ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള യുവതാരങ്ങളിൽ ഒരാളാണ് രൺബീർ കപൂർ. 2012-ൽ ഫോബ്സ് പുറത്തുവിട്ട ഇന്ത്യയിലെ 100 സെലിബ്രിറ്റികളുടെ ലിസ്റ്റിലും രൺബീർ ഇടം പിടിച്ചിരുന്നു. സിനിമാകുടുംബത്തിൽ നിന്നുമാണ് രൺബീറിന്റെ വരവ്.
അച്ഛനും അമ്മയും അഭിനേതാക്കൾ. അച്ഛൻ ബോളിവുഡ് സിനിമയിൽ ഒരുകാലത്ത് നായകനായി തിളങ്ങിയ ഋഷി കപൂർ, അമ്മ നിരവധി ആരാധകരുണ്ടായിരുന്ന സ്വപ്ന സുന്ദരി നീതു സിംഗ്.
അച്ഛനും അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പമുള്ള രൺബീറിന്റെ കുട്ടിക്കാലചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്.
അസിസ്റ്റന്റ് ഡയറക്ടർ ആയിയാണ് രൺബീർ കപൂർ സിനിമ ലോകത്തേക്ക് എത്തുന്നത്. പിന്നീട് അച്ഛന്റെയും അമ്മയുടെയും പാതപിന്തുടർന്ന് അഭിനയ ജീവിതം തിരഞ്ഞെടുത്തു. 2007-ൽ പുറത്തിറങ്ങിയ ‘സാവരിയ’ എന്ന ചിത്രത്തിലൂടെയാണ് രൺബീർ കപൂർ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, നിരവധി ചിത്രങ്ങൾ ബോളിവുഡ് പ്രേക്ഷകർക്ക് സമ്മാനിച്ച രൺബീർ കപൂറിന്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ‘ഷാംഷേര’ ആണ്.

പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളും നടിയുമായ ആലിയയെ ആണ് രൺബീർ വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ആലിയയും രൺബീറും തങ്ങളുടെ ആദ്യകൺമണിയെ കാത്തിരിക്കുകയാണ് ഇപ്പോൾ.


2018ലാണ് ആലിയയും രൺബീറും ഡേറ്റിങ്ങിലാണെന്ന ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. ‘ബ്രഹ്മാസ്ത്ര’യുടെ ലൊക്കേഷനിലാണ് അവർ പ്രണയത്തിലായത്. ചിത്രം സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തും.