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം 2019ല്‍ ബോളിവുഡിലെ ഏറ്റവും ഹിറ്റ് ചിത്രമാകുമെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിനെതിരായി നടക്കുന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ‘നിങ്ങള്‍ ഒരാളുമായി അഗാധമായ പ്രണയത്തിലാണെങ്കില്‍, നിങ്ങള്‍ക്ക് പരസ്പരം അടിക്കാനുളള സ്വാതന്ത്ര്യം ഇല്ലെങ്കില്‍ അതിനെ എങ്ങനെയാണ് പ്രണയമെന്ന് വിളിക്കുക? സിനിമയെ അകാരണമായി വിമര്‍ശിക്കുന്ന ഇത്തിള്‍കണ്ണികളാണ് സിനിമാ ഇന്‍ഡസ്ട്രിയുടെ ശാപം. അത്തരക്കാര്‍ ചിലപ്പോള്‍ പ്രണയം എന്താണെന്ന് ശരിയായി അനുഭവിച്ചിട്ടുണ്ടാവില്ല. അവര്‍ എപ്പോഴും ഫെമിനിസ്റ്റ് ഭാഗത്താണ്, മറ്റൊന്നും അവര്‍ സംസാരിക്കില്ല,’ സന്ദീപ് റെഡ്ഡി വാങ്ക തുറന്നടിച്ചു.
സിനിമയ്ക്ക് നിലവാരം ഇല്ലെന്ന് നിരൂപണം എഴുതിയവര്ക്കെതിരേയും അദ്ദേഹം രംഗത്തെത്തി. ‘അവരൊക്കെ രണ്ട് സ്റ്റാര്‍ നല്കിയപ്പോള് പ്രേക്ഷകര്‍ 200 കോടി നല്കി. അവരൊക്കെ വിഡ്ഡി സിനിമകള്‍ക്ക് ഒരുപാട് സ്റ്റാർ കൊടുത്ത് കാണാറുണ്ട്.