അക്ഷയ് കുമാർ നായകനാവുന്ന ‘ലക്ഷ്മി ബോംബ്’ എന്ന ചിത്രത്തിന്റെ സംവിധായകന്റെ റോളിൽ നിന്നും പിന്മാറുന്നുവെന്ന് രാഘവ ലോറൻസ്. തമിഴിൽ വിജയം നേടിയ ‘കാഞ്ചന’യുടെ ഹിന്ദി റീമേക്ക് ആണ് ‘ലക്ഷ്മി ബോംബ്’. ട്വിറ്ററിലൂടെയാണ് രാഘവ് ലോറൻസ് തന്റെ നയം വ്യക്തമാക്കിയത്.

” ആദരവ് ലഭിക്കാത്ത ഒരു വീട്ടിലേക്കും പ്രവേശിക്കാൻ പാടില്ലെന്ന് തമിഴിലൊരു ചൊല്ലുണ്ട്. ഈ ലോകത്ത് പണത്തേക്കാളും പ്രശസ്തിയേക്കാളും പ്രധാനമാണ് ആത്മാഭിമാനം. ‘കാഞ്ചന’യുടെ ഹിന്ദി റീമേക്ക് ചിത്രമായ ‘ലക്ഷ്മി ബോബി’ൽ നിന്നും ഞാൻ പിന്മാറുകയാണ്. ഈ തീരുമാനത്തിനു പിറകിലെ കാരണം വ്യക്തമാക്കാൻ ഞാനാഗ്രഹിക്കുന്നില്ല, ഒന്നിൽ കൂടുതൽ കാരണങ്ങളുള്ളതു കൊണ്ടുതന്നെ. ഒന്നു മാത്രം പറയാം, ചിത്രത്തിന്റെ ഇന്ന് പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്റെ അറിവോടെയോ എന്നോട് സംസാരിച്ചതിനു ശേഷമോ അല്ല റിലീസ് ചെയ്തിരിക്കുന്നത്. മൂന്നാമതൊരാൾ പറഞ്ഞാണ് ഞാനിതറിഞ്ഞത്. ഒരു സംവിധായകനെ സംബന്ധിച്ച് ഏറെ വേദനാകരമായ ഒരനുഭവമാണ് സ്വന്തം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത കാര്യം മറ്റുള്ളവർ പറഞ്ഞ് അറിയുക എന്നത്. അപമാനിക്കപ്പെട്ടതിൽ നിരാശയുണ്ട്. ഒരു ക്രിയേറ്റർ എന്ന രീതിയിൽ ആ പോസ്റ്ററിന്റെ ഡിസൈനിലും എനിക്ക് അതൃപ്തിയുണ്ട്. ഒരു സംവിധായകനും ഇതുപോലെ സംഭവിക്കരുത്,” ഇങ്ങനെ ഒരു സംവിധായകനും സംഭവിക്കരുത്,” രാഘവ ലോറന്‍സ് കുറിക്കുന്നു.

ചിത്രത്തിന്റെ തിരക്കഥ പിൻവലിക്കാൻ തനിക്ക് അധികാരമുണ്ടെങ്കിലും പ്രൊഫഷണലിസത്തെ കരുതി താനതു ചെയ്യുന്നില്ലെന്നും അക്ഷയ് കുമാർ സാറിനോട് തനിക്ക്​ ആദരവുണ്ടെന്നും ലോറൻസ് വ്യക്തമാക്കുന്നു. വൈകാതെ അക്ഷയ് കുമാറിനെ കണ്ട് തിരക്കഥ കൈമാറുമെന്നും താരം കൂട്ടിച്ചേർത്തു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം അക്ഷയ് കുമാർ തന്റെ ട്വിറ്ററിലൂടെ റിലീസ് ചെയ്തിരുന്നു. ഹൊറർ കോമഡി ചിത്രമായ ലക്ഷ്മി ബോംബിൽ കിയാര അദ്വാനിയാണ് നായികയായെത്തുന്നത്. ‘ബൂൽ ബുലായിയ’യ്ക്ക് ശേഷം 12 വർഷങ്ങൾക്ക് ശേഷം അക്ഷയ് കുമാർ അഭിനയിക്കുന്ന ഹൊറർ കോമഡി ചിത്രം കൂടിയാണ് ‘ലക്ഷ്മി ബോംബ്’. 2020 ജൂൺ അഞ്ചിന് ചിത്രം റിലീസിനെത്തുമെന്നാണ് മുൻപ് പ്രഖ്യാപിച്ചിരുന്നത്.

രാഘവ ലോറന്‍സിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ തമിഴ് ഹൊറര്‍ കോമഡി ചിത്രമായിരുന്നു ‘കാഞ്ചന’. ലോറൻസ്, ശരത്കുമാർ, ലക്ഷ്മി റായ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ആദ്യ ചിത്രത്തിന്റെ വിജയത്തെ തുടർന്ന് രണ്ടും മൂന്നും ഭാഗങ്ങളും തിയേറ്ററുകളിൽ എത്തിച്ചിരുന്നു. മൂന്നാം ഭാഗം അടുത്തിടെ റിലീസിനെത്തുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. രാഘവ ലോറന്‍സ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ചിത്രത്തില്‍ ഓവിയയും വേദികയുമാണ് നായികമാരായി എത്തിയത്. എസ് തമ്മന്‍ സംഗീതം നൽകിയ ചിത്രം നിർമ്മിച്ചത് സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലൈനിധി മാരന്‍ ആണ്.

Read more: എന്ത് വേണം അമ്മാ, പറയൂ: കനിവിന്റെ കൈ നീട്ടി ലോറന്‍സ് രാഘവ, ‘ഗജ’യില്‍പ്പെട്ട 50 പേര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച്‌ നല്‍കും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook