പെയ്തു തോരാത്ത സംഗീതത്തിന്റെ അപൂര്‍വ്വരാഗങ്ങള്‍ തേടി ആ പ്രതിഭ പോയത് മരണത്തിന്റെ മോഹിപ്പിക്കുന്ന നിശബ്ദതയിലേക്കായിരുന്നു. വിപ്ലവവും സംഗീതവും ജീവനാഡിയായി കണ്ട ലോകജനതയ്ക്ക് ഒപ്പം അയാള്‍ ജീവിച്ചു, അനശ്വരമായ സംഗീതത്തിലൂടെ…

പ്രതിരോധത്തിന്റെ പാട്ടുകാരന്‍ എന്നായിരുന്നു ജമെക്കന്‍ ഗായകനായ ബോബ് മാര്‍ലി അറിയപ്പെട്ടത്. അടിമത്തത്തിലൂടെ, കോളനിഭരണത്തിലൂടെ കടന്നുവന്ന ഒരു നാടിന്റെ സംഗീതത്തിലൂടെയുള്ള ഉയര്‍ത്തെഴുന്നേല്പുകൂടിയാണ് ബോബ് മാര്‍ലിയുടെ മാസ്മരികമായ അവതരണങ്ങളിലൂടെ സംഭവിച്ചത്. 1945 ഫെബ്രുവരി 6ന് ജമൈക്കയിലെ സെന്റ് ആനില്‍ ജനിച്ച ആ അപൂര്‍വ്വ പ്രതിഭയുടെ 73ആം ജന്മദിനമാണിന്ന്.

ജമൈക്കയിലെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളും ബോബ് മാർലി സംഗീതത്തിന് വിഷയമാക്കി. കറുത്തവർഗക്കാരിയായ അമ്മക്കും വെള്ളക്കാരനായ അച്ഛനും ജനിച്ച ബോബ് മാർലി എന്നും വംശീയത സംബന്ധിച്ച ചോദ്യങ്ങൾക്കും പരിഹാസങ്ങൾക്കും ഇരയായിരുന്നു. തന്നെ ഒരു കറുത്ത ആഫ്രിക്കൻ വംശജനായി കണ്ടാൽ മതിയെന്ന് അദ്ദേഹം തന്നെ ചോദ്യം ചെയ്യുന്നവരോട് പറയുമായിരുന്നു.

Read More: സംഗീതത്തിന്റെ കലാപവും സൗന്ദര്യവും: തീര്‍ച്ചയായും കേട്ടിരിക്കേണ്ട ബോബ് മാര്‍ലിയുടെ അഞ്ച് ഗാനങ്ങള്‍

സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ തന്റെ അർധസഹോദരനോടൊപ്പം സംഗീതപരിപാടികൾ ബോബ് അവതരിപ്പിക്കാനാരംഭിച്ചിരുന്നു. ചില സംഗീതപരീക്ഷണങ്ങൾക്കൊടുവിൽ ബോബ് മാർലി, ബണ്ണി വെയ്ലർ, പീറ്റർ റ്റോഷ് എന്നീ സംഗീതത്രയങ്ങൾ ചേർന്ന് ‘ദ വെയ്ലേഴ്സ്’ എന്ന സംഗീതട്രൂപ്പ് രൂപവത്കരിച്ചു. ‘ബഫല്ലോ സോൾജിയർ’, ‘ഗെറ്റ് അപ് സ്റ്റാൻഡ് അപ്’, ‘ത്രീ ലിറ്റിൽ ബേഡ്സ്’ എന്നിവയെല്ലാം ബോബ് മാർലിയുടെ എക്കാലത്തെയും ഹിറ്റുകളാണ്.

അദ്ദേഹം പ്രതിനിധീകരിച്ച സ്കാ, റോക്ക്സ്റ്റെഡി, റെഗ്ഗെ എന്നീ സംഗീതശൈലികളെയാകട്ടെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്നു വേർപ്പെടുത്തി സാങ്കേതികമായി മാത്രം നിർവ്വചിക്കാനുമാവില്ല. വ്യക്തിജീവിതവും സംഗീതവും രാഷ്ട്രീയവും അത്രമേൽ ഇഴചേര്‍ന്നിരിക്കുന്നതിനാലാവാം ജമൈക്കന്‍ സംഗീതത്തിലെയെന്നല്ല, മുഖ്യധാരാസംഗീതത്തിലെ തന്നെ ഏറ്റവും പ്രധാനഗായകരിലൊരാളായി ബോബ് മാര്‍ലി വിലയിരുത്തപ്പെടുന്നത്.

മെലനോമ എന്ന കാന്‍സര്‍ ബാധിച്ച് 1981ല്‍ മുപ്പത്താറാം വയസ്സില്‍ ലോകത്തോട് വിട പറഞ്ഞങ്കിലും ഇന്നും ഏറ്റവും പ്രശസ്തനായ റെഗെ മ്യൂസിക് പെര്‍ഫോമറാണ് ബോബ്. സ്‌ക്കാ, റോക് സ്റ്റഡ് തുടങ്ങിയ സംഗീതശാഖകളിലും പ്രശസ്തനാണ്.

Read More: കേരളാ പൊലീസിന്റെ പേടിസ്വപ്നത്തിന് ഇന്ന് 72 വയസ്സ് തികയുന്നു

മരണശേഷം മാത്രം പുറത്തുവന്ന ‘ബഫലോ സോൽജിയര്‍’ എന്ന ഗാനത്തിനു ലോകമെങ്ങും ലഭിച്ച പ്രചാരംതന്നെ സമീപകാലത്തും അദ്ദേഹത്തിനുള്ള ജനകീയതയ്ക്ക് ഒരു കുറവും വന്നിട്ടില്ലെന്ന് ആവര്‍ത്തിച്ചു തെളിയിക്കുന്നുണ്ട്.

1984ല്‍ പുറത്തിറങ്ങിയ ലെജെന്‍ഡ് എന്ന ആല്‍ബ സമാഹാരം ഇന്നും റെഗെ സംഗീതത്തിലെ ഏറ്റവും വില്‍ക്കപ്പെടുന്ന ആല്‍ബങ്ങളിലൊന്നാണ്. 25 മില്യണ്‍ കോപ്പികളാണ് ഇതുവരെ വിറ്റഴിഞ്ഞത്. കാസെറ്റ് വില്‍പ്പന രംഗത്ത് പത്തു തവണ പ്ലാറ്റിനവും ഒരു തവണ ഡയമണ്ടും റേറ്റിങ് നേടിയിട്ടുണ്ട് ഈ ആല്‍ബം. 1999ൽ ടൈം മാസിക അദ്ദേഹത്തിന്റെ ‘എക്‌സോഡസ്’ എന്ന ആൽബം ഇരുപതാം നൂറ്റാണ്ടിലെ മികച്ച ആൽബമായി തെരഞ്ഞെടുത്തു. പിന്നീട് ഗ്രാമി അവാർഡും അദ്ദേഹത്തെ തേടിയെത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook