scorecardresearch

കോടികൾ പ്രതിഫലം വാങ്ങുന്ന നായിക; ബോളിവുഡിന്റെ ഈ താരറാണിയെ മനസ്സിലായോ?

നായകന്മാരില്ലാതെ പോലും ഒറ്റയ്ക്ക് ഒരു സിനിമയെ വിജയിപ്പിക്കാൻ കെൽപ്പുള്ള നായിക

കോടികൾ പ്രതിഫലം വാങ്ങുന്ന നായിക; ബോളിവുഡിന്റെ ഈ താരറാണിയെ മനസ്സിലായോ?

ബോളിവുഡിലെ ഏറെ താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് ആലിയ ഭട്ട് ഇന്ന്. നായകന്മാരില്ലാതെ പോലും ഒറ്റയ്ക്ക് ഒരു സിനിമയെ വിജയിപ്പിക്കാൻ കെൽപ്പുള്ള നായിക. ആലിയയ്ക്ക് വേണ്ടി മാത്രം കലാമൂല്യമുള്ള ചിത്രങ്ങൾ ബോളിവുഡിൽ ഉണ്ടാവുന്നു എന്നതു തന്നെ ഈ അഭിനേത്രിയുടെ പ്രതിഭയേയും താരപ്രഭയേയും അടയാളപ്പെടുത്തുന്ന കാര്യമാണ്. ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന രണ്ടു നായികമാരിൽ ഒരാളും ആലിയയാണ്, മറ്റൊരാൾ ദീപിക പദുകോണാണ്.

ആലിയയുടെ ചില കുട്ടിക്കാല ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. പ്രശസ്ത നടൻ പരേഷ് റാവലിനൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്യുന്ന കുഞ്ഞു ആലിയയേയും ചിത്രത്തിൽ കാണാം.

സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളായ ആലിയ ബാലതാരമായിട്ടാണ് ബോളിവുഡിലേക്കെത്തിയത്, 1999 ൽ പുറത്തിറങ്ങിയ ‘സംഘർഷ്’ എന്ന സിനിമയിൽ പ്രീതി സിന്റയുടെ ബാല്യകാലം അവതരിപ്പിച്ചു. 2012 ൽ പുറത്തിറങ്ങിയ ‘സ്റ്റുഡന്റ് ഓഫ് ദി ഇയർ’ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി കൊണ്ടുള്ള ആലിയയുടെ അരങ്ങേറ്റം.

2014 പുറത്തിറങ്ങിയ ‘ഹൈവേ’ ആണ് ആലിയയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുളള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് ലഭിച്ചു. പിന്നീടിങ്ങോട്ട് 2 സ്റ്റേറ്റ്സ്, ഉട്താ പഞ്ചാബ് , ഡിയർ സിന്ദഗി , റാസി , ഗല്ലി ബോയ് , കലങ്ക്, ആർആർആർ തുടങ്ങി ഗംഗുഭായി കത്തിയവാഡി വരെയുള്ള ചിത്രങ്ങളിലെ അഭിനയത്തിലൂടെ ആലിയ പ്രേഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

ഗംഗുഭായിയെന്ന കഥാപാത്രത്തെ അവിസ്മരണീയമായി അവതരിപ്പിച്ച് ആലിയ ഏറെ നിരൂപകപ്രശംസ നേടുകയും ചെയ്തു. ബ്രഹ്മാസ്ത്ര, ഡാർലിംഗ്സ്, റോക്കി ഔർ റാണി കി പ്രേം കഹാനി തുടങ്ങിയവയാണ് ഇനി റിലീസിനൊരുങ്ങുന്ന ആലിയ ചിത്രങ്ങൾ.

2022 ഏപ്രിൽ 14നായിരുന്നു ആലിയയും രൺബീർ കപൂറും തമ്മിലുള്ള വിവാഹം. അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ബ്രഹ്മാസ്ത്രയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകരും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Bollywood queen childhood photo