താര നിബിഡമാണ് ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ നാല്‍പ്പതിയെട്ടാം അന്താരാഷ്‌ട്ര ചലച്ചിത്ര മേള. ഉത്ഘാടന ചടങ്ങ് തുടങ്ങി ആദ്യ ദിനം ഇന്ത്യന്‍ പനോരമയുടെ തുടക്കം വരെ ബോളിവുഡിന്‍റെ എണ്ണം പറഞ്ഞ താരങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. മുഖ്യാഥിതി ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെ അനേകം സിനിമാ പ്രവര്‍ത്തകര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനം ആരഭിക്കുന്ന ഇന്ന് നടി ശ്രീദേവി ‘ഇന്ത്യന്‍ പനോരമ’യുടെ ഉത്ഘാടനം നിര്‍വ്വഹിച്ചു. സുഭാഷ് ഘൈയുടെ നേതൃത്വത്തില്‍ കച്ചവട സിനിമയെക്കുറിച്ചുള്ള മാസ്റ്റര്‍ ക്ലാസും നടന്നു.

ഭര്‍ത്താവ് സുബിന്‍ ഇറാനിയോടൊപ്പം മന്ത്രി

താര സമൃദ്ധമായ മേളയില്‍ ഒരു പക്ഷെ താരങ്ങളെക്കാളേറെ തിളങ്ങുന്നത് വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ്. അവര്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ മേളയാണിത്. തങ്ങളുടെ പഴയ സഹപ്രവര്‍ത്തകയും കൂടിയായ സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ നടക്കുന്ന മേളയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ താരങ്ങള്‍ സന്തോഷവും നന്ദിയും അറിയിച്ചു.

Sridevi Boney Kapoor

ഇന്ത്യന്‍ പനോരമയുടെ ഉത്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുന്ന നടി ശ്രീദേവി

ലോകത്തെ തന്നെ മികച്ച മേളകളില്‍ ഒന്നാണ് ഗോവയിലെ ചലച്ചിത്ര മേള എന്നും ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനം ഉത്ഘാടനം ചെയ്യാന്‍ തനിക്കു അവസരം നല്‍കിയതില്‍ നന്ദിയുണ്ട് എന്ന് ശ്രീദേവി പറഞ്ഞു. ഇന്ത്യന്‍ പനോരമയിലെ ഉത്ഘാടന ചിത്രമായ മറാത്തി സിനിമ ‘പിഹു’ വിലെ നാല് വയസ്സുള്ള നായിക, മേളയുടെ ഉത്ഘാടന പ്രസംഗത്തില്‍ തന്‍റെ പേര് പരാമര്‍ശിച്ചതിനു ‘സ്മൃതി മാമി’ ക്ക് നന്ദി രേഖപ്പെടുത്തി.

മറ്റൊരു രസകരമായ കാര്യം ചൂണ്ടിക്കാണിച്ചു കൊണ്ട് സംവിധായകന്‍ ഭരത് ബാലയും രംഗത്തെത്തി. മേളയുടെ ഉത്ഘാടന ചിത്രം, മാജിദ് മജിദി സംവിധാനം ചെയ്ത ‘ബിയോണ്ട് ദി ക്ലൌഡ്സ്’ തുടങ്ങുന്നതിന് മുന്‍പായി ദേശീയ ഗാനം പ്ലേ ചെയ്തപ്പോള്‍ അതിന് ചിത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ, ശബ്ദമുണ്ടായിരുന്നില്ല. നിമിഷ നേരത്തെ നിശബ്ദതയ്ക്ക് ശേഷം സ്മൃതി ഇറാനി പാടി തുടങ്ങി, പിന്നീടവരുടെ ഈണമൊപ്പിച്ച് സദസ്സും ദേശീയ ഗാനാലാപനത്തില്‍ ചേര്‍ന്നു. അഭിമാന നിമിഷം എന്നാണ് ഭരത് ബാല സംഭവത്തെ വിശേഷിപ്പിച്ചത്‌.

സാങ്കേതികത്തകരാറുകള്‍ കാരണം ‘ജന ഗണ മന’ കേള്‍ക്കാതിരുന്നതോ അതോ മന്ത്രിക്കു പാടാന്‍ വേണ്ടി കേള്‍പ്പിക്കാതിരുന്നതോ എന്ന് ഭരത് ബാലയുടെ സോഷ്യല്‍ മീഡിയ പേജില്‍ ചര്‍ച്ചകള്‍ സജീവമാണ്. പാര്‍ലമെന്‍റ് അംഗം രാജീവ്‌ ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ സ്മൃതി ഇറാനിയെ അഭിനന്ദിച്ചു.

എ ആര്‍ റഹ്മാന്‍, ഭരത് ബാല, കെ വിശ്വനാഥ്

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ