2007 ൽ പുറത്തിറങ്ങിയ ആമീർ ഖാന്റെ ‘താരേ സമീൻ പർ’ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയ ആ കൊച്ചു കുട്ടിയെ പലരും ഓർക്കുന്നുണ്ടാകും. ചിത്രം റിലീസായപ്പോൾ ഒൻപതു വയസു മാത്രമുണ്ടായിരുന്ന ദർശീൽ സഫരി, അന്നു സംഭവിച്ച ഒരു രസകരമായ കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ്. ഏഴു പ്രാവശ്യം ചിത്രത്തിൻെറ സ്ക്രീനിങ്ങ് കാണാനെത്തിയ ദർശീൽ മൂന്നു തവണ ഇടയ്ക്കു വച്ച് ഉറങ്ങിപോയെന്നാണ് പറയുന്നത്.
റീഡിങ്ങ് ഡിസോർഡറുളള എട്ടു വയസുകാരൻ ബാലനെ അതിൽ നിന്ന് കൈപിടിച്ചുയർത്താൻ ശ്രമിക്കുന്ന ആർട് അദ്ധ്യാപകൻെറ കഥ പറഞ്ഞ ചിത്രമാണ് ‘താരേ സമീൻ പർ’. ചിത്രം പുറത്തുവന്നപ്പോൾ ദർശീൽ ഒരു താരമായി മാറുകയും പ്രകടനത്തിനു അനവധി അഭിനന്ദനങ്ങൾ നേടുകയും ചെയ്തിരുന്നു.
“റിലീസ് ചെയ്തപ്പോൾ ചിത്രം ഏഴു പ്രാവിശ്യം കാണാൻ പോയത് ഞാൻ ഓർക്കുന്നു. അവസാനത്തെ 3-4 തവണ ഞാൻ ഉറങ്ങി പോയി കാരണം അന്ന് കുട്ടിയായിരുന്നല്ലോ.അതിനു ശേഷം ഞാൻ ആ ചിത്രം കണ്ടിട്ടില്ല” ദർശീൽ പറയുന്നു. തനിക്ക് പൊതുവെ വൈകാരികമായ ചിത്രങ്ങൾ കാണാൻ താത്പര്യമില്ലെന്നും താരം പറയുന്നുണ്ട്. ചുറ്റുമിരിക്കുന്നവർ കരയും എന്നാണ് അതിനു കാരണമായി ദർശീൽ പറയുന്നത്.
ഈയടുത്ത് ചെയ്ത ഒരു പോഡ്കാസ്റ്റിനു വേണ്ടിയാണ് ദർശീൽ വീണ്ടും ചിത്രം കാണുന്നത്. ഇപ്പോൾ ദർശീലിനു മനസ്സിലാകുന്നുണ്ട് എന്തുകൊണ്ടാണ് ‘താരേ സമീൻ പർ’ ഇത്ര ഹിറ്റായതെന്ന്. “ചിത്രം കണ്ടപ്പോൾ എനിക്ക് മനസ്സിലായി എന്തുകൊണ്ടാണ് ആളുകൾക്ക് ഇത്രക്കും കണക്റ്റ് ചെയ്യാൻ പറ്റിയതെന്നത്. വർഷങ്ങൾക്കു ശേഷം വീണ്ടും ആ ചിത്രം കാണുക എന്നത് ഒരു വ്യത്യസ്തമായ അനുഭവമായിരുന്നു. ആദ്യത്തെ ഫ്രെയിം കണ്ടപ്പോൾ തന്നെ എന്റെ കണ്ണു നിറഞ്ഞു. കാണാൻ പറ്റില്ല എന്നാണ് അപ്പോൾ തോന്നിയത് പക്ഷെ കണ്ടു തീർക്കാൻ സാധിച്ചു. ഇപ്പോൾ എനിക്ക് അറിയാം ആ ചിത്രം വിജയിക്കാനുണ്ടായ കാരണം” ദർശീൽ പറഞ്ഞു.
ചിത്രം റിലീസായതിനു ശേഷം ആമീർ ഖാനെ വീട്ടിലേക്ക് ക്ഷണിച്ചതും അദ്ദേഹത്തിനൊപ്പം കുടുംബാംഗങ്ങൾ സമയം ചെലവഴിച്ചതും ദർശീൽ ഓർക്കുന്നു. തന്നെ അഭിനയത്തിന്റെ ആദ്യ പാഠങ്ങൾ പഠിപ്പിച്ച സൂപ്പർ സ്റ്റാറിനോട് നന്ദി പറയാനും ദർശീൽ മറന്നില്ല.ആമസോൺ മിനി ടിവിസിൽ സംപ്രേഷണം ചെയ്ത ഹ്രസ്വ ചിത്രമായ ‘കാപിറ്റൽ എ സ്മോൾ എ’യിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ് ദർശീൽ.