ലണ്ടനിലെ മാഡം റ്റുസാഡ് വാക്സ് മ്യൂസിയത്തിൽ ബോളിവുഡ് താരം ദീപിക പദുകോണിന്റെ മെഴുകു പ്രതിമ അനാച്ഛാദനം ചെയ്തു. ലണ്ടൻ നഗരത്തിൽ കുടുംബ സമേതം എത്തിയ ദീപിക തന്നെയാണ് ആ ചടങ്ങു നിർവ്വഹിച്ചത്. ഭർത്താവ് രൺവീർ സിങ്, മാതാപിതാക്കളായ പ്രകാശ് പദുകോൺ, ഉജ്വല പദുകോൺ എന്നിവരും താരത്തിനൊപ്പം എത്തിയിരുന്നു.
ചടങ്ങിന് ശേഷം പ്രതിമയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യവേ ദീപിക രൺവീറിനോട് ചോദിച്ചു, “എന്ത് തോന്നുന്നു ഇത് കണ്ടിട്ട്?”. “വീട്ടിലേക്ക് കൊണ്ട് പോയാലോ?” എന്ന് രൺവീർ മറുപടിയും പറഞ്ഞു. രൺവീറിന്റെ അടുത്ത ചിത്രം ലണ്ടനിൽ ആണ് ചിത്രീകരിക്കുന്നത്. ആ സമയത്തു തന്നെ മിസ് ചെയ്യുകയാണെങ്കിൽ ഇവിടേയ്ക്ക് പോന്നാൽ മതി എന്നും ദീപിക കൂട്ടിച്ചേർത്തു.
ദീപിക പദുകോണിന്റെ ഇൻസ്റ്റാഗ്രാമിൽ ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങൾ അവർ ആരാധകർക്കായി പങ്കു വച്ചിരുന്നു.
ചൊവ്വാഴ്ച രാത്രിയാണ് ഇരുവരും മുംബൈ എയർപോർട്ടിൽ നിന്നും ലണ്ടനിലേക്ക് പറന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഗല്ലി’ ബോയിലെ റാപ്പർ ലുക്കിലായിരുന്നു രൺവീർ. ഇരുവരും മാധ്യമങ്ങൾക്ക് പ്രത്യേക ഫോട്ടോഷൂട്ടും അനുവദിച്ചു.