പ്രമുഖ ടെലിവിഷൻ ഷോയായ ‘സാരാഭായ് വേഴ്സസ് സാരാഭായി’ലൂടെ ശ്രദ്ധ നേടിയ താരം വൈഭവി ഉപാധ്യായ അന്തരിച്ചു. ചൊവ്വാഴ്ച്ച നടന്ന റോഡ് അപകടത്തിലായിരുന്നു അന്ത്യം.
‘സാരാഭായ് വേഴ്സസ് സാരാഭായ്’ യുടെ സംവിധായകനായ ജെ ബി മജേതിയയാണ് വൈഭവിയുടെ വേർപാടിന്റെ വാർത്ത പുറത്തുവിട്ടത്. “പ്രവചനാതീതമായ ഒന്നാണ് ജീവിതം. സാരാഭായ് വേഴ്സസ് സാരാഭായിൽ ജാസ്മിൻ എന്ന കഥാപാത്രമായെത്തിയ വൈഭവി ഉപാധ്യായ അന്തരിച്ചു. ഒരു റോഡ് അപകടത്തിലൂടെയാണ് വൈഭവി മരണമടഞ്ഞത്. നാളെ രാവിലെ 11 മണിക്ക് മുംബൈയിൽ വച്ച് അന്ത്യ കർമ്മങ്ങൾ നടക്കും.”
തന്റെ പ്രതിശ്രുത വരനൊപ്പം ഹിമാലചൽ പ്രദേശിലേക്കുള്ള യാത്രയിലായിരുന്നു വൈഭവിയെന്നും വളവിൽ വച്ച് കാറിന്റെ നിയന്ത്രണ വിട്ടാണ് അപകടം സംഭവിച്ചതെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. വാർത്ത അറിഞ്ഞ ഉടൻ വൈഭവിയുടെ സഹോദരൻ ഹിമാചലിൽ എത്തി.
താരത്തിന്റെ വേർപാടിലുള്ള ഞെട്ടലിലാണ് നടനും സംവിധായകനുമായ ദേവൻ ഭോജാനി. വൈഭവിയുടെ ചിത്രം പങ്കുവച്ച് അദ്ദേഹവും സോഷ്യൽ മീഡിയയിൽ വാർത്ത പങ്കുവച്ചിരുന്നു.
“ഇതു ന്യായമായ കാര്യമല്ല, അവർ പെട്ടെന്ന് പോയി. എനിക്കിത് വിശ്വസിക്കാനാകുന്നില്ല” എന്നാണ് ഇതേ പരമ്പരയിലെ മറ്റൊരു താരമായ രുപാലി ഗാംഗുലി കുറിച്ചത്.
ആയുഷ് മെഹ്തയുടെ വെബ് സീരീസായ പ്ലീസ് ഫയിൻഡ് അറ്റാച്ച്ഡ്, ക്യാ ഖസൂർ ഹേ അംല കാ, ചാപ്പക്ക് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.