നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ബോളിവുഡ് താരങ്ങളും എത്തും. ലോക നേതാക്കളടക്കം പല മേഖലകളില്‍ നിന്നുളള 6000ത്തോളം പേര് ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. നടന് ഷാഹിദ് കപൂറും സംവിധായകന് സിദ്ധാര്‍ത്ഥ് റോയ് കപൂറും മുംബൈയിലെ കലിന വിമാനത്താവളത്തില്‍ നിന്നാണ് ഡല്‍ഹിയിലേക്ക് തിരിച്ചത്. വ്യാഴാഴ്ച രാവിലെ നടി കങ്കണാ റണാവത്തും ഡല്‍ഹിയിലേക്ക് തിരിച്ചു.
നടിയും ബിജെപി എംപിയും ആയ ഹേമ മാലിനിയും മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചു. വിവേക് ഒബ്റോയിയും ബൊമ്മന് ഇറാനിയും നേരത്തേ ഡല്‍ഹിയിലെത്തി. സംവിധായകന് കരണ്‍ ജോഹറും രാവിലെ വിമാനത്താവളത്തിലെത്തി ഡല്‍ഹിയിലേക്ക് തിരിച്ചു. മറ്റ് നിരവധി ബോളിവുഡ് താരങ്ങളും ചടങ്ങില്‍ പങ്കെടുക്കാനെത്തും.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി ലോക നേതാക്കള്‍ ഡൽഹിയിലെത്തി തുടങ്ങി. ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുൾ ഹമീദ്, ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന, നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ്മ ഒലി, മ്യാൻമർ പ്രസിഡന്റ് യു വിൻ മ്യിൻത്, ഭൂട്ടാൻ പ്രധാനമന്ത്രി ലോതേ സെറിങ് എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തും. വൈകീട്ട് ഏഴിന് രാഷ്ട്രപതി ഭവന് അങ്കണത്തില്‍ നടക്കുന്ന ചടങ്ങിനുള്ള എല്ലാം ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.
രാവിലെ രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും അടല്‍ സമാധിയിലെത്തി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കും നരേന്ദ്ര മോദി ആദരാജ്ഞാലികള്‍ അര്‍പ്പിച്ചു. ദേശീയ യുദ്ധസ്മാരകത്തിലെത്തി സൈനികര്‍ക്കും മോദി ആദരമര്‍പ്പിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, രവിശങ്കര്‍ പ്രസാദ്, മനേക ഗാന്ധി, സ്മൃതി ഇറാനി എന്നിവരും മോദിയെ അനുഗമിച്ചു.
സഹമന്ത്രിമാര്‍ ഉള്‍പ്പടെ 50-60 പേരാകും നരേന്ദ്ര മോദിക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. സഖ്യകക്ഷികളില്‍ നിന്ന് 8 മുതല്‍ പത്തുവരെ പേര്‍ക്ക് മന്ത്രിസ്ഥാനം കിട്ടിയേക്കും. കഴിഞ്ഞ മന്ത്രിസഭയിലെ പ്രമുഖരായ രവിശങ്കര്‍ പ്രസാദ്, നരേന്ദ്ര സിങ് തോമസ്, അര്ജുന് റാം മേഘാല്‍, ധര്‍മേന്ദ്ര പ്രധാന്, പ്രകാശ് ജാവേദ്കര്, സ്മൃതി ഇറാനി, അനുപ്രിയ പട്ടേല്‍ എന്നിവര്‍ മന്ത്രിമാരായി തുടരും.
പാര്‍ട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ മന്ത്രിസഭയിലേക്ക് കടന്നുവരുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്നതിനാല്‍ അദ്ദേഹം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തന്നെ തുടര്‍ന്നേക്കും. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രിസഭയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച അരുണ്‍ ജെയ്റ്റ്ലിയെ പിന്തിരിപ്പിക്കാന് നരേന്ദ്ര മോദി ഇന്നലെ അദ്ദേഹവുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു.
തായ്ലൻഡിൽ നിന്ന് പ്രത്യേക പ്രതിനിധിയായി ഗ്രിസാദ ബൂൻറാച്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നാത്, കിർഗിസ്ഥാൻ പ്രസിഡന്റ് സൂറോൻബേ ജീൻബെകോവ് എന്നിവരും ചടങ്ങിനെത്തുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. സത്യപ്രതിജ്ഞാ വൈകീട്ട് ആറര മുതല്‍ എല്ലാ ദൂരദര്ശന് ചാനലുകളിലും തത്സമയം സംപ്രേക്ഷണം ചെയ്യും. രാഷ്ട്രപതി ഭവന്റെ മുന്നില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ആറാമത്തെ പ്രധാനമന്ത്രി കൂടിയാണ് നരേന്ദ്ര മോദി. സാധാരണ ധര്‍ബാര്‍ ഹാളിലാണ് ചടങ്ങുകള്‍ നടത്താറുള്ളത്.