സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളാൽ പലപ്പോഴും വാർത്തകളിൽ നിറയുന്ന താരമാണ് കങ്കണ റണാവത്ത്. ചലച്ചിത്ര പ്രവർത്തകർ, സഹപ്രവർത്തകർ, സ്വജനപക്ഷപാതം എന്നിവയെ കുറിച്ചുള്ള കങ്കണയുടെ പ്രസ്താവനകൾ വാർത്താ തലക്കെട്ടുകൾ സൃഷ്ടിക്കുകയും വിവാദമാവുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ, താരം പങ്കുവച്ച ഒരു കുട്ടിക്കാലചിത്രമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. കുട്ടിക്കാലത്തുള്ള ചിത്രത്തിൽ ഏറെ ഗൗരവത്തിൽ ഇരിക്കുന്ന കങ്കണയെ ആണ് കാണാൻ ആവുക.

“കുട്ടിയെന്ന നിലയിൽ മറ്റു കുട്ടികളോടൊപ്പം കളിച്ചതായൊന്നും എനിക്ക് ഓർമ്മയില്ല. എന്റെ പാവകൾക്ക് ഫാൻസി ഗൗണുകളും ഉടുപ്പുകളും ഉണ്ടാക്കുക എന്നതായിരുന്നു അന്നെന്റെ ഏറ്റവും പ്രിയപ്പെട്ട കാര്യം. മണിക്കൂറുകളോളം ഓരോന്ന് ആലോചിച്ച് ഇരിക്കാൻ ഞാനിഷ്ടപ്പെട്ടു. ആഴത്തിൽ ചിന്തിക്കുന്ന പക്വതയുള്ള കണ്ണുകൾ. നിർഭാഗ്യവശാൽ ചിലർ ജനിക്കുന്നതേ പ്രായമായി കൊണ്ടാണ്, ഞാൻ അവരിൽ ഒരാളാണ്,” ചിത്രം പങ്കുവച്ച് കങ്കണ കുറിക്കുന്നു.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ് താരം ഇപ്പോൾ. ജയലളിതയുടെ കഥാപാത്രത്തെ അവതരിപ്പിക്കാനായി 20 കിലോ ശരീരഭാരമാണ് ചിത്രത്തിനായി കങ്കണ കൂട്ടിയത്.

Read more: കങ്കണ നായികയായതു കാരണം ഒരു സിനിമ നിരസിക്കേണ്ടി വന്നിട്ടുണ്ട്; ഛായാഗ്രാഹകൻ പി സി ശ്രീരാം

തമിഴിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ജയലളിതയുടെ ജീവചരിത്രസിനിമയ്ക്കായി 24 കോടി രൂപയാണ് കങ്കണ പ്രതിഫലം വാങ്ങുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ‘തലൈവി’ എന്ന പേരിൽ തമിഴിലും ‘ജയ’ എന്ന പേരിൽ ഹിന്ദിയിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകൻ എ എൽ വിജയ് ആണ്.

‘തലൈവി’ എന്ന ഈ ചിത്രം നൂറുശതമാനവും ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്നതാണെന്നും അതിനായി ജയലളിതയുടെ അനന്തരവൻ ദീപകിൽ നിന്നും എൻഒസി സർട്ടിഫിക്കറ്റ് കൈപ്പറ്റിയിട്ടുണ്ടെന്നും അണിയറപ്രവർത്തകരും വ്യക്തമാക്കിയിരുന്നു.

‘ബാഹുബലി’, ‘മണികർണിക’, ‘ഭജരംഗി ഭായിജാന്‍’ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കർമ്മ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജി വി പ്രകാശ് സംഗീതവും നിർവ്വഹിക്കും. മദൻ കർകിയാണ് ഗാനങ്ങൾ ഒരുക്കുന്നത്.

Read more: ‘നിങ്ങളുടെ മകളെയാണ് മയക്ക് മരുന്ന് നൽകി പീഡിപ്പിച്ചതെങ്കിൽ ഇതു തന്നെ പറയുമോ?’: ജയ ബച്ചനോട് കങ്കണ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook