ബോളിവുഡ് താരം കങ്കണയുടെ കുട്ടികാല ചിത്രമാണിത്. കങ്കണയുടെ ഫാൻസ് പേജിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. പിന്നീട് താരം തന്നെ ചിത്രം തന്റെ ട്വിറ്റർ പേജിലൂടെ പങ്കുവയ്ക്കുകയായിരുന്നു. സ്‌കൂൾ യൂണിഫോം അണിഞ്ഞ് ചിത്രത്തിനായി പോസ് ചെയ്യുന്ന കുഞ്ഞ് കങ്കണയെ ചിത്രത്തിൽ കാണാം. തന്റെ നാട്ടിലുള്ള സ്റ്റുഡിയോയിൽ പോയി ഫൊട്ടൊയെടുക്കാൻ ക്ലാസ്സിൽ നിന്ന് പറയാതെ പോയ കാര്യവും കങ്കണ ചിത്രത്തോടൊപ്പം കുറിച്ചു.
“ശർമ അങ്കിളിന്റെ സ്റ്റുഡിയോയിൽ പോയി ഫൊട്ടൊയെടുക്കാൻ ഞാൻ ക്ലാസ്സിൽ നിന്ന് മുങ്ങുമായിരുന്നു. ചിത്രങ്ങൾ പകർത്താൻ അങ്കിൾ എന്നെ പ്രോത്സാഹിപ്പിക്കും. സ്റ്റുഡിയോയിൽ എന്റെ വലിയ ചിത്രങ്ങൾ വയ്ക്കും, അവിടെ വരുന്നവർ എന്നെ കുറിച്ച് സംസാരിക്കും” കങ്കണ കുറിച്ചു.
പല ട്വീറ്റുകളിലായി നിരവധി ചിത്രങ്ങൾ കങ്കണ പങ്കുവച്ചു. “ഈ ചിത്രങ്ങളെല്ലാം പകർത്തിയത് ശർമ അങ്കിളാണ്. അദ്ദേഹം എന്നെയോർത്ത് ഒരുപാട് അഭിമാനിക്കുന്നുണ്ട്.” കുട്ടികാല ചിത്രങ്ങൾക്കു പുറമെ സഹോദരന്റെ വിവാഹത്തിനു പകർത്തിയ ചിത്രവും കങ്കണ പങ്കുവച്ചു.
‘ധാക്കട്’ ആണ് കങ്കണയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. കങ്കണയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘എമർജെൻസി’യാണ് താരത്തിന്റെ പുതിയ ചിത്രം. ചിത്രത്തിൽ ഇന്ദിര ഗാന്ധിയായാണ് കങ്കണ വേഷമിടുന്നത്. ‘തേജ്’ എന്ന ചിത്രവും കങ്കണയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.