ശ്രീദേവി വിടപറഞ്ഞിട്ട് ദിവസങ്ങൾ കഴിഞ്ഞെങ്കിലും ആരാധകഹൃദയങ്ങളിൽ അവരുടെ പ്രിയപ്പെട്ട ശ്രീ ഇപ്പോഴും ജീവിക്കുന്നുണ്ട്. ശ്രീദേവിയുടെ അന്ത്യയാത്ര കാണാനായി രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നായി നിരവധിപേരാണ് മുംബൈയിലേക്ക് എത്തിയത്. കാഞ്ചീപുരം സാരിയുടുത്ത് സിന്ദൂരം ചാർത്തിയ ശ്രീ അന്ത്യയാത്രയിലും വളരെ സുന്ദരിയായിരുന്നു.

നടി റാണി മുഖർജിയും മേക്കപ്പ് ആർട്ടിസ്റ്റ് രാജേഷ് പാട്ടീലും ചേർന്നാണ് ശ്രീയെ അന്ത്യയാത്രയ്ക്കായി ഒരുക്കിയത്. ശ്രീദേവിയ്ക്കു ഏറെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നു രാജേഷ്. അതിനാൽതന്നെ ശ്രീദേവിയുടെ അവസാന വിടവാങ്ങലിൽ അവരെ സുന്ദരിയാക്കാൻ കുടുംബം രാജേഷ് പാട്ടീലിനെ വിളിച്ചത്. ശ്രീദേവിയെ സ്വന്തം അമ്മയെ പോലെ കണ്ടിരുന്ന റാണി മുഖർജി വേണ്ട നിർദ്ദേശങ്ങൾ നൽകി രാജേഷിനൊപ്പം നിന്നു. ആരാധകർ ഏറെ സ്നേഹിക്കുന്ന ശ്രീദേവി അവരുടെ അന്ത്യയാത്രയിലും സുന്ദരിയായിരിക്കണമെന്ന് റാണിക്ക് നിർബന്ധമുണ്ടായിരുന്നു.

ശ്രീദേവിക്ക് ഏറെ ഇഷ്ടപ്പെട്ട കാഞ്ചീപുരം സാരിയാണ് ഉടുപ്പിച്ചത്. കാഞ്ചീപുരം സാരിയോട് ശ്രീദേവിക്ക് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. അവാർഡ് ദാന ചടങ്ങുകളിലും പൊതുപരിപാടികളിലും ശ്രീദേവി എത്താറുളളത് പലപ്പോഴും  കാഞ്ചീപുരം സാരിയുടുത്താണ് . ശ്രീദേവി ഏറെ ഇഷ്ടപ്പെട്ടിരുന്ന സിന്ദൂരവും റെഡ് ലിപ്സ്റ്റിക്കും അവരെ ഒരുക്കുന്നതിനായി ഉപയോഗിച്ചു. ശ്രീദേവിയുടെ കളക്ഷനിലുണ്ടായിരുന്ന ആഭരണങ്ങളാണ് അണിയിച്ചത്. അനിൽ കപൂറിന്റെ ഭാര്യ സുനിതയും സഹായത്തിനായി റാണി മുഖർജിക്കൊപ്പം ഉണ്ടായിരുന്നു. വെറും അഞ്ച്  മിനിറ്റ് കൊണ്ടായിരുന്നു ശ്രീയെ അന്ത്യയാത്രയ്ക്കായി സുന്ദരിയാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook