മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഹിന്ദി ചിത്രം ദി സോയാ ഫാക്റ്റര്‍ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 14ന് ചിത്രം തിയേറ്ററുകളില്‍ എത്തും. അനുജാ ചൗഹാന്‍ രചിച്ച ‘ദി സോയാ ഫാക്റ്റര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കി, അഭിഷേക് ശര്‍മ സംവിധാന ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ ഒരു ക്രിക്കറ്റ്‌ താരത്തിന്റെ വേഷത്തിലാണ് എത്തുന്നത്‌. സോനം കപൂര്‍ ആണ് നായിക. നിര്‍മ്മാതാക്കളായ ഫോക്സ് സ്റ്റാര്‍ ഇന്ത്യയാണ് റിലീസ് തീയതി സോഷ്യല്‍ മീഡിയയിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് നോവല്‍ വികസിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതിനാല്‍ 2010ലെ ലോകകപ്പിനും ‘സോയ ഫാക്ടര്‍’ വിനിയോഗിക്കാന്‍ ഇന്ത്യന്‍ ടീം തീരുമാനിക്കുന്നതാണ് കഥ.

2010ൽ മഹേന്ദ്ര സിംഗ് ധോണിയായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ. എന്നാൽ ധോണിയെ അനുകരിക്കുകയാകില്ല, ദുൽഖറിന്റേതായ രീതിയിൽ അവതരിപ്പിക്കാനായി കഥാപാത്രത്തെ ഒരുക്കാമെന്നായിരുന്നു അഭിഷേക് ശർമ്മ മുന്‍പൊരു അവസരത്തില്‍ പറഞ്ഞന്നത്.

Read More: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനാകാൻ ദുല്‍ഖര്‍ സല്‍മാന്‍

വിരാട് കോഹ്ലിയുടെ വേഷത്തിലായിരിക്കും ദുൽഖർ പ്രത്യക്ഷപ്പെടുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേ സമയം ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും അണിയറപ്രവർത്തകരുടെ ഭാഗത്തു നിന്നും ഇത് വരെ ഉണ്ടായിട്ടില്ല. എന്തായാലും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനാകാൻ ദുൽഖർ ക്രിക്കറ്റ് പരിശീലനം നടത്തുന്ന ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

“നിങ്ങള്‍ ഒരു ഗായകനായി അഭിനയിക്കുമ്പോള്‍ വെറുമൊരു ബാത്ത്‌റൂം സിംഗര്‍ ആയാല്‍ പോരല്ലോ,” പരിശീലനത്തെക്കുറിച്ച് ദുല്‍ഖര്‍ ഇങ്ങനെ പറഞ്ഞതായി ഫ്രീ പ്രസ്സ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

‘ദി സോയ ഫാക്ടറി’ലെ കഥാപാത്രത്തെക്കുറിച്ച് സോനത്തിനും ഏറെ ആകാംക്ഷകളുണ്ട്. ദുല്‍ഖര്‍ വളരെ കഴിവുള്ള ആളാണെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ താനും കാത്തിരിക്കുകയാണെന്നുമായിരുന്നു സോനത്തിന്റെ പ്രതികരണം.

Read More: മുത്താണ് ദുല്‍ഖര്‍: കുഞ്ഞിക്കയുടെ ആരാധികമാരായ ബോളിവുഡ് നായികമാര്‍

ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ‘ദി സോയ ഫാക്ടര്‍’. ആദ്യ ചിത്രം ‘കാര്‍വാ’, ഇര്‍ഫാന്‍ ഖാനോടൊപ്പം ആയിരുന്നു. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മലയാളത്തില്‍ ദുല്‍ഖറിന്‍റെതായി പുറത്തു വരാനുള്ള ചിത്രം ‘ഒരു യമണ്ടന്‍ പ്രേമകഥ’യാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Bollywood news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ