ലോകം കോവിഡിന് എതിരെയായുള്ള വലിയൊരു പോരാട്ടത്തിലൂടെയാണ് കടന്നു പോവുന്നത്. അനുദിനമെന്ന പോലെ ലക്ഷകണക്കിന് കോവിഡ് കേസുകളാണ് രാജ്യത്ത് വർധിച്ചുവരുന്നത്. കോവിഡ് പോരാട്ടത്തിൽ ആരോഗ്യവകുപ്പിനും സർക്കാരിനുമൊപ്പം ചേർന്ന് സഹായങ്ങൾ എത്തിക്കുകയാണ് ബോളിവുഡ് താരങ്ങളും.
അനുഷ്ക ശർമ്മ, സോനു സൂദ്, ഭൂമി പഡ്നേക്കർ, പ്രിയങ്ക ചോപ്ര, നിക് ജോനാസ്, അക്ഷയ് കുമാർ, സൽമാൻ ഖാൻ, സാറാഅലി ഖാൻ, തപ്സി പന്നു, സംവിധായകൻ രോഹിത് ഷെട്ടി തുടങ്ങി നിരവധി പേരാണ് കോവിഡ് രോഗികൾക്ക് സഹായമെത്തിക്കാനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
ഓക്സിജൻ ക്ഷാമം മൂലം വലയുന്ന രോഗികൾക്ക് ഓക്സിജൻ സിലിണ്ടറുകളും ആവശ്യമായ മരുന്നുകളുമെത്തിക്കുകയാണ് സോനു സൂദ്. അതേ സമയം. പ്ലാസ്മ ആവശ്യമുള്ളവർക്ക് ഡോണേഴ്സിനെ കണ്ടെത്താനായുള്ള ഒരു സംരംഭത്തിന് തുടക്കമിട്ടിരിക്കുകയാണ് ഭൂമി പഡ്നേക്കർ. ഇന്ത്യയിലെ രൂക്ഷമാകുന്ന കോവിഡ് രണ്ടാം തരംഗത്തിലേക്ക് ലോകരാജ്യങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് നടി പ്രിയങ്ക ചോപ്ര. യു എസ് പ്രസിഡന്റ് ജോ ബൈഡനിൽ നിന്നും സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് പ്രിയങ്ക. രാജ്യം ഭീതിദമായ അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്, വേണ്ടത്ര വാക്സിനുകൾ ഇന്ത്യയ്ക്കായി നൽകി സഹായിക്കാനാവുമോ എന്നുമാണ് പ്രിയങ്ക ജോ ബൈഡനെ ടാഗ് ചെയ്തു കൊണ്ടുള്ള ട്വീറ്റിൽ ചോദിക്കുന്നത്. പ്രിയങ്കയുടെ ഭർത്താവും അമേരിക്കൻ ഗായകനുമായ നിക് ജോനാസും ഇന്ത്യയ്ക്ക് ധനസഹായം നൽകിയിട്ടുണ്ട്.

അക്ഷയ് കുമാറും ഭാര്യ ട്വിങ്കിൾ ഖന്നയും ആയിരം ഓക്സിജൻ കോൺസെൻട്രേറ്ററുകളാണ് സ്പോൺസർ ചെയ്തിരിക്കുന്നത്. കോവിഡ് രോഗികളെ സഹായിക്കുന്ന ഗൗതം ഗംഭീറിന്റെ സംഘടനയ്ക്ക് ഒരു കോടി രൂപയും അക്ഷയ് സംഭാവന നൽകിയിട്ടുണ്ട്.
രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമില്ലാതെ വലയുകയാണ് രാജ്യത്തെ പല ആശുപത്രികളും. സംവിധായകൻ രോഹിത് ഷെട്ടി ഡൽഹിയിലെ ഗുരു തേജ് ബഹദൂർ കോവിഡ് കെയർ സെന്ററിലേക്ക് 250 ബെഡുകളാണ് സംഭാവന ചെയ്തിരിക്കുന്നത്
കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ചെയ്തതു പോലെ തന്നെ സൽമാൻ ഖാൻ ഈ വർഷവും 25,000 നിത്യവേതന തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് 1500 രൂപ വീതം സംഭാവന നൽകിയിരിക്കുകയാണ്. കോവിഡ് പോരാട്ടമുഖത്ത് പ്രവർത്തിക്കുന്ന മുംബൈയിലെ ആരോഗ്യപ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, ബി എം സി വർക്കർ, ക്ലീനിംഗ് തൊഴിലാളികൾ എന്നിവർക്ക് സൽമാൻ ഭക്ഷണമെത്തിക്കുകയും ചെയ്തിരുന്നു. ഒപ്പം തന്റെ പുതിയ ചിത്രം രാധെയുടെ വരുമാനത്തിന്റെ ഒരു ഭാഗം കോവിഡ് ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി നൽകുമെന്നും താരം പ്രഖ്യാപിച്ചിരുന്നു.
ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (FWICE)യിലെ 30,000 ത്തിലേറെ വരുന്ന അംഗങ്ങൾക്ക് സൗജന്യമായി വാക്സിൻ ലഭ്യമാക്കുകയാണ് യഷ് ചൊപ്ര ഫൗണ്ടേഷൻ. ബോളിവുഡ് താരങ്ങളായ അനുഷ്ക ശർമ, രവീണ ടണ്ടൻ, സാറാ അലി ഖാൻ, താപ്സി പാന്നു എന്നിവരും ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചുകൊണ്ടിരിക്കുകയാണ്. അനുഷ്കയും വിരാടും രണ്ടു കോടി രൂപയാണ് കോവിഡ് റിലീഫ് പ്രവർത്തനങ്ങൾക്കായി സംഭാവന നൽകിയത്.
Read more: ബൈക്ക് തരാം, പകരം ഓക്സിജൻ സിലിണ്ടർ തരാമോ? കോവിഡ് രോഗികൾക്കായി കൈനീട്ടി താരം