മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ‘ആടുജീവിതം’ തിയേറ്ററിലെത്താൻ വൈകുമെന്ന് സംവിധായകൻ ബ്ലെസി. ഐഎഎൻഎസിനു നൽകിയ അഭിമുഖത്തിലാണ് ബ്ലെസി ഇക്കാര്യം അറിയിച്ചത്. 2019 ഓടെ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ആടുജീവിതം’ തിയേറ്ററിലെത്തിക്കാൻ കഴിയുമെന്ന് നേരത്തെ അണിയറപ്രവർത്തകർ പ്രതീക്ഷ പങ്കിട്ടിരുന്നു. എന്നാൽ ചില സാങ്കേതികകാരണങ്ങളാൽ ചിത്രം റിലീസ് ചെയ്യാൻ കാലതാമസമുണ്ടെന്നാണ് ഇപ്പോൾ ബ്ലെസി വ്യക്തമാക്കുന്നത്.
“വലിയൊരു ക്യാൻവാസിലാണ് ചിത്രം ഒരുക്കുന്നത്. നാട്ടിൽ ചിത്രീകരിക്കേണ്ട സീനുകൾ എല്ലാം പൂർത്തിയായി. ശേഷിക്കുന്ന മൂന്നു ഷെഡ്യൂളുകളും വിദേശത്ത് ചിത്രീകരിക്കേണ്ടവയാണ്. വിവിധ ലൊക്കേഷനുകൾ ഞങ്ങൾ പരിഗണിച്ചു വരുന്നുണ്ട്, അതിലൊന്ന് മൊറോക്കോ ആണ്. ഷൂട്ടിംഗ് കാരണമല്ല സിനിമ വൈകുന്നത്, പ്ലാനിംഗ് പ്രകിയയ്ക്ക് വേണ്ടിയെടുക്കുന്ന സമയം മൂലമാണ്. കാലാവസ്ഥപരമായ ഘടകങ്ങൾക്കും തിരക്കഥയിൽ നല്ല റോളുണ്ട്. തെറ്റുകൾ ഇല്ലാതെ വേണം ഓരോ ഷോട്ടും എന്നുള്ളതിനാൽ കൃത്യമായ പ്ലാനിംഗോടെയാണ് ഞങ്ങൾ മുന്നോട്ടുപോകുന്നത്”, ബ്ലെസി പറയുന്നു.
കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങളുമായി ഗൾഫ് രാജ്യങ്ങളിലെത്തുകയും പിന്നീട് മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്യേണ്ടി വരികയും ചെയ്യുന്ന ഒരു മനുഷ്യന്റെ നരകയാതനകളുടെ നേർക്കാഴ്ചയാണ് ‘ആടുജീവിതം’. അടുത്തറിഞ്ഞ ഒരു ജീവിതത്തെ ആധാരമാക്കിയാണ് ബെന്യാമിന് ഈ നോവലൊരുക്കിയത്.
മലയാളസിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായിരിക്കും ‘ആടുജീവിതം’ എന്നാണ് കരുതപ്പെടുന്നത്. കെ.യു മോഹനനാണ് ക്യാമറ. പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ബ്ലെസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. സിനിമയുടെ കൊമേഴ്സ്യൽ മൂല്യം കൂടി പരിഗണിച്ച് തിരക്കഥയിൽ അൽപ്പം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ‘കാഴ്ച’, ‘തന്മാത്ര’, ‘പ്രണയം’ തുടങ്ങിയ സിനിമകളിൽ സംവിധായകൻ കാഴ്ച വെച്ച ‘ബ്ലെസി ടച്ച്’ ഈ സിനിമയിലുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.
Read More: ‘ആടു ജീവിത’ത്തില്‍ പൃഥ്വിരാജിന്റെ നായികയായി അമലാ പോള്‍
ചിത്രത്തിൽ ഒരു പ്രധാന റോളിൽ അമലാപോളും അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അമല പോളിന്റെ കാസ്റ്റിംഗ് അനൗൺസ് ചെയ്തത്. “ദേശീയ അവാർഡ് ജേതാവായ ബ്ലെസിയുടെ ആടുജീവിതത്തിൽ സൈനു എന്ന കഥാപാത്രമായി എത്താൻ സാധിക്കുന്നത് ഏറെ വലിയ അംഗീകാരമായി ഞാൻ കാണുന്നു. മലയാളികളുടെ മനസ്സിൽ ഒരു നൊമ്പരമായി മാറിയ ബെന്യാമിന്റെ ഈ ക്ലാസ്സിക് നോവലിൽ അഭിനയിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. ത്രിഡി സാങ്കേതികതയിലൊരുങ്ങുന്ന സിനിമയുടെ തിരക്കഥ അതിമനോഹരമായി തോന്നി,” എന്ന് അമല അഭിപ്രായപ്പെട്ടിരുന്നു.
Read in English: Blessy’s Aadujeevitham will not release until 2020
അതിനിടയിൽ, ബെന്യാമിന്റെ ‘ആടുജീവിത’മെന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരത്തില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയെന്ന രീതിയിലുള്ള വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍, “ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഈ ചിത്രത്തിനായി ഞാൻ കാത്തിരിക്കുകയാണെന്നും 2019 മാര്‍ച്ച് 31 വരെ ചിത്രത്തിനായി ഡേറ്റ് നല്‍കിയിട്ടുണ്ടെന്നും” പൃഥ്വി വ്യക്തമാക്കിയിരുന്നു.