/indian-express-malayalam/media/media_files/uploads/2023/10/Arjun-Kapoor-Malaika-Arora.jpg)
മലൈകയ്ക്ക് ജന്മദിനാശംസകൾ നേർന്ന് അർജുൻ കപൂർ
മലൈക അറോറയും അർജുൻ കപൂറും വേർപ്പിരിഞ്ഞെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനിടയിൽ, തന്റെ ഗേൾഫ്രണ്ട് മലൈകയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് ബോളിവുഡ് താരം അർജുൻ കപൂർ.
ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പം സ്നേഹം തുളുമ്പുന്ന കുറിപ്പും അർജുൻ പങ്കുവച്ചിട്ടുണ്ട്. "ഹാപ്പി ബർത്ത്ഡേ ബേബി. ഈ ചിത്രം നമ്മളാണ്. നീ പുഞ്ചിരിയും സന്തോഷവും വെളിച്ചവും പകരുന്നു, പ്രശ്നങ്ങൾക്കിടിലും ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാവും."
'നിന്നെ സ്നേഹിക്കുന്നു' എന്നാണ് കമന്റിലൂടെ മലൈക അർജുന് മറുപടി നൽകിയിരിക്കുന്നത്.
ഏറെ നാളുകളായി അടുപ്പത്തിലാണ് അർജുൻ കപൂറും മലൈക അറോറയും. ഇരുവരും ജീവിതത്തിലെ പ്രധാനപ്പെട്ട ദിനങ്ങളൊക്കെ ഒരുമിച്ചാണ് ആഘോഷിക്കാറുള്ളത്. കുറച്ച് മാസങ്ങൾക്ക് മുമ്പ്, മലൈക തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്ക് വച്ച പോസ്റ്റ് ഇരുവരും വേർപിരിയാൻ സാധ്യതയുണ്ടെന്ന ഗോസിപ്പുകൾക്ക് വഴിവച്ചിരുന്നു. അതിനെ തുടർന്ന് ഇരുവരും വേർപിരിഞ്ഞെന്ന രീതിയിൽ വാർത്തകളും പ്രചരിച്ചു.
നടിയും ഇൻഫ്ലുവൻസറുമായ കുഷ കപിലയുമായി അർജ്ജുൻ ഡേറ്റിംഗിലാണെന്നും ആരാധകർക്കിടയിൽ ഊഹാപോഹങ്ങളുണ്ടായിരുന്നു. എന്നാൽ, അർജ്ജുന്റെ പുതിയ പോസ്റ്റ് എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിടുകയാണ്.
മലൈകയുടെ 49-ാം ജന്മദിനമാണിന്ന്. "ഒരു വർഷം കൂടി കഴിയുകയും എനിക്ക് 48 വയസ്സ് തികയുകയും ചെയ്യുമ്പോൾ, സമാധാനത്തിനും, എന്റെ പ്രിയപ്പെട്ടവർക്കും, ശാന്തതയ്ക്കും ഞാൻ നന്ദിയുള്ളവളാണ്. ഇവിടെ ഇരിക്കുമ്പോൾ, ഓരോ നിമിഷവും മൃദുലമായി ചെവിയിൽ മന്ത്രിക്കുന്നത് പോലെ തോന്നുന്നു. അതെന്നെ സ്വയംകണ്ടെത്തുന്നതിനും ആന്തരിക ശക്തിയിലേക്കും നയിക്കുന്നു. ഇളംകാറ്റിന്റെ ശബ്ദവും, പുതിയ തുടക്കങ്ങളെ കുറിച്ചു വാഗ്ദാനം ചെയ്യുന്ന മാസ്മരിക സൂര്യാസ്തമയങ്ങളും, എന്റെ ജീവിതം മനോഹരമാക്കിയ ആളുകളുടെ ഊഷ്മളതയും കൂടെയുണ്ട്. ഒരിക്കൽ കൂടി, എനിക്ക് ലഭിച്ച ജീവിതത്തോട് നന്ദി പറയുന്നു, വരാനിരിക്കുന്ന ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷ പങ്കുവയ്ക്കുന്നു. എനിക്ക് ജന്മദിനാശംസകൾ നേരുന്നു!", മലൈക കുറിച്ചു.
മലൈക നേരത്തെ നടൻ അർബാസ് ഖാനെ വിവാഹം കഴിച്ചിരുന്നു. 1998-ലാണ് മലൈകയും അർബ്ബാസും വിവാഹിതരായത്. ഈ ബന്ധത്തിൽ മലൈകയ്ക്ക് അർഹാൻ എന്നൊരു മകനുണ്ട്. 2017ൽ അർബാസ് ഖാനും മലൈകയും വിവാഹമോചനം നേടി. ഇതിനുശേഷമാണ് അർജുനും മലൈകയും പ്രണയത്തിലാവുന്നത്, 2019 ജൂൺ 26ന് അർജുനും മലൈകയും തങ്ങളുടെ പ്രണയം ലോകത്തോട് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
49കാരിയായ മലൈക അറോറയും 37കാരനായ അർജുൻ കപൂറും തമ്മിലുള്ള പ്രണയം ബോളിവുഡിലും ഇരുവരുടെയും കുടുംബങ്ങളിലും ആദ്യകാലത്തുണ്ടാക്കിയ കോളിളക്കങ്ങൾ ചില്ലറയല്ല. ബോളിവുഡിലെ തന്നെ ഏറ്റവും പ്രശസ്ത കുടുംബങ്ങളായ ഖാൻ ഫാമിലിയിലും കപൂർ ഫാമിലിയിലും ഈ ബന്ധം അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ, കോളിളക്കങ്ങളെയും അസ്വാരസ്യങ്ങളെയുമെല്ലാം മറികടന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡേറ്റിംഗ് തുടരുകയാണ് അർജുനും മലൈകയും. അർജുനെക്കാളും പ്രായത്തിൽ 12 വയസ്സിന് മൂത്തതാണ് മലൈക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.