ജീവിതത്തിലും സംസാരത്തിലും എല്ലാം തന്റെ നിലപാടുകൾ സധൈര്യം ഉയർത്തിപ്പിടിക്കുന്ന ആളാണ് ബോളിവുഡ് താരം നീനാ ഗുപ്ത. അവിവാഹിതയായിരിക്കവേയാണ് അവർ സാമ്പ്രദായിക രീതികളെ വെല്ലുവിളിച്ചു കൊണ്ട് വിവാഹിതനായ ഒരാളുടെ (ക്രിക്കറ്റ് താരം വിവിയൻ റിച്ചാർഡ്സ്) കുഞ്ഞിനെ പ്രസവിച്ച് അച്ഛന്റെ സാന്നിധ്യം ഇല്ലാതെ വളർത്തിയെടുത്തത്. നീനാ ഗുപ്ത-വിവിയൻ റിച്ചാർഡ്സ് എന്നിവരുടെ മകൾ മസാബ ഗുപ്ത ഇന്ന് ബോളിവുഡിലെ അറിയപ്പെടുന്ന ഒരു ഡിസൈനർ ആണ്.
അഭിനയ ജീവിതത്തിന്റെ തിരക്കുകളിൽ ആണ് ഇപ്പോൾ നീന ഗുപ്ത. അവർ ഏറ്റവും ഒടുവിലായി അഭിനയിച്ച ‘ഊഞ്ചായി’ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു ‘ഹ്യൂമൻസ് ഓഫ് ബോംബെ’ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കു വയ്ക്കുകയായിരുന്നു അവർ.
“ഒരു പുരുഷനും സ്ത്രീയും തമ്മിൽ പ്രണയം എന്നൊരു കാര്യം ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. അത് ആരംഭിക്കുന്നത് കാമത്തിൽ നിന്നാണ് എന്ന് ഞാൻ കരുതുന്നു. നിങ്ങൾ പരസ്പരം ചേർന്ന് പോകുന്ന ഒരു സാഹചര്യം വരുമ്പോൾ, തുടർന്ന് സ്നേഹവും കരുതലും ഒക്കെ ഉണ്ടാവും. അത് ഒരു ശീലമായി മാറുന്നു. മസാബയോട് മാത്രമാണ് എനിക്ക് അങ്ങനെ തോന്നിയിട്ടുള്ളത്. തുടക്കത്തിൽ എല്ലാം കാമമാണ്, പിന്നീട് അത് ദിശ മാറും. അപ്പോൾ നിങ്ങൾക്ക് വിവാഹം കഴിക്കാം അല്ലെങ്കിൽ വിവാഹം കഴിക്കാതിരിക്കാം അല്ലെങ്കിൽ മറ്റാരുടെയെങ്കിലും കൂടെ പോകാം. അവൾക്ക് വേണ്ടി എനിക്ക് എന്തും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നത് എന്റെ കുട്ടിയോട് മാത്രമാണ്. എന്റെ ഭർത്താവിനായി എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും, പക്ഷേ മസാബയ്ക്ക് വേണ്ടി ചെയ്യുന്നതു പോലെ ഞാൻ അദ്ദേഹത്തിനു വേണ്ടി ഒന്നും ചെയ്യില്ല,” നീനാ ഗുപ്ത പറഞ്ഞു.
ഇരുപതാം വയസ്സിൽ വിവാഹിതയായ നീനയുടെ കുടുംബജീവിതം അധികം നാൾ മുന്നോട്ടു പോയില്ല. പിന്നീട് അവർ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം വിവിയൻ റിച്ചാർഡുമായി ബന്ധത്തിലാവുകയും അതിൽ അവർക്ക് ഒരു മകളുണ്ടാവുകയും ചെയ്തു. പക്ഷെ വിവിയനെ നീന വിവാഹം കഴിച്ചിരുന്നില്ല. ഇതേ അഭിമുഖത്തിൽ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഉണ്ടായ കാര്യങ്ങളെപ്പറ്റിയും നീന പറയുന്നുണ്ട്. “ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ വിവിയനെ വിവരം അറിയിച്ചു. നിങ്ങൾക്ക് ഈ കുഞ്ഞിനെ വേണ്ടെങ്കിൽ എനിക്കും വേണ്ടെന്നാണ് ഞാൻ പറഞ്ഞത്. പക്ഷെ വിവിയൻ എന്നെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. ഒരുപാട് ആളുകൾ എന്നോട് ചോദിച്ചു ഞാൻ ഇതെങ്ങനെ നേരിടുമെന്ന്. വിവിയൻ നേരത്തെ തന്നെ വിവാഹിതനായതു കൊണ്ട് എനിക്കു വേറെ വഴികൾ ഒന്നും തന്നെയില്ലായിരുന്നു. ഒടുവിൽ എല്ലാം നേരിടാൻ ഞാൻ തീരുമാനിച്ചു” നീന പറഞ്ഞു.