/indian-express-malayalam/media/media_files/uploads/2019/06/bachan-BeFunky-collage_0.jpeg)
ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം. ബച്ചന്റെ ട്വിറ്റർ ഹാൻഡിലിന്റെ പ്രൊഫൈൽ ചിത്രവും ഹാക്കേഴ്സ് മാറ്റി. ബച്ചന്റെ ചിത്രത്തിനു പകരം പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രമാണ് പ്രൊഫൈലായി നൽകിയിരിക്കുന്നത്
'പാക്കിസ്ഥാനെ സ്നേഹിക്കൂ..' തുടങ്ങിയ ട്വീറ്റുകളും പേജിൽ പൊടുന്നനെ പ്രത്യക്ഷപ്പെട്ടിരുന്നു. മതസ്പർധ വളർത്തുന്ന രീതിയിലുള്ള ട്വീറ്റുകളും ഹാക്കേഴ്സ് ട്വിറ്റർ സന്ദേശമായി കുറിച്ചിരുന്നു. 'തുര്‍ക്കി ഫുട്ബോളര്‍മാര്‍ക്ക് നേരെയുള്ള ഐസ്ലന്ഡിന്റെ മനോഭാവത്തില്‍ പ്രതിഷേധിക്കുന്നു. ഞങ്ങള്‍ വളരെ സൗമ്യമായാണ് സംസാരിക്കുന്നത്. എന്നാല്‍ വലിയൊരു സൈബര്‍ ആക്രമണത്തിന്റെ മുന്നറിയിപ്പ് നല്‍കുകയാണ് ഇവിടെ," എന്നതായിരുന്നു മറ്റൊരു ട്വീറ്റ്.
അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് മുംബൈ പൊലീസ് സ്ഥിരീകരിച്ചു. അന്വേഷണം മഹാരാഷ്ട്ര പൊലീസ് സൈബര്‍ യൂണിറ്റ് ഏറ്റെടുത്തു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
Read More: ബിജെപിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു
അക്കൗണ്ടിന്റെ കവർ ചിത്രവും ഹാക്കർമാർ മാറ്റി. ഐൽദിസ് തിം എന്ന പേരും ഒപ്പം അവരുടെ ചിഹ്നവും കഴുകന്റെ ചിത്രവുമാണ് കവർ ചിത്രമായി നൽകിയത്. ഹാക്ക് ചെയ്യപ്പെട്ടെന്ന് മനസിലായി നിമിഷങ്ങൾക്കകം ബച്ചന്റെ ട്വിറ്റർ ആക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ടു. നേരത്തെ, നടൻ ഷാഹിദ് കപൂറിന്റെ ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അമിതാഭ് ബച്ചന്റെ അക്കൗണ്ട് ഇപ്പോള്‍ വീണ്ടെടുത്തിട്ടുണ്ട്. പുതിയ ഡിസ്പ്ലേ ഫോട്ടോയും ബയോ ആയി ഹരിവംശറായ് ബച്ചന്റെ കവിതയും ചേര്‍ത്തിട്ടുണ്ട്.
മുമ്പും ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അന്ന് അദ്ദേഹം തന്നെ ഇത് സ്ഥിരീകരിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.'എന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ചില അശ്ലീല സൈറ്റുകള്‍ ഫോളോ ചെയ്തിരിക്കുന്നു. ആരാണോ ഇത് ചെയ്തത്, സുഹൃത്തേ.. മറ്റാരെയെങ്കിലും നോക്കൂ, എനിക്കത് ആവശ്യമില്ല,' എന്ന് അമിതാഭ് ട്വീറ്റ് ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.