ബോളിവുഡ് ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചു. ലഖ്‌നൗ സ്വദേശിയാണ് കനിക കപൂർ. ഇന്നാണ് കനിക കപൂർ അടക്കമുള്ള നാലുപേർക്ക് ഉത്തർപ്രദേശിൽ കോവിഡ് 19 സ്ഥിതീകരിച്ചത്. ലണ്ടനിൽ നിന്നും അടുത്തിടെ തിരിച്ചെത്തിയതേയുള്ളൂ കനിക. നാട്ടിൽ തിരിച്ചെത്തിയ കനിക സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പാർട്ടിയിൽ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കനികയുമായി അടുത്ത് ഇടപഴകിയവർക്ക് സമ്പർക്ക വിലക്ക് ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് അധികൃതർ.

നാലു ദിവസമായി പനിയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നെന്നും പരിശോധനയിൽ കോവിഡ് 19 സ്ഥിതീകരിക്കുകയായിരുന്നെന്നും കനിക പത്രക്കുറിപ്പിൽ പറയുന്നു. താനും കുടുംബവും പൂർണമായും സമ്പർക്ക വിലക്കിലാണെന്നും ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരമായിരിക്കും തുടർന്നുള്ള നടപടികളെന്നും കനിക പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്തിടപെഴകിയവരുടെ പട്ടികയും റൂട്ട് മാപ്പും വൈകാതെ പ്രസിദ്ധീകരിക്കുമെന്നും ഗായിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. കനികയെ ഇപ്പോൾ ലഖ്നൗവിലെ കിങ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യാത്രാവിവരങ്ങൾ ആരോഗ്യപ്രവർത്തകരെ അറിയിക്കുന്നതിൽ കനിക വീഴ്ച വരുത്തിയതും സ്വയം സമ്പർക്ക വിലക്ക് സ്വീകരിക്കാതെ ഇരുന്നതും അധികൃതർക്കും ആരാധകർക്കും അതൃപ്തി ഉണ്ടാക്കുന്നുണ്ട്. ഗായിക ചെയ്തത് ശരിയായില്ല എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ആരാധകർ പ്രതികരണങ്ങൾ രേഖപ്പെടുത്തുന്നുമുണ്ട്. സണ്ണി ലിയോൺ അഭിനയിച്ച രാഗിണി ‘എംഎംഎസ് 2’ലെ ‘ബേബി ഡോൾ’ എന്ന ഗാനമാണ് കനികയെ പ്രശസ്തയാക്കിയത്.

Read more: ഇഡ്രിസ് എൽബയ്ക്കും ഇന്ദിര വർമയ്ക്കും കോറോണ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook