ന്യൂഡല്‍ഹി: ബോളിവുഡ് നടനും സംവിധായകനും നിര്‍മ്മാതാവുമായി സതീഷ് കൗശിക് അന്തരിച്ചു. സതീഷിന്റെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായ അനുപം ഖേര്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. 66 വയസായിരുന്നു.
നിലവില്‍ മൃതദേഹം ഗുരുഗ്രാമിലെ ഫോര്‍ട്ടിസ് ആശുപത്രിയിലാണ്, പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മുംബൈയിലേക്ക് എത്തിക്കും.ഗുരുഗ്രാമില്‍ ആരെയൊ സന്ദർശിക്കാനെത്തിയ കൗശികിന്റെ ആരോഗ്യനില വഷളാകുകയും കാറിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയമായിരുന്നു.
ജാവേദ് അക്തര്‍ ഇന്നലെ സംഘടിപ്പിച്ച ഹോളി ആഘോഷത്തില്‍ സതീഷ് പങ്കെടുത്തിരുന്നു. ഹോളി ആഘോഷത്തിന്റെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചു.
“എനിക്കറിയാം മരണം ഈ ലോകത്തിന്റെ ആത്യന്തിക സത്യമാണ്. എന്നാൽ ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്റെ ആത്മസുഹൃത്ത് സതീഷ് കൗശികിനെക്കുറിച്ച് ഇങ്ങനെ എഴുതേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. 45 വർഷത്തെ സൗഹൃദത്തിന് പെട്ടെന്നൊരു ഫുൾ സ്റ്റോപ്പ്. നീയില്ലാതെ ജീവിതം ഒരിക്കലും സമാനമാകില്ല സതീഷ്,” അനുപം ഖേര്‍ കുറിച്ചു.
സിനിമയുടെ വിവിധ മേഖലയില്‍ തന്റെ മികവ് തെളിയിച്ച വ്യക്തിയാണ് സതീഷ്. നാടകത്തിലൂടെയാണ് സതീഷ് തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. 1956-ലാണ് ജനനം.