ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ നായികയായി അഭിനയിച്ച ആദ്യ ചിത്രം ‘ധടക്’ ഇന്നലെ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ ബോളിവുഡ് വീണ്ടും ശ്രീദേവിയുടെ ഓര്‍മ്മകളിലേക്ക് മടങ്ങിപ്പോയി. ജാന്‍വിയെക്കുറിച്ച് നല്ല പറയുമ്പോഴെല്ലാം സിനിമാക്കാര്‍ ഓര്‍ത്തതും അഭിനന്ദിച്ചതും ശ്രീദേവിയെത്തന്നെ.

Dhadak Reactions

“ശ്രീദേവി, ജാന്‍വിയുടെ അരങ്ങേറ്റം കാണാന്‍ നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോവുകയാണ്. ഒരു താരം ജനിച്ചതില്‍ നിങ്ങള്‍ അഭിമാനിക്കുമായിരുന്നു”, എന്നാണ് ശ്രീദേവിയ്ക്കൊപ്പമുള്ള ഒരു ചിത്രം പങ്കു വച്ച് കൊണ്ട് ശബാന ആസ്മി കുറിച്ചത്.

Shabana Azmi Dhadak Tweet

ഈ ചിത്രത്തിനെ ബോളിവുഡ് പ്രതീക്ഷയോടു കൂടി ഉറ്റു നോക്കുന്നത് രണ്ടു കാരണങ്ങള്‍ കൊണ്ടാണ്. ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ സിനിമാ അരങ്ങേറ്റമാണ് ഈ ചിത്രം എന്നതും, ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഖട്ടര്‍ ഹിന്ദി സിനിമയിലേക്ക് ചുവടു വയ്ക്കുന്നു എന്നതുമാണത്.  ദേശീയ അവാര്‍ഡ് നേടിയ മറാഠി ചിത്രമായ ‘സൈറത്തി’ന്റെ ബോളിവുഡ് പതിപ്പാണ് ‘ധടക്’. ശശാങ്ക് ഖെയ്‌താന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കരണ്‍ ജോഹറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ്.

ജാന്‍വി ഈ ചിത്രത്തിന് വേണ്ടി ഷൂട്ടിങ് ചെയ്തു കൊണ്ടിരിക്കെയാണ് ശ്രീദേവി അപ്രതീക്ഷിതമായി വിട പറഞ്ഞത്. അമ്മയുടെ മരണം ഏല്‍പ്പിച്ച ആഘാതത്തിലും തളരാതെ ജാന്‍വി തന്റെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ഭംഗിയാക്കി എന്നാണു അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്.

തന്റെ ആദ്യ ചിത്രം ജാൻവി സമര്‍പ്പിച്ചിരിക്കുന്നതും ശ്രീദേവിയ്ക്ക് തന്നെ. “I love you Mom. This is and always was, for you”, ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡുകളില്‍ ഒന്നില്‍ ജാന്‍വി ഇങ്ങനെ കുറിച്ചു.

Read More: ആദ്യ ചിത്രം അമ്മയ്‌ക്ക് സമര്‍പ്പിച്ച്‌ ജാന്‍വി

ക്യാമറയ്‌ക്ക് മുന്നില്‍ ഒരിക്കലും അഭിനയിക്കരുത് എന്ന് അമ്മ ഉപദേശിച്ചിരുന്നതായും ചിത്രവുമായി ബന്ധപ്പെട്ടു നടന്ന ഒരു അഭിമുഖത്തില്‍  ജാന്‍വി ഓര്‍മ്മിച്ചു.

“ക്യാമറ വളരെ സ്‌മാര്‍ട്ട്‌ ആണ്. നമ്മുടെ ഉള്ളില്‍ ഉള്ളതെല്ലാം അതുപോലെ പിടിച്ചെടുക്കും. അതുകൊണ്ട് അഭിനയിക്കുമ്പോള്‍ നമ്മുടെ മനസ്സ് വളരെ ശുദ്ധമായിരിക്കണം”, എന്ന് സിനിമയിലേക്ക് ചുവടു വയ്‌ക്കും മുന്‍പ് ശ്രീദേവി മകളോട് പറഞ്ഞിരുന്നുവത്രേ.

ക്യാമറ ഓണ്‍ ചെയ്യുമ്പോള്‍ അമ്മ മറ്റൊരാളാകുമായിരുന്നു എന്നും ജാന്‍വി കപൂര്‍ കൂട്ടിച്ചേര്‍ത്തു. ശ്രീദേവിയുടെ സിനിമയിലേക്കുള്ള തിരിച്ചു വരവ് ചിത്രമായ ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ ചിത്രീകരണത്തിനിടെ നടന്ന ഒരു സംഭവം അനുസ്‌മരിക്കുകയായിരുന്നു ജാന്‍വി.

“ഷൂട്ടിങ് ലൊക്കേഷനില്‍ ഞങ്ങളും ഉണ്ടായിരുന്നു. എനിക്കായി കൊണ്ട് വച്ച സൂപ്പ് കുടിക്കാത്തത്തിനോ മറ്റോ എന്നോട് ദേഷ്യപ്പെടുകയായിരുന്നു അമ്മ. പെട്ടന്നാണ് ഷോട്ട് റെഡി എന്ന് പറഞ്ഞത്. അതുവരെ കണ്ട അമ്മയായിരുന്നില്ല ആ നിമിഷം മുതല്‍.  പൊസിഷനില്‍ പോയി നിന്ന് മറ്റൊരാളായി മാറിയ അമ്മയെക്കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ഞാന്‍ ഒരാള്‍ അവിടെയുണ്ട് എന്ന കാര്യം തന്നെ അമ്മ മറന്നു പോയത് പോലെ”, തന്റെ ആദ്യ ചിത്രമായ ‘ധടക്’ പ്രചരണവുമായി ബന്ധപ്പെട്ട് ഇന്ത്യാ ടുഡേയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ ജാന്‍വി കപൂര്‍ പറഞ്ഞു.

Read More: ശ്രീദേവിയെക്കുറിച്ച് ജാന്‍വി കപൂര്‍

ബോളിവുഡ് അകത്തളങ്ങള്‍ ‘ധടകി’നെക്കുറിച്ച് വാതോരാതെ സംസാരിക്കുമ്പോള്‍ നിരൂപകര്‍ക്ക്‌ നിരാശയാണ്.  ‘സൈരാത്തി’നോട് ഒരു തരത്തിലും നീതി പുലര്‍ത്തിയില്ല എന്നും ചിത്രം ‘പ്ലാസ്റ്റിക്‌’ ആണ് എന്നുമാണ് പൊതുവേയുള്ള വിലയിരുത്തല്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook