ഫെബ്രുവരിയില്‍ അന്തരിച്ച ചലച്ചിത്ര താരം ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ സിനിമാ പ്രവേശമാണ് ബോളിവുഡ് കാത്തിരിക്കുന്ന അടുത്ത വലിയ സംഭവം. ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയ്യുന്ന ‘ധടക്’ എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തമായ സിനിമാ ബിസിനസ്‌ കുടുംബത്തിലെ അംഗമായ ജാന്‍വി ഹിന്ദി സിനിമയിലേക്ക് ചുവടു വയ്ക്കുന്നത്. ‘സൈരാത്’ എന്ന സൂപ്പര്‍ ഹിറ്റ്‌ മറാത്തി ചിത്രത്തിന്റെ ഹിന്ദി പതിപ്പായ ‘ധടക്’ നിര്‍മ്മിക്കുന്നത് കരണ്‍ ജോഹറാണ്. ഇഷാന്‍ ഖട്ടര്‍ നായകനായ ചിത്രം ഒരു പ്രണയ കഥയാണ്.

ചിത്രത്തിന്റെ പ്രൊമോഷനും തന്റെ സിനിമാ പ്രവേശവുമായി ബന്ധപ്പെട്ട് ജാന്‍വി കപൂര്‍ ‘വോഗ്’ മാസികയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിനിടയിലാണ് അവര്‍ ചില റാപിഡ് ഫയര്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്.

റിപീറ്റ് മോഡില്‍ ജീവിതകാലം മുഴുവന്‍ കാണാന്‍ ആഗ്രഹിക്കുന്ന ചിത്രം ‘ടൈറ്റാനിക്’ ആണെന്നും ഇഷ്ട നായികമാര്‍ മെറില്‍ സ്ട്രീപ്, നൂതന്‍, മധുബാല, വഹീദാ റഹ്മാന്‍, മീനാ കുമാരി എന്നിവരാണെന്നും ജാന്‍വി കപൂര്‍ അഭിമുഖത്തില്‍ പറയുന്നു.

ഇഷ്ടമുള്ള നായികമാരുടെ ലിസ്റ്റില്‍ നിന്നും ശ്രീദേവിയുടെ പേര് ഒഴിവാക്കിയ ജാന്‍വി, തന്റെ ഫാഷന്‍ പ്രേരണ ആരെണെന്ന ചോദ്യത്തിന് ‘അതെന്റെ അമ്മയാണ്’ എന്ന് ഉത്തരം കൊടുക്കുകയും ചെയ്യുന്നു.

Janhvi Kapoor Favaourite Female LEads

അമ്മയുടെ സിനിമാ പോസ്റ്ററിന് മുന്നില്‍ ജാന്‍വി

താന്‍ സിനിമയില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത് എന്നും ജാന്‍വി വ്യക്തമാക്കുന്നുണ്ട് അഭിമുഖത്തില്‍. ജാന്‍വിയുടെ അടുത്ത ചിത്രം ഏതായിരിക്കും എന്ന് ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ താരമായ ജാന്‍വിയുടെ ആരാധകര്‍ അന്വേഷണത്തിലാണ്. അതിനിടെ, ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോലന്റെ ഏറ്റവും പുതിയ ചിത്രമായ ‘ജോക്കറി’ലേക്ക് നായികയായി താന്‍ തെരെഞ്ഞെടുക്കപെട്ടിരുന്നു എന്നും ‘ധടക്’ ചെയ്തു കൊണ്ടിരിക്കുന്നത് കൊണ്ട് അതൊഴിവാക്കി എന്നും ജാന്‍വി സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി.

“ഞാന്‍ ഒരു നടിയാകണം എന്ന് അമ്മ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. (അനുജത്തി) ഖുഷിയാവും സിനിമയ്ക്ക് പറ്റിയത് എന്നവര്‍ കരുതിയിരുന്നു. എന്‍റെ ‘പാവം’ സ്വഭാവവും, തൊലിക്കട്ടിയില്ലായ്മയും സിനിമയ്ക്ക് പറ്റില്ല എന്നവര്‍ വിചാരിച്ചു.

‘റിലാക്സ്ഡ്‌’ ആയ ഒരു ജീവിതം ഞങ്ങള്‍ക്ക് ഉണ്ടാകണം എന്നമ്മ കരുതി. അവര്‍ ചെയ്തിരുന്ന ജോലി അവര്‍ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും അതിന്‍റെ പ്രയാസങ്ങളെക്കുറിച്ചും അമ്മ ബോധവതിയായിരുന്നു.”, വോഗ് മാസികയ്ക്ക് വേണ്ടി കരണ്‍ ജോഹറിന് നല്‍കിയ മറ്റൊരു  അഭിമുഖത്തില്‍  ജാന്‍വി പറഞ്ഞു.

ശ്രീദേവി കപൂര്‍

ഭര്‍ത്താവ് ബോണി കപൂര്‍, മക്കള്‍ ജാന്‍വി, ഖുശി എന്നിവര്‍ക്കൊപ്പം

അമേരിക്കയിലെ ഫിലിം സ്കൂളില്‍ തന്നെ ചേര്‍ത്തിട്ട് മടങ്ങുമ്പോള്‍ ‘ഒരു കുഞ്ഞു പൂവിനെ ചെളിക്കുണ്ടിലേക്ക് എറിയുന്നതിന് തുല്യമാണ് ഞാന്‍ നിന്നെ ഇവിടെ വിട്ടിട്ട് പോകുന്നത്’ എന്ന് അമ്മ ശ്രീദേവി പറഞ്ഞിരുന്നതായും ജാന്‍വി അനുസ്‌മരിച്ചു. മുതിര്‍ന്നിട്ടും അമ്മയുടെ മുന്നില്‍ താന്‍ എന്നും ഒരു കുഞ്ഞായിരുന്നുവെന്നും എല്ലാ കാര്യങ്ങളിലും അമ്മയുടെ സഹായം തേടിയിരുന്ന ഒരാളായിരുന്നു താന്‍ എന്നും ജാന്‍വി പറഞ്ഞു.

“രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ആദ്യം അമ്മയെയാണ് ഞാന്‍ ചോദിക്കുക. ഉറങ്ങുമ്പോഴും അമ്മ അടുത്ത് വേണം; ചിലപ്പോള്‍ ആഹാരം വായില്‍ വച്ച് തരാനും അമ്മ വേണം. ദുബായില്‍ വിവാഹത്തിന് പോകുന്നതിന് തലേന്ന് എനിക്ക് ഷൂട്ടിങ് ഉണ്ടായിരുന്നു. തിരിച്ചു വന്ന എനിക്ക് ഉറങ്ങാന്‍ സാധിച്ചില്ല. ഞാന്‍ അമ്മയെ വിളിച്ചു പറഞ്ഞു, ‘ഒന്ന് വന്നു എന്നെ ഉറക്കിയിട്ട്‌ പോകൂ’ എന്ന്. അവര്‍ പായ്ക്ക് ചെയ്യുകയായിരുന്നു അപ്പോള്‍.

അമ്മ അടുത്തേക്ക് എത്തിയപ്പോള്‍ ഞാന്‍ പകുതി ഉറക്കമായിക്കഴിഞ്ഞിരുന്നു. എങ്കിലും അവര്‍ എന്‍റെ തലയില്‍ തലോടുന്നത് എനിക്ക് ‘ഫീല്‍’ ചെയ്യാമായിരുന്നു.”, അമ്മയെക്കുറിച്ചുള്ള മനോഹരമായ ഓര്‍മ്മ ജാന്‍വി വോഗിനോട് പങ്കു വച്ചതിങ്ങനെ.

Janhvi Kapoor and Ishaan Khattar in Dhadak

മരിക്കുന്നത് മുന്‍പ് ജാന്‍വിയുടെ ആദ്യ ചിത്രമായ ‘ധടകി’ന്‍റെ ചില ഭാഗങ്ങള്‍ ശ്രീദേവി കണ്ടിരുന്നു. അഭിനയം എങ്ങനെ മെച്ചപ്പെടുത്തണം എന്ന് ജാന്‍വിയോട് അവര്‍ പറഞ്ഞിരുന്നതായും ജാന്‍വി അഭിമുഖത്തില്‍ പറയുന്നു. മേക്കപ്പിനെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം പറഞ്ഞ ശ്രീദേവി ജാന്‍വിയെ സ്ക്രീനില്‍ കണ്ടപ്പോള്‍ സന്തോഷവതിയായിരുന്നു എന്നും മകള്‍ ഓര്‍മ്മിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ