ക്യാമറ ഓണ്‍ ചെയ്യുമ്പോള്‍ അമ്മ മറ്റൊരാളാകുമായിരുന്നു എന്ന് ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍. ശ്രീദേവിയുടെ സിനിമയിലേക്കുള്ള തിരിച്ചു വരവ് ചിത്രമായ ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ ചിത്രീകരണത്തിനിടെ നടന്ന ഒരു സംഭവം അനുസ്‌മരിക്കുകയായിരുന്നു ജാന്‍വി.

“ഷൂട്ടിങ് ലൊക്കേഷനില്‍ ഞങ്ങളും ഉണ്ടായിരുന്നു. എനിക്കായി കൊണ്ട് വച്ച സൂപ്പ് കുടിക്കാത്തത്തിനോ മറ്റോ എന്നോട് ദേഷ്യപ്പെടുകയായിരുന്നു അമ്മ. പെട്ടന്നാണ് ഷോട്ട് റെഡി എന്ന് പറഞ്ഞത്. അതുവരെ കണ്ട അമ്മയായിരുന്നില്ല ആ നിമിഷം മുതല്‍.  പൊസിഷനില്‍ പോയി നിന്ന് മറ്റൊരാളായി മാറിയ അമ്മയെക്കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ഞാന്‍ ഒരാള്‍ അവിടെയുണ്ട് എന്ന കാര്യം തന്നെ അമ്മ മറന്നു പോയത് പോലെ.”, തന്റെ ആദ്യ ചിത്രമായ ‘ധടക്’ പ്രചരണവുമായി ബന്ധപ്പെട്ട് ഇന്ത്യാ ടുഡേയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ ജാന്‍വി കപൂര്‍ പറഞ്ഞു.

വായിക്കാം: ഖുഷിയുടെ ആനന്ദ കണ്ണീർ തുടച്ച് ജാൻവി കപൂർ

Janhvi Kapoor Favaourite Female LEads

അമ്മയുടെ സിനിമാ പോസ്റ്ററിന് മുന്നില്‍ ജാന്‍വി

ക്യാമറയ്‌ക്ക് മുന്നില്‍ ഒരിക്കലും അഭിനയിക്കരുത് എന്ന് അമ്മ ഉപദേശിച്ചിരുന്നതായും ജാന്‍വി ഓര്‍മ്മിച്ചു.

“ക്യാമറ വളരെ സ്‌മാര്‍ട്ട്‌ ആണ്. നമ്മുടെ ഉള്ളില്‍ ഉള്ളതെല്ലാം അതുപോലെ പിടിച്ചെടുക്കും. അതുകൊണ്ട് അഭിനയിക്കുമ്പോള്‍ നമ്മുടെ മനസ്സ് വളരെ ശുദ്ധമായിരിക്കണം”, എന്ന് സിനിമയിലേക്ക് ചുവടു വയ്‌ക്കും മുന്‍പ് ശ്രീദേവി മകളോട് പറഞ്ഞിരുന്നുവത്രേ.

അമ്മയുടെ എത്ര സിനിമകള്‍ കണ്ടിട്ടുണ്ട് എന്ന ചോദ്യത്തിന്, വളരെ കുറച്ചു ചിത്രങ്ങള്‍ എന്നാണ് ജാന്‍വി മറുപടി പറഞ്ഞത്.

“ധാരാളം ചിത്രങ്ങള്‍ ചെയ്‌തിട്ടുള്ള ആളാണ് അമ്മ. എന്നാല്‍ അതില്‍ വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. ഏറ്റവും പുതിയ ചിത്രങ്ങളായ ‘മോം’, ‘ഇംഗ്ലീഷ് വിംഗ്ലീഷ്’, എന്നിവ കൂടാതെ ‘സദ്മ’, ‘മിസ്റ്റര്‍ ഇന്ത്യ’, ‘രൂപ്‌ കി റാണി ചോരോന്‍ കാ രാജ’ എന്നീ സിനിമകള്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. അതില്‍ ഏറ്റവും ഇഷ്‌ടം ‘സദ്മ’യാണ്.

 

അതിലെ അവസാന രംഗത്തില്‍ അമ്മ അവതരിപ്പിക്കുന്ന കഥാപാത്രം കമല്‍ഹസനെ തിരിച്ചറിയുന്നില്ല. അത് കണ്ടു ദേഷ്യവും സങ്കടവും വന്നിട്ട് ഞാന്‍ അമ്മയോട് രണ്ടു ദിവസം സംസാരിക്കാതെയിരുന്നിട്ടുണ്ട്. എത്രയും സ്‌നേഹിക്കുന്ന ഒരാളെ കണ്ടിട്ട് എങ്ങനെ മനസ്സിലാവാതിരിക്കും എന്ന് ചോദിച്ചിട്ട്…”

ശ്രീദേവി അഭിനയച്ചതില്‍ ഏറ്റവും മികച്ച ചിത്രം എന്നത് കൂടാതെ ‘സദ്മ’യെ ഇഷ്‌ടപ്പെടാന്‍ വേറെയും കാരണമുണ്ട് തനിക്കെന്നും ജാന്‍വി ഇന്ത്യാ ടുഡേ അഭിമുഖത്തില്‍ പറയുന്നു.

“സാധാരണ എല്ലാ ചിത്രങ്ങളിലും അമ്മയുടെ കഥാപാത്രമാവും കരയുക. ഇതില്‍ സന്തോഷമുള്ള ഒരമ്മയെയാണ് കാണാന്‍ കഴിയുക. സ്ക്രീനില്‍ ആണെങ്കില്‍ പോലും അവര്‍ കരയുന്നതോ അവരെ ആരെങ്കിലും ഉപദ്രവിക്കുന്നതോ കാണാന്‍ കഴിയില്ല എനിക്ക്. വലിയ സങ്കടമുണ്ടാക്കും അത്.”

ദേശീയ അവാര്‍ഡ് നേടിയ മറാഠി ചിത്രമായ ‘സൈറത്തി’ന്റെ ബോളിവുഡ് പതിപ്പാണ് ‘ധടക്’. ശശാങ്ക് ഖെയ്‌താന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കരണ്‍ ജോഹറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ്. ഇഷാന്‍ ഖട്ടറാണ് ചിത്രത്തിലെ നായകന്‍. ജാന്‍വിയുടെ ആദ്യ ചിത്രം എന്ന പോലെ ഇഷാന്‍ ഖട്ടറിന്റെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘ധടക്’.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ