താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ ആരാധകർ എന്നും കൗതുകത്തോടെയാണ് നോക്കി കാണാറുള്ളത്. നടി രാധിക ആപ്‌തെയുടെ മൂന്നു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു ചിത്രത്തിൽ, അച്ഛന്റെ കൈകളിൽ ഇരിപ്പാണ് കൊച്ചു രാധിക, മറുകയ്യിൽ വീട്ടിലെ വളർത്തുനായയുമുണ്ട്. പൂനെയിലെ പ്രശസ്തനായ ന്യൂറോ സർജനും സഹ്യാദ്രി ഹോസ്പിറ്റലിന്റെ ചെയർമാനുമായ ഡോ. ചാരുദത്ത് ആപ്തെയാണ് രാധികയുടെ അച്ഛൻ.
രണ്ടാമത്തെ ചിത്രത്തിൽ അമ്മയ്ക്കൊപ്പം കളിചിരികളുമായി ഇരിക്കുകയാണ് രാധിക. രാധികയുടെ അമ്മ ജയശ്രീ ആപ്തെയും ഒരു ഡോക്ടറാണ്. സഹ്യാദ്രി ഹോസ്പിറ്റലിന്റെ ഡയറക്ടറാണ് ഡോ. ജയശ്രീ ആപ്തെ. രാധികയുടെ ഏക സഹോദരൻ കേതൻ ആപ്തെയും ഡോക്ടറാണ്.
മൂന്നാമത്തെ ചിത്രത്തിൽ, മുത്തശ്ശിയുടെ മടിയിലിരുന്ന് കുസൃതി കാട്ടുന്ന കുഞ്ഞു രാധികയെ ആണ് കാണാൻ കഴിയുക.
വേറിട്ട അഭിനയശൈലി കൊണ്ടും തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ടും ബോളിവുഡിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് രാധിക ആപതെ. സിനിമയ്ക്ക് ഒപ്പം തന്നെ നാടകരംഗത്തും സജീവമാണ് ഈ നടി. പൂനെ സ്വദേശിയായ രാധിക ‘ആസക്ത’ എന്ന നാടക ട്രൂപ്പിൽ പ്രവർത്തിച്ചുകൊണ്ടാണ് തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. 2005-ൽ പുറത്തിറങ്ങിയ ‘വാഹ്! ലൈഫ് ഹോ തോ ഏസി’ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു രാധികയുടെ സിനിമാ അരങ്ങേറ്റം.
2009-ൽ പുറത്തിറങ്ങിയ ‘അന്താഹീൻ’ എന്ന ബംഗാളി ചിത്രത്തിലും ‘സമാന്തർ’ എന്ന മറാഠി ചിത്രത്തിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. ബദ്‌ലാപൂർ, ഹണ്ടർ, മാഞ്ചി – ദ മൗണ്ടൻ മാൻ, ഫോബിയ, പാർച്ച്ഡ്, ലാൽ ബാരി , കബാലി തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ അഭിനയം കാഴ്ച വച്ചു. അതിൽ ഫോബിയ, പാർച്ച്ഡ് എന്നീ ചിത്രങ്ങളിലെ നായികാ കഥാപാത്രങ്ങൾ ഏറെ നിരൂപകശ്രദ്ധ നേടിയിരുന്നു.
ഫഹദ് ഫാസിൽ ചിത്രം ‘ഹര’ത്തിലൂടെ രാധിക മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, മലയാളംം, ബംഗാളി, ഇംഗ്ലീഷ് ഭാഷാചിത്രങ്ങളിലെല്ലാം രാധിക ആപ്തെ ഇതിനകം അഭിനയിച്ചു കഴിഞ്ഞു.
നെറ്റ്ഫ്ളിക്സ് സീരീസുകളായ ലസ്റ്റ് സ്റ്റോറീസ്, സേക്രഡ് ഗെയിംസ് എന്നിവയിലും മികച്ച അഭിനയമാണ് രാധിക കാഴ്ച വച്ചത്.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഗീതഞ്ജനായ ബെനഡിക്ട് ടെയ്ളർ ആണ് രാധികയുടെ ജീവിത പങ്കാളി. 2013ലാണ് രാധികയും ബെനഡിക്ടും വിവാഹിതരായത്. മികച്ചൊരു കഥക് നർത്തകി കൂടിയാണ് രാധിക.
Read more: മോശമായി പെരുമാറിയ ഒരു തെന്നിന്ത്യന്‍ സൂപ്പര്‍ താരത്തിന്‍റെ മുഖത്തടിച്ചിട്ടുണ്ട്: രാധിക ആപ്‌തെ