സുശാന്ത് സിങ് രജ്‌പുത് വിട പറയുമ്പോൾ പാതിയിൽ ഉപേക്ഷിക്കപ്പെടുന്നത് ഒരുപിടി ചിത്രങ്ങൾ കൂടിയാണ്. അഞ്ചോളം ചിത്രങ്ങളാണ് സുശാന്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരുന്നത് എന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു. സുശാന്തിന്റെ സുഹൃത്തും കാസ്റ്റിംഗ് ഡയറക്ടറുമായ മുകേഷ് ചബ്ബയുടെ ആദ്യ സംവിധാനസംരംഭമായ ‘ദിൽ ബെച്ചാര’യാണ് അതിലൊന്ന്. സെയ്ഫ് അലിഖാനും സഞ്ജന സംഘിയുമായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ. ജോൺ ഗ്രീനിന്റെ ബെസ്റ്റ് സെല്ലർ നോവലായ ‘ദ ഫാൾട്ട് ഇൻ ഔവർ സ്റ്റാർസ്’ എന്ന നോവലിനെ ആസ്പദമാക്കിയ ഈ പ്രണയചിത്രം മേയ് എട്ടിന് റിലീസ് പ്ലാൻ ചെയ്തിരിക്കുകയായിരുന്നു. എന്നാൽ അതിനിടയിലാണ് കൊറോണ വ്യാപനം മൂലം സിനിമാമേഖല സ്തംഭനാവസ്ഥയിലേക്ക് നീങ്ങിയത്.
റൂമി ജാഫ്രിയുടെ റൊമാന്റിക് കോമഡി ചിത്രത്തിൽ അഭിനയിക്കുന്ന ചർച്ചകളും പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു. “സുശാന്തിന് സിനിമയിൽ വളരെയധികം ചങ്ങാതിമാരുണ്ടായിരുന്നില്ല, എന്നാൽ ജോലിയെക്കുറിച്ച് വളരെയധികം അഭിനിവേശമുണ്ടായിരുന്നു. ലോക്ക്ഡൗൺ സമയത്ത് തിരക്കഥ വായിക്കുകയും ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ ജോലികൾ ആരംഭിക്കുന്നതിനായി സുശാന്ത് കാത്തിരിക്കുകയായിരുന്നു. ഓരോ തവണ ലോക്ക്ഡൗൺ നീണ്ടുപോകുമ്പോഴും സുശാന്ത് അസ്വസ്ഥനാവുകയായിരുന്നു, എത്രയും പെട്ടെന്ന് ജോലിയിൽ തിരിച്ചെത്തണം എന്നയാൾ ആഗ്രഹിച്ചിരുന്നു,” റൂമി ജാഫ്രി മുംബൈ മിററിനു നൽകിയ അഭിമുഖത്തിൽ പറയുന്നു. ഈ ചിത്രത്തിൽ സുശാന്തിനൊപ്പം ഗേൾ ഫ്രണ്ട് റിയ ചക്രബർത്തിയും അഭിനയിക്കാനിരിക്കുകയായിരുന്നു.
മഹാവീർചക്ര പുരസ്കാര ജേതാവായ ജസ്വന്ത് സിംഗ് റാവത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ‘റൈഫിൾമാൻ’ എന്ന ചിത്രത്തിൽ കരാറായ കാര്യവും സുശാന്ത് ട്വിറ്ററിൽ അനൗൺസ് ചെയ്തിരുന്നു. ആർമി ദിനത്തോട് അനുബന്ധിച്ചായിരുന്നു സുശാന്ത് തന്റെ പുതിയ ചിത്രം അനൗൺസ് ചെയ്തത്. എന്നാൽ ജസ്വന്ത് സിങ്ങിന്റെ ജീവിതത്തെക്കുറിച്ച് ഒരു സിനിമ നിർമ്മിക്കാനുള്ള അവകാശം തങ്ങൾ നേരത്തെ സ്വന്തമാക്കി എന്നു കാണിച്ചുകൊണ്ട് “72 അവേഴ്സ്: മാർട്ടിർ ഹു നെവർ ഡൈഡി’ന്റെ നിർമാതാക്കൾ രംഗത്തു വന്നതോടെ ചിത്രം നിയമ പ്രശ്‌നത്തിലാവുകയായിരുന്നു.
ഷിപ്പ് ഓഫ് തീസസ്, തുംബാദ് തുടങ്ങിയ ചിത്രങ്ങളുടെ അമരക്കാരനായ ആനന്ദ് ഗാന്ധിയും തന്റെ പുതിയ ചിത്രത്തിലേക്ക് സുശാന്തിനെ സമീപിച്ചിരുന്നു. ഒരു മഹാമാരിയിൽ നിന്ന് ലോകത്തെ രക്ഷിക്കാനായി പ്രവർത്തിക്കുന്ന നാലു ശാസ്ത്രജ്ഞരുടെ കഥയാണ് ആനന്ദ് ഗാന്ധിയുടെ പുതിയ സിനിമയുടെ ഇതിവൃത്തം. സുശാന്ത് എന്റെ പ്രിയ സുഹൃത്താണ്, എന്റെ ചിത്രത്തിൽ അദ്ദേഹവും ഭാഗമാവാൻ ഇരിക്കുകയായിരുന്നെന്ന് ആനന്ദ് ഗാന്ധി പറയുന്നു.