വിമര്‍ശനങ്ങള്‍ക്കിടയിലും ബോക്‌സ്ഓഫീസില്‍ പണം വാരി മുന്നേറുകയാണ് ഷാഹിദ് കപൂര്‍ ചിത്രം കബീർ സിങ്. 270 കോടി രൂപയാണ് ചിത്രം ഇപ്പോള്‍ നേടിയത്. വിദേശരാജ്യങ്ങളിലും സിനിമ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. 200 കോടി കടക്കുന്ന ഷാഹിദിന്റെ ആദ്യ ചിത്രം കൂടിയാണിത്. തന്റെ ആദ്യ ബ്ലോക്ബസ്റ്റര്‍ കബീര്‍ സിങ് ആയതിലാണ് തനിക്ക് സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു.

‘ഒരു താരം ആയിരിക്കുമ്പോള്‍ തന്നെ നടന്‍ എന്ന ലേബലില്‍ അറിയപ്പെടാനായിരുന്നു എനിക്ക് ആഗ്രഹം. അതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. എന്റെ കരിയറിന്റെ തുടക്കത്തില്‍ പലരും പറഞ്ഞിട്ടുണ്ട്, ‘നീ ഡാന്‍സ് ചെയ്യുന്ന സിനിമ ചെയ്യ്, നീ ചോക്ലേറ്റ് ബോയ് ആയി അഭിനയിക്ക്’ എന്നൊക്കെ. അതൊക്കെ കേള്‍ക്കുമ്പോള്‍ എന്നിലെ അഭിനേതാവിനെ അവമതിക്കുന്നത് പോലെയാണ് തോന്നിയത്. അതുകൊണ്ട് തന്നെ കബീര്‍ സിങ് നന്നായി അഭിനയിച്ച് നേടിയ വിജയമാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. എപ്പോഴും നല്ല കാര്യങ്ങള്‍ മാത്രം ചെയ്യുന്ന ഹീറോയല്ല കബീര്‍ സിങ്,’ ഷാഹിദ് വ്യക്തമാക്കി.

Read More: ‘ഞാന്‍ എന്തിന് അത് കാണണം’; ഷാഹിദ് കപൂറിന്റെ ‘കബീര്‍ സിങ്’ കാണില്ലെന്ന് വിജയ് ദേവരകൊണ്ട

‘ചിത്രത്തിന്റെ വിജയത്തെ കുറിച്ച് മനസിലാക്കുമ്പോള്‍ എനിക്ക് കരച്ചില്‍ വരുന്നു. വളരെയധികം നന്ദി എനിക്ക് പറയേണ്ടതുണ്ട്. ഇത്രത്തോളം വിജയിച്ചത് കാണുമ്പോള്‍ ഇത് ഞാന്‍ അര്‍ഹിക്കുന്ന വിജയമല്ലെന്ന് എനിക്ക് തോന്നിപ്പോകുന്നു. സ്ഥിരമായി നിങ്ങളുടെ ചിത്രം വെറും 70-80 കോടി നേടുമ്പോള്‍ പെട്ടെന്ന് ഒരു ദിവസം 27 കോടി രൂപ വാരുന്നു. അപ്പോഴാണ് അതിന്റെ ക്രെഡിറ്റ് എനിക്കല്ലെന്ന് തോന്നിപ്പോകുന്നത്,’ ഷാഹിദ് വ്യക്തമാക്കി.

കബീർ സിങ്ങിന്റെ വിജയത്തിന് പിന്നാലെ ഷാഹിദ് കപൂര്‍ പ്രതിഫലം ഉയര്‍ത്തിയതായി വിവരമുണ്ട്. ഷാഹിദ് കപൂറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായാണ് കബീർ സിങ്ങിനെ കണക്കാക്കുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ചിത്രം 300 കോടി കടക്കുമെന്നാണ് വിലയിരുത്തലുകള്‍.

ഷാഹിദ് കപൂര്‍ പ്രതിഫലം ഉയര്‍ത്തിയ കാര്യം മുംബൈ മിറര്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, 35 കോടിയാണ് ഷാഹിദ് അടുത്ത സിനിമക്കായി വാങ്ങുന്നതെന്നും പറയപ്പെടുന്നു. സംഭവം ശരിയാണെങ്കില്‍ ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാവും ഷാഹിദ് കപൂര്‍. ചിത്രം ഇതിനകം തന്നെ 270 കോടി പിന്നിട്ടു. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ചിത്രത്തിനെതിരെ വിമര്‍ശനവും ഒരു ഭാഗത്തുണ്ട്.

ആണത്തത്തിന്റെ ആഘോഷവും സ്ത്രീ വിരുദ്ധതയുമാണ് ചിത്രം പ്രചരിപ്പിക്കുന്നതെന്നാണ് വിമര്‍ശനം. തെലുങ്ക് ചിത്രമായ അർജുൻ റെഡ്ഡിയുടെ ഹിന്ദി പതിപ്പാണ് കബീര്‍ സിങ്. കിയാര അദ്വാനിയാണ് സിനിമയിൽ നായിക. എംബിബിഎസ് വിദ്യാർഥികളുടെ ജീവിതവും പ്രണയവും വേർപിരിയലുമെല്ലാം കബീർ സിങ്ങിൽ ദൃശ്യവത്കരിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook