ബോളിവുഡ് സെൻസേഷനായ സൽമാൻ ഖാൻ ആദ്യമായി സ്ക്രീനിലെത്തുന്നത് ഒരു പരസ്യ ചിത്രത്തിലൂടെയാണ്. 1983ൽ പുറത്തിറങ്ങിയ കമ്പ കോളയുടെ പരസ്യത്തിലൂടെയായിരുന്നു സൽമാൻ ഖാൻ അഭിനയലോകത്തെത്തുന്നത്. അൻപത്തേഴ് വയസ്സുകാരനായ താരത്തിന്റെ കൗമാര കാലത്തുള്ള ലുക്ക് വീഡിയോയിൽ കാണാം.
നിറയെ മുടിയും സ്ലീവലെസ്സ് ടീ ഷർട്ടുമണിഞ്ഞുള്ള താരത്തിന്റെ വിൻറ്റേജ് ലുക്ക് ആരാധകരെ ആകർഷിക്കുന്നതാണ്. സൽമാന്റെ ടെലിവിഷൻ പരസ്യങ്ങളിൽ ഏറ്റവും ആദ്യത്തേതാണ് ഇതെന്നു വിശ്വസിക്കപ്പെടുന്നു. പെപ്പ്സി, ആപ്പിഫിസ്, ലിംക്ക, മൗണ്ടെയ്ൻ ഡ്യൂ, തമ്പ്സ് അപ്പ് എന്നിവയുടെ പരസ്യങ്ങളിലും താരം പിന്നീട് പ്രത്യക്ഷപ്പെട്ടിരുന്നു.
1988ൽ പുറത്തിറങ്ങിയ ‘ബിവി ഹോത്തോ ഏസി’ എന്ന ചിത്രത്തിലൂടെയാണ് സൽമാന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ‘മേനേ പ്യാർ കിയാ’, ‘കരൺ അർജുൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർന്നു.
ഷാരൂഖ് ഖാൻ ചിത്രം ‘പഠാനി’ലാണ് സൽമാൻ അവസാനമായി അഭിനയിച്ചത്. ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം നിർമിച്ചിരിക്കുന്നത് വൈ ആർ എഫ് ആണ്.
‘കിസി കാ ഭായ് കിസി കി ജാൻ’ ആണ് സൽമാന്റെ പുതിയ ചിത്രം. സൽമാനേക്കാൾ 25 വയസ്സ് കുറവുള്ള പൂജ ഹെജ്‌ഡെയാണ് ചിത്രത്തിൽ സൽമാന്റെ നായികയായി എത്തുന്നത്.