‘അഞ്ജലി അഞ്ജലി പുഷ്‌പാഞ്‌ജലി’ എന്ന പാട്ടു കേൾക്കുമ്പോൾ ഏതൊരു സംഗീതാസ്വാദകന്റെയും മനസ്സിൽ തെളിയുക എ ആർ റഹ്മാന്റെ മനോഹരമായ ഈണവും എസ് പി ബാലസുബ്രഹ്മണ്യത്തിന്റെയും കെ എസ് ചിത്രയുടെയും സ്വരമാധുരിയുമാണ്. ഒപ്പം, കടൽക്കരയിൽ പ്രേമാർദ്രമായി ചുവടുവെയ്ക്കുന്ന മീനാക്ഷി ശേഷാദ്രിയുടെ മുഖം കൂടിയാണ്.
ഒരു കാലത്ത്, ബോളിവുഡിലും തമിഴിലും തെലുങ്കിലുമെല്ലാം നിറഞ്ഞുനിന്ന മീനാക്ഷി ശേഷാദ്രിയിപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. മീനാക്ഷി ശേഷാദ്രിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. പഴയ മീനാക്ഷി തന്നെയാണോ ഇതെന്നാണ് കൗതുകത്തോടെ ആരാധകർ തിരക്കുന്നത്.
ഒരു തമിഴ് അയ്യർ കുടുംബത്തിൽ നിന്നുള്ള ശശികല ശേഷാദ്രി എന്ന മീനാക്ഷി ഝാർഖണ്ടിലാണ് ജനിച്ചു വളർന്നത്. മീനാക്ഷിയുടെ പിതാവ് ഝാർഖണ്ടിലെ ഒരു കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. 1981ൽ ഈവ്സ് വീക്ക്‌ലി മിസ് ഇന്ത്യ മത്സരത്തിൽ വിജയിയായ മീനാക്ഷി തന്റെ പതിനേഴാം വയസ്സിൽ ടോക്കിയോയിൽ നടന്ന മിസ് ഇന്റർനാഷണൽ മത്സരത്തിലും ഇന്ത്യയെ പ്രതിനിധീകരിച്ചു.
1983ലാണ് മീനാക്ഷി തന്റെ സിനിമാ അരങ്ങേറ്റം കുറിക്കുന്നത്. എൺപത്, തൊണ്ണൂറ് കാലഘട്ടത്തിൽ ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായി അവർ മാറി. 1983 ലെ സുഭാഷ് ഘായ് സംവിധാനം ചെയ്ത ഹീറോ എന്ന ചിത്രത്തിലെ അഭിനയമാണ് മീനാക്ഷിയെ ഏറെ ശ്രദ്ധേയമാക്കിയത്. ആന്ധി-തൂഫാൻ, മേരി ജംഗ്, സ്വാതി, ദിൽവാല, ദ കൈറ്റ്, ഇനാം ദസ് ഹസാർ , പരിവാർ ഷഹെൻഷാ, മഹാദേവ് , ഘയാൽ, ഘർ ഹോ തോ ഐസ, ദാമിനി, ഡ്യുയറ്റ്, സ്വാതി, ദഹ്‌ലീസ്, സത്യമേവ് ജയതേ, ദാമിനി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം പ്രത്യേക നിരൂപക പ്രശംസ നേടി. 15 വർഷത്തോളം നീണ്ട അഭിനയ ജീവിതത്തിൽ 80 ലധികം ചിത്രങ്ങളിൽ മീനാക്ഷി അഭിനയിച്ചു. 1997ൽ ഇറങ്ങിയ ‘ഘട്ടക്’ ആയിരുന്നു അവസാനചിത്രം.
വളരെ ചെറുപ്പത്തിൽ തന്നെ ഭരതനാട്യം, കുച്ചിപ്പുടി, കഥക്, ഒഡിസി തുടങ്ങിയ നൃത്തരൂപങ്ങളിൽ വൈദഗ്ധ്യം നേടി. തന്റെ നാലാമത്തെ വയസ്സിലാണ് മീനാക്ഷി ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. 1990ൽ ഖജുരാഹോ ഡാൻസ് ഫെസ്റ്റിവലിലും മീനാക്ഷി ചുവടുവെച്ചു. അഭിനയ ജീവിതത്തിനോട് വിട പറഞ്ഞതിനു ശേഷവും നൃത്തപരിപാടികളുമായി സജീവമാണ് മീനാക്ഷി. ഒരു നടിയെന്നതിനേക്കാൾ നർത്തകിയായി അറിയപ്പെടാനാണ് മീനാക്ഷിയ്ക്കിഷ്ടം.
1995ൽ ബാങ്ക് ഉദ്യോഗസ്ഥനായ ഹരീഷ് മൈസൂരിനെ വിവാഹം ചെയ്ത് ന്യൂയോർക്കിലേക്ക് താമസം മാറി. ഒരു മകനും മകളുമാണ് മീനാക്ഷി- ഹരീഷ് ദമ്പതികൾക്കുള്ളത്. ഇപ്പോൾ അമേരിക്കയിലെ ടെക്‌സാസിലാണ് മീനാക്ഷി സ്ഥിരതാമസം. അമേരിക്കയിൽ ചെറിഷ് എന്ന പേരിൽ ഡാൻസ് സ്കൂൾ നടത്തുകയാണ് താരമിപ്പോൾ. ‘മീനാക്ഷി ആസെപ്റ്റ് ഹെർ വിങ്ങ്സ്’ എന്ന പേരിൽ മീനാക്ഷിയുടെ ജീവിതത്തെ കുറിച്ച് ഒരു ഡോക്യുമെന്ററിയും നിർമ്മിക്കപ്പെട്ടിരുന്നു.
അഭിനേത്രി എന്ന രീതിയിൽ മാത്രമല്ല നർത്തകിയെന്ന രീതിയിലും പ്രതിഭ തെളിയിച്ച മീനാക്ഷിയുടെ ഒരുപാട് നൃത്തരംഗങ്ങൾ ഇന്നും ശ്രദ്ധേയമാണ്. മീനാക്ഷിയുടെ ഹീറോ എന്ന ചിത്രത്തിലെ തു മേരാ ഹീറോ ഹേ, പ്യാർ കർണേ വാലെ, ഗോവിന്ദയ്‌ക്കൊപ്പമുള്ള തേരി പായൽ മേരെ ഗീത്, അമിതാഭ് ബച്ചനൊപ്പം ജാനേ ദോ ജാനേ ദോ (ഷഹെൻഷാ), അനിൽ കപൂർ, ഋഷി കപൂർ എന്നിവർക്കൊപ്പം ബാദൽ പെ ചാൽക്കെ (വിജയ്), ആമിർ ഖാനൊപ്പം ബിൻ സാജൻ ജുല (ദാമിനി), സാജൻ മേരാ ഉസ് പർ ഹേ ( ഗംഗാ ജമുന സരസ്വതി), മുജ്രെ വാലി ഹൂൻ (അവാർഗി), ജബ് കോയി ബാത് ബിഗാദ് ജായേ (ജർമ്), ബദൻ മെയ്ൻ ചാന്ദ്നി (ഘട്ടക്) എന്നിവയെല്ലാം ഏറെ പ്രശസ്തമാണ്.
പിന്നണി ഗായിക എന്ന രീതിയിലും മീനാക്ഷി ശ്രദ്ധ നേടിയിട്ടുണ്ട്. ജെ.പി.ദത്തയുടെ ക്ഷത്രിയ എന്ന സിനിമയിൽ ലക്ഷ്മികാന്ത് പ്യാരേലാൽ എഴുതിയ ചില കവിതാ കുറിപ്പുകൾ ആലപിച്ചത് മീനാക്ഷിയാണ്. തഡപ് എന്ന ചിത്രത്തിലും അവർ ഗാനം ആലപിച്ചിട്ടുണ്ട്, പക്ഷേ ചിത്രം റിലീസായില്ല. ആർ.ഡി. ബർമൻ സംഗീതം നൽകിയ ‘തുംഹാരേ രൂപ് കാ’ എന്ന ഗാനം ആലപിച്ചതും മീനാക്ഷിയാണ്.