ആരോഗ്യകരമായ ജീവിതചര്യയാണ് ബോഡി ബില്‍ഡിങ്ങിന്റെ അടിസ്ഥാനമെന്നാണ് ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാന്‍, അഭിഷേക് ബച്ചന്‍, രണ്‍വീര്‍ സിങ്, സൊനാക്ഷി സിന്‍ഹ, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ ഫിറ്റ്‌നസ് ട്രെയിനറായ ശിവോഹത്തിന് പറയാനുള്ളത്. താരങ്ങളുടെ ജീവിതചര്യയും ട്രെയിനിങ് രീതികളും പിന്തുടരാന്‍ ശ്രമിക്കുന്നവര്‍ ഓരോ വ്യക്തിയും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കണം എന്നും താരങ്ങള്‍ക്ക് ഫലപ്രദമായി വരുന്ന രീതികള്‍ എല്ലാവര്‍ക്കും അങ്ങനെയായിക്കൊള്ളണം എന്നില്ല എന്നും കൂട്ടിച്ചേര്‍ക്കുന്നു.
“സെലിബ്രിറ്റികളെ ഫോളോ ചെയ്തു അവരുടെ ട്രെയിനിങ്, ജീവിതചര്യ എന്നിവ ഫോളോ ചെയ്യുന്നതില്‍ തെറ്റില്ല. പക്ഷേ ഒന്ന് മനസ്സിലാക്കണം. ഓരോ വ്യക്തിയും യുണീക്ക് ആണ്. അവര്‍ക്ക് സൂട്ട് ആകുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് സൂട്ട് ആവില്ല. ഏതു പ്രോഗ്രാം ഫോളോ ചെയ്താലും അതിനെ ബുദ്ധിപൂര്‍വ്വമായും യാഥാര്‍ത്ഥ്യ ബോധത്തോടെയും സമീപിക്കുക”, ഐഎഎന്‍എസിനോട് സംസാരിച്ച ശിവോഹം പറഞ്ഞു.
“സെലിബ്രിറ്റികളില്‍ നിന്നും പഠിക്കേണ്ട പ്രധാന പാഠം, സമര്‍പ്പണവും കഠിനാധ്വാനവും കൊണ്ട് എന്തും നേടാം എന്നതാണ്”, അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ മാത്രമല്ല ലോകത്തെമ്പാടുമുള്ളവരെ ബോളിവുഡിന്റെ സ്റ്റൈല്‍, ഫാഷന്‍ എന്നിവ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോള്‍ ബോളിവുഡ് താരങ്ങളുടെ ഫിറ്റ്‌നെസ്സും ഫോളോ ചെയ്യപ്പെടുന്നു എന്ന് ശിവോഹം അഭിപ്രായപ്പെട്ടു.
“തികഞ്ഞ കഠിനാധ്വാനം ആവശ്യമുണ്ട് സെലിബ്രിറ്റികള്‍ക്ക്. അക്ഷരാര്‍ഥത്തില്‍ ജിമ്മില്‍ തന്നെ രാവും പകലും കഴിച്ചു കൂട്ടിയാണ് അവര്‍ ഒരു റോളിനു വേണ്ട ലുക്ക് എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നത്. അതിനായി ഡയറ്റ്, ട്രെയിനിങ് എന്നിവ ഫോളോ ചെയ്യും. പല സെലിബ്രിറ്റികളും പല രീതിയിലാണ് അവരുടെ ലക്ഷ്യത്തില്‍ എത്താന്‍ പ്രവര്‍ത്തിക്കുന്നത്. ഇതുവഴി ഫിറ്റ്‌നെസ്സിനെക്കുറിച്ച് ഒരവബോധവും ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കുന്നു”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്ന നടന്‍ ആരാണ്? എന്ന ചോദ്യത്തിന് ശിവോഹത്തിന്റെ മറുപടി ഇങ്ങനെ.
“കുറച്ചു പേരുണ്ട്. പക്ഷേ എനിക്ക് നേരിട്ട് പരിചയമുള്ള ആളുകളെക്കുറിച്ചേ എനിക്ക് പറയാനാവൂ. ഫിറ്റ്‌നെസ്സിന്റെയും ആരോഗ്യകരമായ ജീവിതചര്യയുടെയും കാര്യത്തില്‍ ഒരു ഐക്കണ്‍ ഉണ്ടെങ്കില്‍ അത് സുനില്‍ ഷെട്ടിയാണ്. ഇപ്പോഴും എല്ലാ ദിവസവും അദ്ദേഹം ട്രെയിന്‍ ചെയ്യുന്നു, അവശ്യമുള്ളത് മാത്രം കഴിക്കുന്നു. അതിനൊക്കെ അപ്പുറം ആരോഗ്യകരവും ശക്തവുമായ ഒരു മനസ്സിന്റെ ഉടമ കൂടിയാണ് അദ്ദേഹം. ആ മനസ്സിന്റെ ശക്തിയാണ് അദ്ദേഹത്തെ എല്ലാ ദിവസവും തന്റെ പൂര്‍ണ്ണ പൊട്ടെന്‍ഷ്യല്‍ വരെ ഫങ്‌ക്ഷൻ ചെയ്യാന്‍ അദ്ദേഹത്തെ സഹായിക്കുന്നത്”, ശിവോഹം പറഞ്ഞു നിര്‍ത്തി.
ബോളിവുഡില്‍ പ്രായം കൂടും തോറും സുന്ദരനായിക്കൊണ്ടിരിക്കുന്ന താരമാണ് സുനില്‍ ഷെട്ടി. ഫിറ്റ്നസിനും അദ്ദേഹം ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ഫിറ്റ്നസ് ആഗ്രഹിക്കുന്ന ആരേയും കൊതിപ്പിക്കുന്നതുമാണ് അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍. തന്റെ പരിശീലനത്തെ കുറിച്ചും ഭക്ഷണരീതികളെ കുറിച്ചുമുളള വിവരങ്ങള്‍ അദ്ദേഹം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.
“സിക്സ് പാക്ക് ആണ് ഫിറ്റ്നസെന്ന് കരുതുന്ന പലരുമുണ്ട്. ഇപ്പോള്‍ നിരവധി സപ്ലിമെന്റുകള്‍ കിട്ടുന്നുണ്ട്. ഉപയോഗിച്ച് കൂടാത്ത സ്റ്റിറോയ്ഡ് അടക്കമുളളവ ഇന്ന് ഉപയോഗിക്കപ്പെടുന്നു. അവസാനം അവര്‍ സ്വന്തം ശരീരത്തെ തന്നെ കുറ്റം പറയുന്നു. ഇതൊക്കെ ഉപയോഗിക്കും മുമ്പ് നിങ്ങള്‍ അറിയുന്നവരോട് ചോദിക്കണം. നന്നായി കഠിനാധ്വാനം ചെയ്യുന്ന അത്‌ലറ്റുകളോ കായിക താരങ്ങളോ സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നില്ല എന്നതാണ് വസ്തുത. ഉപയോഗിച്ചാല്‍ അത് സ്വന്തം ശരീരത്തെ തന്നെയാണ് കേടാക്കുന്നതെന്ന് അവര്‍ക്ക് അറിയാം. കിഡ്നിക്ക് കൂടുതല്‍ ജോലിഭാരം നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഫിറ്റനസിന് കുറുക്കു വഴികളല്ല വേണ്ടത്, കുറുക്കു വഴിയിലൂടെ ഫിറ്റ്നസ് സാധ്യവുമല്ല. ‘മസില്‍ മെമ്മറി’ എന്നൊരു പ്രക്രിയ ഉണ്ടെന്ന് മറക്കരുത്, ദിനവും പരിശീലനം നടത്തിയാല്‍ നല്ല ഫിറ്റ്നസ് സാധ്യമാവും. ഓരോ ദിവസവും പരിശീലനം ചെയ്യുന്തോറും അടുത്ത ദിവസം നിങ്ങളുടെ ശരീരം തയ്യാറായി ഇരിക്കും. മാറ്റം കാണാനാവും”, സുനില്‍ ഷെട്ടി ഒരഭിമുഖത്തില്‍ വ്യക്തമാക്കി.
Read More: ‘രാജാവിനെ പോലെ പ്രാതല്‍, രാജ്ഞിയെ പോലെ ഉച്ചഭക്ഷണം, ദരിദ്രനെ പോലെ അത്താഴവും’