അസമിലെ പ്രളയത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് തങ്ങളാല്‍ കഴിയുന്ന സംഭാവന എല്ലാവരും നല്‍കണമെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. പുതിയ ചിത്രമായ മിഷന്‍ മംഗളിന്റെ ട്രെയിലര്‍ ലോഞ്ച് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസമിന് രണ്ട് കോടി രൂപ നല്‍കുമെന്നാണ് അക്ഷയ് കുമാര്‍ പ്രഖ്യാപിച്ചത്.

അസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു കോടി രൂപയും കസിരംഗ നാഷണല്‍ പാര്‍ക്കിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി ഒരു കോടി രൂപയുമാണ് അക്ഷയ് കുമാര്‍ നല്‍കിയത്. സംഭാവനയെ കുറിച്ച് പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകയോട് ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘മാഡം, എന്റെ കൈയില്‍ ഒരുപാട് പൈസയുണ്ട് (ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു). അസമില്‍ വെളളത്തിലൂടെ ജനങ്ങള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ ചിത്രങ്ങള്‍ ഞാന്‍ കണ്ടു. കുട്ടിയെ എടുത്ത് കൊണ്ട് രക്ഷിതാക്കള്‍ വെളളത്തിലൂടെ പോകുന്നു. അത്തരം ദുരിതങ്ങള്‍ ഇല്ലാത്തതില്‍ നമ്മള്‍ എത്രയോ ഭാഗ്യവാന്മാരാണ്. ഇത് എനിക്കോ എന്റെ കുടുംബത്തിനോ ചിലപ്പോള്‍ സംഭവിച്ചേക്കാമെന്ന് ഞാന്‍ ഭയപ്പെട്ട് പോയി,’ അക്ഷയ് കുമാര്‍ പറഞ്ഞു.

Read More: ‘അക്ഷയ് സാര്‍ എന്നും ഭക്ഷണം എടുത്ത് തരും’; ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് നിത്യ മേനന്‍

കഴിയുന്നത്രയും ആളുകള്‍ അസമിനെ സഹായിക്കണമെന്നും ട്വീറ്റ് ചെയ്തത് കൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അസമില്‍ ഉണ്ടായ പ്രളയം വന്‍ നാശനഷ്ടമാണ് വരുത്തിവെച്ചത്. കനത്ത മഴയ്യില്‍ നദികള്‍ കരകവിഞ്ഞ് ഒഴുകിയതാണ് പ്രളയം രൂക്ഷമായത്. 15 പേരുടെ ജീവനാണ് പ്രളയം കവര്‍ന്നത്.

4,175 ഗ്രാമങ്ങളെ പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. 90,000 ഹെക്ടര്‍ കൃഷിഭൂമിയും നശിച്ചു. 10 ലക്ഷത്തോളം മൃഗങ്ങളെയും പ്രളയം ബാധിച്ചു. കസിരംഗ നാഷണല്‍ പാര്‍ക്കിന്റെ തൊണ്ണൂറു ശതമാനം ഭാഗത്തെയും പ്രളയം ബാധിച്ചിട്ടുണ്ട്.

വെള്ളപ്പൊക്കത്തിന്‍റെ ദുരിതം മനുഷ്യരെപ്പോലെ മൃഗങ്ങളെയും ബാധിക്കുകയാണ്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ അത് സൂചിപ്പിക്കുന്ന ഒരു ഫോട്ടോ വൈറലായിരുന്നു. കാസിരംഗ പാര്‍ക്കില്‍ നിന്ന് പുറത്ത് കടന്ന ഒരു ബംഗാള്‍ കടുവ ഒരു കടയ്‍ക്കുള്ളിലെ മെത്തയില്‍ വിശ്രമിക്കുന്നതാണ് ഫോട്ടോ.

പ്രളയം ജീവികളെ ബാധിക്കുന്നത് എങ്ങനെയെന്നതിന് തെളിവാണ് ഈ ഫോട്ടോ. കാസിരംഗ പാര്‍ക്കിന്‍റെ പ്രാന്തപ്രദേശത്ത് ഹര്‍മോതി എന്ന സ്ഥലത്ത് ഒരു ചെറിയ കടയിലാണ് കടുവയെ കണ്ടെത്തിയത്. മൃഗസംരക്ഷക സംഘടന വൈല്‍ഡ്‍ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്‍തതോടെ വ്യാപകമായി ഇത് ഷെയര്‍ ചെയ്യപ്പെട്ടു.

നമുക്ക് ഒരു അപരിചിതനായ അതിഥിയുണ്ട്. ഒരു വീടിനുള്ളില്‍ വിശ്രമിക്കുകയാണ് കടുവയെന്നാണ് സംഘടന ഫോട്ടോയ്‍ക്ക് നല്‍കിയ അടിക്കുറിപ്പ്. അസം വനംവകുപ്പുമായി ചേര്‍ന്ന് ഡബ്ല്യുടിഐയുടെ മൃഗഡോക്ടര്‍ കടുവയെ മയക്കാന്‍ മരുന്ന് നല്‍കുമെന്നാണ് ഡ്ബ്ല്യുടിഐ ട്വീറ്റ് ചെയ്‍തത്. അസമില്‍ വെള്ളപ്പൊക്കത്തില്‍ കഷ്‍ടപ്പെടുന്ന മൃഗങ്ങളെ സംരക്ഷിക്കാന്‍ നേതൃത്വം നല്‍കുന്നത് ഡബ്ല്യുടിഐ ആണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook