ബോളിവുഡിലെ പ്രശസ്തമായ കപൂർ കുടുംബത്തിലെ ഇളം തലമുറയിലെ അംഗങ്ങളാണ് കരിഷ്മ കപൂറും കരീന കപൂറും. അഭിനേതാക്കളായ രൺധീർ കപൂറിന്റെയും ബബിതയുടെയും മക്കളായ കരിഷ്മയ്ക്കും കരീനയ്ക്കും സിനിമയോട് അഭിരുചി പാരമ്പര്യമായി ലഭിച്ച ഒന്നാണ്. സഹോദരിമാർ എന്നതിനപ്പുറം ആത്മസുഹൃത്തുക്കൾ കൂടിയാണ് കരിഷ്മയും കരീനയും. ബോളിവുഡ് പാർട്ടികളിലും ചടങ്ങുകളിലുമെല്ലാം പലപ്പോഴും കൈകോർത്ത് പ്രത്യക്ഷപ്പെടാറുള്ള ഈ സഹോദരിമാരുടെ കൂട്ട് ആരാധകർക്കും കൗതുകമാണ്.
കരീനയുടെ 42-ാം ജന്മദിനത്തിൽ കരീഷ്മ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ കവരുന്നത്.
കരീഷ്മയാണ് നായികയായി ആദ്യം ബോളിവുഡിൽ എത്തിയതെങ്കിലും ചേച്ചിയേക്കാൾ പേരെടുത്ത നടിയായി മാറിയത് കരീനയാണ്. സൂപ്പർതാര ചിത്രങ്ങളിലെ വിജയനായികയായ കരീന ഒരു ബ്യൂട്ടി ഐക്കൺ കൂടിയാണ് ഇന്ന്.
റെഫ്യൂജി’ എന്ന ചിത്രത്തിലൂടെയായിരുന്നു കരീനയുടെ അരങ്ങേറ്റം. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് കരീനയ്ക്ക് ലഭിക്കുകയുണ്ടായി. കഭി ഖുശി കഭി ഖം, അശോക, തലാഷ്, ഖുഷി, ചമേലി, അജ് നബി, ഫിഡ, ജബ് വി മെറ്റ്, ത്രി ഇഡിയറ്റ്സ്, കുർബാൻ, വീ ആർ ഫാമിലി, ഗോൽമാൽ 3, ബോഡി ഗാർഡ്, ഭജിരംഗീ ഭായീജാൻ തുടങ്ങി അറുപത്തിയഞ്ചോളം ചിത്രങ്ങളിലാണ് കരീന വേഷമിട്ടത്. അമീർ ഖാൻ നായകനാവുന്ന ലാൽ സിങ് ചന്ദയാണ് ഏറ്റവുമൊടുവിൽ റിലീസിനെത്തിയ കരീന ചിത്രം.
ബോളിവുഡ് താരം സെയ്ഫ് അലി ഖാനെയാണ് കരീന വിവാഹം ചെയ്തിരിക്കുന്നത്. കരീന- സെയ്ഫ് ജോഡികൾ ആദ്യമൊന്നിക്കുന്നത് ‘തഷാൻ’ എന്ന ചിത്രത്തിന്റെ സെറ്റിലാണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2012 ലാണ് ഇരുവരും വിവാഹിതരായത്. തൈമൂർ, ജഹാംഗീർ എന്നിങ്ങനെ രണ്ടു മക്കളാണ് കരീനയ്ക്കും സെയ്ഫിനുമുള്ളത്.
തൊണ്ണൂറുകളിൽ നായികയായി തിളങ്ങിയ കരിഷ്മയുടെ ആദ്യ ചിത്രം 1991ൽ പുറത്തിറങ്ങിയ ‘പ്രേം ഖെയ്ദി’ ആയിരുന്നു. കൂലി നമ്പർ വൺ, രാജാ ബാബു, രാജാ ഹിന്ദുസ്ഥാനി എന്നു തുടങ്ങി നിരവധി ബോക്സോഫീസ് ഹിറ്റുകളുടെ ഭാഗമായ കരിഷ്മയെ തേടി ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകളും എത്തി. വിവാഹത്തോടെ സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത കരിഷ്മ രണ്ടാം വരവിൽ ഏതാനും സിനിമകളിലും വെബ് സീരിസിലും അഭിനയിച്ചെങ്കിലും അഭിനയത്തിൽ ഇപ്പോൾ അത്ര സജീവമല്ല.
വ്യവസായിയായ സഞ്ജയ് കപൂറിനെ വിവാഹം ചെയ്ത കരിഷ്മ 2016ൽ വിവാഹമോചനം നേടി. സമൈറ, കിയാൻ എന്നിങ്ങനെ രണ്ടു മക്കളാണ് ഈ ദമ്പതികൾക്കുള്ളത്.