താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയുടെ ഹൃദയം കവരാറുണ്ട്. ലോകസുന്ദരിയും ബോളിവുഡ് റാണിയുമായ ഐശ്വര്യ റായ് ബച്ചൻ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. എൽകെജി കാലത്തെ ഒരു ഗ്രൂപ്പ് ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്.
ഏറ്റവും പിറകിലെ വരിയിൽ നടുവിലായി നിൽക്കുന്ന കൊച്ചുമിടുക്കിയെ ആ കണ്ണുകൾകൊണ്ട് തന്നെ തിരിച്ചറിയാം.
പതിറ്റാണ്ടുകള്‍ ഏറെ കടന്നുപോയിട്ടും, പ്രായം നാല്‍പ്പതുകളില്‍ എത്തി നില്‍ക്കുമ്പോഴും, ലോകത്തെ അതിസുന്ദരിയായ സ്ത്രീകളില്‍ ഒരാള്‍ എന്ന ഐശ്വര്യ റായിയുടെ ഇമേജിന് മാത്രം കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. വെട്ടിയൊതുക്കിയ, ഫെയറി റെഡ് നിറം നല്കിയ മുടിയുമായി താന്‍ കയറിചെല്ലുന്ന ഓരോ ആള്‍ക്കൂട്ടത്തേയും ഇപ്പോഴും വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുകയാണ് ഐശ്വര്യ.
ഐശ്വര്യയുടെയും സഹോദരൻ ആദിത്യ റായിയുടെയും കുട്ടിക്കാലചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
സിനിമയോടുള്ള പോസിറ്റീവ് ആയ സമീപനവും സ്ഥിരോത്സാഹവുമെല്ലാം അണുകിട വ്യത്യാസം വരാതെ ഐശ്വര്യ ഇപ്പോഴും കൊണ്ടുനടക്കുകയാണ്. മുന്നിലെത്തുന്ന ഓരോ ആള്‍ക്കൂട്ടത്തെയും ആരവങ്ങളെയും ആരാധകവൃന്ദത്തേയും സ്നേഹത്തോടെയും സന്തോഷത്തോടെയും തന്നെ വരവേല്‍ക്കുന്നു. പതിറ്റാണ്ടുകള്‍കൊണ്ട്, സ്നേഹവും കരുതലുമുള്ള ഭാര്യ, വാത്സല്യവതിയായ അമ്മ തുടങ്ങിയ വിശേഷണങ്ങള്‍ കൂടി ആ വ്യക്തിത്വത്തിന്റെ ഭാഗമായി മാറി എന്നു മാത്രം.
ലോകമെമ്പാടും ആരാധകരുള്ള, സൂപ്പര്‍താരങ്ങളേക്കാള്‍ ആഘോഷിക്കപ്പെടുന്ന അഭിനേത്രി, റെഡ് കാര്‍പെറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സൗന്ദര്യബിംബം, ലോറിയലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍, അസൂയാവഹമായ രീതിയില്‍ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ബ്യൂട്ടി ക്വീന്‍-വിശേഷണങ്ങള്‍ ഏറെയാണ് ബോളിവുഡിന്റെ ഈ പ്രിയപ്പെട്ട ബ്യൂട്ടി ഐക്കണിന്.
സൗന്ദര്യത്തിനും ശരീരഭംഗിയ്ക്കുമപ്പുറം സിനിമാലോകത്ത് നിലനില്‍ക്കുന്ന പ്രതിഫലകാര്യങ്ങളിലെ സമത്വമില്ലായ്മകള്ക്ക് എതിരെ ശബ്ദമുയര്‍ത്തുകയും 2000 മുതല്‍ തന്നെ നടന്മാര്ക്കൊപ്പം പ്രതിഫലത്തുക കൈപ്പറ്റുകയും ചെയ്യുന്ന അഭിനേത്രിയാണ് ഐശ്വര്യ.
‘പല വര്‍ക്കുകളില്‍ നിന്നും ഞാനും പിന്മാറിയിട്ടുണ്ട്. മുഖ്യധാര മെയില്‍ ആര്‍ട്ടിസ്റ്റുകളുടെ പ്രതിഫലം കാരണം സിനിമകള്‍ ബിഗ് പ്രൊജക്റ്റ് ആയിപ്പോയെന്നും, നമ്മളുടെ ബജറ്റ് അവര്‍ക്ക് താങ്ങാന്‍ കഴിയില്ല, അതുകൊണ്ട് ബജറ്റില്‍ അനുരഞ്ജന ചര്‍ച്ചകളാവാം എന്നുമുള്ള മനോഭാവം ഉണ്ടാകുമ്പോള്‍ ‘ഓകെ, എന്നാല്‍ നിങ്ങള്‍ക്ക് തീരുമാനിക്കാം. മറ്റൊരാളെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ അതാവും നല്ലത് ‘ എന്നു പറഞ്ഞ് സന്തോഷത്തോടെ തന്നെ പിന്മാറാന് ശ്രമിക്കാറുണ്ട്.. അതിനൊന്നും അനാവശ്യമായ പ്രാധാന്യം കൊടുക്കാറില്ല. അത്തരം കാര്യങ്ങള്‍ ഉറക്കെ, വ്യക്തമായി തന്നെ പറയണം. അത്തരം തുറന്നുപറച്ചിലുകള്‍ എന്റെ അവസരങ്ങള്‍ കുറയ്ക്കുന്നുവെങ്കില്‍ അതൊരു പ്രശ്നവുമല്ല. മികച്ച തീരുമാനങ്ങളിലേക്കെത്താനും ഏറ്റെടുക്കുന്ന വര്‍ക്കുകള്‍ ആസ്വദിച്ചു ചെയ്യാനുമുള്ള അവസരമാണ് അതുവഴി ലഭിക്കുന്നത്.’
Read more: സഹോദരനൊപ്പം കളിച്ചു ചിരിക്കുന്ന ഈ മിടുക്കിയെ മനസ്സിലായോ?
ഈ കരുത്തും നിലപാടുകളിലെ ഉറപ്പും ദൃഢനിശ്ചയവുമാണ് ഐശ്വര്യ റായ് ബച്ചനെ കൈവെച്ച രംഗങ്ങളിളെല്ലാം പ്രമുഖ വ്യക്തിത്വമായി തന്നെ നിലനിര്‍ത്തുന്നതെന്ന് നിസ്സംശയം പറയാം. സഹസ്രാബ്ദത്തിന്റെ അവസാനവര്‍ഷങ്ങളില്‍, പുത്തന്‍ താരോദയങ്ങള്‍ ബോളിവുഡില്‍ ഉദയം ചെയ്തപ്പോഴേക്കും ഹോളിവുഡ് മെയിന്‍സ്ട്രീം സിനിമകളില്‍ തന്റെതായൊരു സ്പേസ് തന്നെ ഐശ്വര്യ നേടിയെടുത്തിരുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട പിങ്ക് പാന്തര്‍, ബ്രൈഡ് & പ്രെജുഡിസ് പോലുള്ള സിനിമകള്‍ ഹോളിവുഡിലും ഹിറ്റായിരുന്നു. ഹോളിവുഡ് ഓഫറുകള്‍ നിരവധി വന്നിട്ടും ബോളിവുഡ് മുഖ്യധാരാസിനിമകളില്‍ നിന്നും വലിയ ബ്രേക്കുകള്‍ എടുക്കാനോ ബോളിവുഡിനെ മറക്കാനോ ഐശ്വര്യ തയ്യാറായില്ല. ട്രോയ്, മിസ്റ്റര്‍ & മിസ്സിസ്സ് സ്മിത്ത് പോലുള്ള സിനിമകള്‍ ഐശ്വര്യ നിരസിച്ച വാര്‍ത്തകളും ബോളിവുഡ് അതിശയത്തോടെയാണ് കേട്ടത്. പുതിയ അവസരങ്ങളുടെ പേരില്‍ പഴയ പ്രതിബദ്ധതകള്‍ ഒന്നും മറക്കാതെ, മുന്‍ഗണന ക്രമത്തില്‍ പ്രൊജക്റ്റുകളെ പരിഗണിച്ച് ഐശ്വര്യ കാണിക്കുന്ന പ്രൊഫഷണലിസം മാതൃകാപരമാണ്.