നടി ശ്രീദേവിയുടെ മരണം ആരാധകര്‍ക്ക് ഇന്നും അവിശ്വസനീയമായി തുടരുകയാണ്. സിനിമ ലോകം ഒന്നടങ്കം ഞെട്ടിയ മരണമായിരുന്നു നടി ശ്രീദേവിയുടേത്. ശ്രീദേവിയുടെ മരണം അപകട മരണമല്ല കൊലപാതകമാവാനാണ് സാധ്യതയെന്ന് അടുത്തിടെ അന്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധന്‍ ഡോ. ഉമാദത്തന്‍ തന്നോടു പറഞ്ഞിരുന്നതായി ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് വെളിപ്പെടുത്തയിരുന്നു.

എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂര്‍. ‘അത്തരം വിഡ്ഢി കഥകളോട് ഞാന്‍ പ്രതികരിക്കുന്നില്ല. ഇത്തരം വിഡ്ഢി കഥകള്‍ പ്രചരിക്കുന്നത് ഇനിയും തുടരും. ഇത് ഒരാളുടെ സങ്കല്‍പം മാത്രമാണ്,’ ബോണി കപൂര്‍ പറഞ്ഞു.

ദുബായില്‍ ബന്ധുവിന്റെ വിവാഹം കൂടാന്‍ പോയ ശ്രീദേവിയെ ഹോട്ടലിലെ കുളിമുറിയില്‍ ബാത് ടബ്ബിൽ മുങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഇത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നും വാദങ്ങള്‍ ഉയർന്നിരുന്നു. കൂടാതെ പ്രതിസ്ഥാനത്ത് നിന്നത് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായിരുന്ന ബോണി കപൂറായിരുന്നു. പിന്നീട് ഈ അഭ്യൂഹങ്ങളെല്ലാം തള്ളി ശ്രീദേവിയുടേത് അപകടമരണമാണെന്ന് ചൂണ്ടിക്കാട്ടി ദുബായ് പോലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു.

Read More: 25 വർഷങ്ങൾക്കുമുൻപ് ശ്രീദേവി നൽകിയ വാക്ക് നിറവേറ്റി ബോണി കപൂർ

ഹൃദയാഘാതം മൂലമാണ് ശ്രീദേവി മരിച്ചതെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍ എന്നാല്‍ ബാത് ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു എന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്.മരണകാരണം ശ്വാസകോശത്തില്‍ വെള്ളം കയറിയാണെന്നാണ് റിപ്പോര്‍ട്ട്. ബോധരഹിതയായി ബാത് ടബ്ബില്‍ വീണ് മുങ്ങി മരിക്കുകയായിരുന്നുവെന്ന് ദുബൈയ് പൊലീസ് പറഞ്ഞത്.

എന്നാൽ അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതകമാവാനാണ് സാധ്യതയെന്ന് ഡോ. ഉമാദത്തന്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് ഋഷിരാജ് സിംഗ് വ്യക്തമാക്കുന്നു. ‘ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാധ്യതയില്ല. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ എന്നാണ് ഉമാദത്തന്‍ പറഞ്ഞതെന്ന് ഋഷിരാജ് സിംഗ് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook