ന്യൂഡൽഹി: യാത്രാവിവരം ആരോഗ്യപ്രവർത്തകരെ അറിയിക്കുന്നതിൽ വീഴ്ച വരുത്തുകയും സമ്പർക്ക വിലക്ക് ലംഘിച്ച് പാർട്ടിയിൽ പങ്കെടുക്കുകയും ചെയ്ത ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ പൊലീസ് കേസെടുത്തു. ഇന്നലെയാണ് കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചത്. കനിക കപൂർ അടക്കമുള്ള നാലുപേർക്കാണ് ഇന്നലെ ഉത്തർപ്രദേശിൽ കോവിഡ് 19 സ്ഥിരീകരിച്ചത്.

ലണ്ടൻ യാത്ര കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ കനിക സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടി സംഘടിപ്പിച്ചിരുന്നു. കനികയുടെ പരിപാടികൾ പങ്കെടുത്ത ബിജെപി നേതാവ് വസുന്ധര രാജെസിന്ധ്യ, എംപിമാരായ ദുഷ്യന്ത് സിങ്, ഡെറിക് ഒബ്രിയാൻ എന്നിവർ നിരീക്ഷണത്തിലാണ്.

നാലു ദിവസമായി പനിയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നെന്നും പരിശോധനയിൽ കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നെന്നും കനിക പത്രക്കുറിപ്പിൽ പറയുന്നു. താനും കുടുംബവും പൂർണമായും സമ്പർക്ക വിലക്കിലാണെന്നും ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരമായിരിക്കും തുടർന്നുള്ള നടപടികളെന്നും കനിക പറയുന്നു.

Read more: ഇഡ്രിസ് എൽബയ്ക്കും ഇന്ദിര വർമയ്ക്കും കോറോണ

കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്തിടപഴകിയവരുടെ പട്ടികയും റൂട്ട് മാപ്പും വൈകാതെ പ്രസിദ്ധീകരിക്കുമെന്നും ഗായിക ഇന്നലെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ലഖ്നൗവിലെ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഐസലേഷൻ വാർഡിലാണ് കനിക ഇപ്പോൾ ഉള്ളത്.

സണ്ണി ലിയോൺ അഭിനയിച്ച രാഗിണി ‘എംഎംഎസ് 2’ലെ ‘ബേബി ഡോൾ’ എന്ന ഗാനമാണ് കനികയെ പ്രശസ്തയാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook