ന്യൂഡൽഹി: ബോളിവുഡിലെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് സമാജ്‌വാദി പാർട്ടി എംപിയും മുതിർന്ന നടിയുമായ ജയ ബച്ചൻ നടത്തിയ പരാമർശത്തോട് പ്രതികരണമറിയിച്ച് നടി കങ്കണ റണാവത്ത്. കങ്കണയടക്കമുള്ളവർ നേരത്തേ ബോളിവുഡിനെതിരേ മയക്കുമരുന്ന് ആരോപണം ഉന്നയിച്ചിരുന്നു. ഇതു സംബന്ധിച്ച് ബിജെപി എംപിയും ഭോജ്പുരി നടനുമായ രവി കിഷൻ പാർലമെന്റിൽ നടത്തിയ ആരോപണത്തിന് പാലുകൊടുത്ത കൈക്ക് തിരിച്ച് കൊത്തരുത് എന്നായിരുന്നു ജയ ബച്ചൻ മറുപടി നൽകിയത്.
ഇതിനു പിറകെ ട്വിറ്ററിലാണ് കങ്കണ ജയ ബച്ചന്റെ പരാമർശത്തിൽ പ്രതികരണമറിയിച്ചത്. എന്റെ സ്ഥാനത്ത് നിങ്ങളുടെ മകളോ മകനോ ആയിരുന്നെങ്കിലും നിങ്ങൾ ഇതു തന്നെയാണോ പറയുക എന്ന് ജയ ബച്ചനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ട്വീറ്റിൽ കങ്കണ ചോദിച്ചു.
Read More: ‘പാല് തന്ന കൈക്ക് കൊത്തി’; ബോളിവുഡിലെ ലഹരിമരുന്ന് വിവാദത്തിൽ ജയ ബച്ചൻ
“എന്റെ സ്ഥാനത്ത് നിങ്ങളുടെ മകളായ ശ്വേതയാണ് കൗമാരപ്രായത്തിൽ പീഡിപ്പിക്കപ്പെടുകയും മയക്കുമരുന്ന് നൽകിയ ശേഷം ഉപദ്രവിക്കപ്പെടുകയും ചെയ്തിരുന്നതെങ്കിലും നിങ്ങൾ ഇതുതന്നെ പറയുമോ ജയ ജി, ഭീഷണിപ്പെടുത്തലിനെക്കുറിച്ചും ഉപദ്രവിക്കപ്പെടുന്നതിനെക്കുറിച്ചും അഭിഷേക് നിരന്തരം പരാതിപ്പെടുകയും ഒരു ദിവസം തൂങ്ങിമരിച്ചതായി കണ്ടെത്തുകയും ചെയ്താൽ നിങ്ങൾ ഇതുതന്നെ പറയുമോ? ഞങ്ങളോടും അനുകമ്പ കാണിക്കുക,” കങ്കണ കുറിച്ചു.
ബോളിവുഡ് മയക്കുമരുന്നുകാരുടെ സഖ്യമായിമാറിയെന്നായിരുന്നു രവി കിഷൻ പാർലമെന്റിൽ ആരോപിച്ചത്. ഇതിനാണ് ‘പാലുകൊടുത്ത കൈക്ക് തിരിച്ച് കൊത്തരുത്’ എന്ന് ജയബച്ചൻ മറുപടി നൽകിയത്.
“കുറച്ച് പേര്‍ കാരണം നിങ്ങള്‍ക്ക് മുഴുവന്‍ സിനിമാ മേഖലയേയും കളങ്കപ്പെടുത്താന്‍ കഴിയില്ല. കഴിഞ്ഞ ദിവസം സഭയില്‍ സിനിമാ മേഖലയില്‍ നിന്നും തന്നെ വളര്‍ന്നു വന്ന ഒരാള്‍ അത്തരമൊരു പരാമര്‍ശം നടത്തിയപ്പോള്‍ എനിക്ക് അപമാനവും നാണക്കേടും തോന്നി. പാല് കൊടുത്ത കൈക്ക് തന്നെ കടിക്കുന്ന പ്രവർത്തിയാണിത്,” എന്നായിരുന്നു ജയ ബച്ചൻറെ പരാമർശം.
ബോളിവുഡ് അഴുക്കുചാലിനകത്താണെന്ന കങ്കണയുടെ ആരോപണത്തെയും ജയ കുറ്റപ്പെടുത്തിയിരുന്നു. ഈ വ്യവസായത്തിൽ നിന്ന് പേരെടുത്തവർ തന്നെ വ്യവസായം അഴുക്കുചാലിലാണെന്ന് ആരോപിക്കുന്നെന്നും അതിനോട് തനിക്ക് ഒട്ടും യോജിപ്പില്ലെന്നും അവർ പറഞ്ഞിരുന്നു.
Read More: ചരിത്രം നിങ്ങളുടെ മൗനത്തെ വിലയിരുത്തും; സോണിയ ഗാന്ധിയ്‌ക്കെതിരെ കങ്കണ
എന്നാൽ ജയ ബച്ചൻ മറുപടി നൽകിയതിന് പിറകെ അവർ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് രവി കിഷൻ പറഞ്ഞു.
സിനിമ വ്യവസായത്തിലെ എല്ലാവരും മയക്കുമരുന്ന് ഉപയോഗിക്കുന്നില്ലെന്നും എന്നാൽ അത് ചെയ്യുന്നവർ ലോകത്തിലെ ഏറ്റവും വലിയ സിനിമ മേഖലയെ തകർക്കാനുള്ള ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഞാനും ജയ ജിയുമൊക്കെ ഈ മേഖലയിലേക്ക് വരുന്ന സമയത്ത് ഇവിടുത്തെ സ്ഥിതി ഇതുപോലെയായിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ സിനിമ മേഖലയെ ഈ അവസ്ഥയിൽ നിന്നും കരകയറ്റാൻ നമ്മൾ പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും രവി കിഷൻ പറഞ്ഞു.
അതേ സമയം സിനിമ ഇപ്പോൾ പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോൾ ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ സോഷ്യൽ മീഡിയയിലൂടെ തങ്ങളെ പ്രഹരിക്കുകയാണെന്നും ജയ ബച്ചൻ രവികിഷന്റെ ആരോപണത്തിനുള്ള മറുപടിയിൽ പറഞ്ഞിരുന്നു. “രാജ്യത്തെ വിനോദ വ്യവസായം അഞ്ചു ലക്ഷത്തിലേറെ പേർക്ക് നേരിട്ടു തൊഴിൽ നൽകുന്നുണ്ട്. പരോക്ഷമായി അമ്പതു ലക്ഷത്തിലേറെ പേർക്കു പ്രതിദിനം തൊഴിലുണ്ടാക്കുന്നു. സാമ്പത്തിക സാഹചര്യങ്ങൾ ആകെ തകർന്ന അവസ്ഥയാണിപ്പോൾ. തൊഴിലില്ലായ്മ ഏറ്റവും മോശം അവസ്ഥയിലാണ്. ഈ അവസരത്തിൽ ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ സോഷ്യൽ മീഡിയയിലൂടെ ഞങ്ങളെ പ്രഹരിക്കുകയാണ്,” ജയ പറഞ്ഞു.