സമീപകാലത്ത് ബോളിവുഡില്‍ ഏറ്റവും ശ്രദ്ധേയനായ താരമാണ് ആയുഷ്മാന്‍ ഖുറാന. ബോളിവുഡിലെ സ്ഥിരം കഥകളില്‍ നിന്നും വ്യത്യസ്തമായ പ്രമേയങ്ങള്‍ തിരഞ്ഞെടുക്കുന്നുവെന്നതാണ് ആയുഷ്മാനെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയകനാക്കുന്നത്. ആയുഷ്മാന്റെ ഏറ്റവും പുതിയ ചിത്രമായ ആര്‍ട്ടിക്കിള്‍ 15 ന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. ഇസ്ലാമോഫോബിയയെ കുറിച്ച് സംസാരിച്ച മുല്‍ക്ക് എന്ന ചിത്രത്തിന് ശേഷം അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 15 രാജ്യത്തെ ജാതി വ്യവ്‌സഥയെ കുറിച്ചാണ് പറയുന്നത്.

രണ്ട് ദളിത് പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നതും തുടര്‍ന്ന് ആ കേസ് അന്വേഷിക്കാനായി അയാന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ നേരിടുന്ന വെല്ലുവിളികളിലൂടെയുമാണ് ചിത്രം കടന്നു പോകുന്നത്. കേസ് അന്വേഷണത്തിന്റെ വഴികളില്‍ ജാതി വിവേചനം എത്രമാത്രം ആഴത്തില്‍ വേരൂന്നിയതാണെന്ന് ചിത്രം പറഞ്ഞു പോകുന്നു. ട്രെയിലറില്‍ ജാതി വ്യവ്‌സഥയെ വിമര്‍ശിക്കുന്നതും രാജ്യത്ത് സമീപ കാലത്ത് നടന്ന ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ കടന്നു വരുന്നുമുണ്ട്.

ഉത്തര്‍പ്രദേശിലെ ബദൗനില്‍ 2014 ല്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് അനുഭവ് സിന്‍ഹ ആര്‍ട്ടിക്കിള്‍ 15 ഒരുക്കിയിരിക്കുന്നത്.

ശുഭ് മംഗള്‍ സാവ്ധാന്‍, അന്ധാദുന്‍, ബദായിഹോ എന്നിവയുടെ ഹാട്രിക് വിജയങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന ആയുഷ്മാന്‍ ചിത്രമാണ് ആര്‍ട്ടിക്കിള്‍ 15. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 15-ല്‍ പറയുന്ന ജാതി, മതം, വര്‍ഗ്ഗം, ലിംഗം, ജനനസ്ഥലം തുടങ്ങിയവയുടെ പേരില്‍ വേര്‍തിരിച്ച് കാണാതിരിക്കാനുള്ള അവകാശം, മൗലിക സ്വാതന്ത്ര്യങ്ങള്‍ തുടങ്ങിയവ പരാമര്‍ശിച്ചുകൊണ്ടുള്ള ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്.

ആയുഷ്മാന്‍ ഖുറാന ആദ്യമായി കാക്കിയണിയുന്ന ചിത്രം കൂടിയാണ് ആര്‍ട്ടിക്കിള്‍ 15. ലുക്കിലും വലിയ മാറ്റം ചിത്രത്തില്‍ കാണാം. തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന ചിത്രം എന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും ഈ ചിത്രത്തെകാത്തിരിക്കുന്നത്.

മുൽക് എന്ന ചിത്രത്തിന്റെ സംവിധായകൻ അനുഭവ് സിൻഹയാണ് ആർട്ടിക്കിൾ 15 സംവിധാനം ചെയ്യുന്നത് എന്നതും പ്രതീക്ഷ ഉയർത്തുന്ന വസ്തുതയാണ്.ഇഷ തല്‍വാര്‍, മനോജ് പഹ്വാ, സയാനി ഗുപ്ത, കുമുദ് മിശ്ര, മോഹ്ദ് സീശന്‍ അയ്യുബ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനുഭവ് സിന്‍ഹയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ജൂണ്‍ 28ന് തിയേറ്ററുകളിലെത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook