ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിയും സിദ്ധാർത്ഥ് മൽഹോത്രയും വിവാഹിതരാവുന്നു. ഫെബ്രുവരി 4, 5 തീയതികളിലാണ് വിവാഹം. രാജസ്ഥാനിലെ ജയ്സാൽമീറിലെ സൂര്യാഗഢ് ഹോട്ടലിൽ വച്ച് വിവാഹചടങ്ങുകൾ നടക്കുമെന്ന് താരങ്ങളോട് അടുത്ത വൃത്തങ്ങൾ ഇന്ത്യൻ എക്സ്‌പ്രസ് ഡോട്ട് കോമിനോട് സ്ഥിരീകരിച്ചു.
മാസങ്ങൾക്കു മുൻപു തന്നെ ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഏറെനാളുകളായി ഇരുവരും ഒന്നിച്ചാണ്. എന്നാൽ കിയാരയോ സിദ്ധാർത്ഥോ ഇതുവരെ പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ പബ്ലിക്കായി യാതൊരു തരത്തിലുള്ള പ്രഖ്യാപനവും നടത്തിയിട്ടില്ല.

സിദ്ധാർത്ഥിന്റെ ഏറ്റവും പുതിയ ചിത്രമായ ‘മിഷൻ മജ്‌നു’വിന്റെ റിലീസിന് അനുബന്ധിച്ചു നടന്ന പത്രസമ്മേളനത്തിനിടയിൽ പോലും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും താരം ഒഴിഞ്ഞുമാറുകയായിരുന്നു.
‘താർ മരുഭൂമിയിലേക്കുള്ള ഗേറ്റ്‌വേ’ എന്നാണ് ജയ്സാൽമീറിലെ സൂര്യാഗഢ് ഹോട്ടൽ വിശേഷിപ്പിക്കപ്പെടുന്നത്. 83 മുറികളും മനോഹരമായ രണ്ട് പൂന്തോട്ടങ്ങളും വിശാലമായ മുറ്റങ്ങളും ഇവിടുണ്ട്. എയർ കണക്റ്റിവിറ്റി സൗകര്യവുമുണ്ടെന്നതിനാൽ തീം വിവാഹങ്ങളുടെ ഇഷ്ടപ്പെട്ട ലൊക്കേഷനുകളിൽ ഒന്നാണ് ജയ്‌സാൽമീർ. 2021-ൽ, കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായതും ഇതേ സ്ഥലത്തായിരുന്നു.
2020ൽ റിലീസിനെത്തിയ ‘ഷെർഷാ’ എന്ന ചിത്രത്തിൽ കിയാരയും സിദ്ധാർത്ഥും ഒരുമിച്ചു പ്രവർത്തിച്ചിരുന്നു. ‘ഗോവിന്ദ നാം മേര’ എന്ന ചിത്രത്തിലാണ് കിയാര അവസാനമായി അഭിനയിച്ചത്. കാർത്തിക് ആര്യനൊപ്പം അഭിനയിക്കുന്ന ‘സത്യപ്രേം കി കഥ’യാണ് കിയാരയുടെ അടുത്ത ചിത്രം. നെറ്റ്ഫ്ലിക്സിൽ റിലീസായ ‘മിഷൻ മജ്നു’ ആയിരുന്നു സിദ്ധാർത്ഥിന്റെ അവസാന ചിത്രം. റാഷി ഖന്നയ്ക്കും ദിഷ പടാനിക്കുമൊപ്പം ‘യോദ്ധ’യിലാണ് അടുത്തതായി സിദ്ധാർത്ഥ് അഭിനയിക്കുന്നത്.