ഇന്നലെയാണ് പാചക വിദഗ്ധനും സിനിമ നിര്‍മാതാവുമായ നൗഷാദ് അന്തരിച്ചത്. രോഗബാധയെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു നൗഷാദിന്റെ മരണം. രണ്ടാഴ്ച മുന്‍പ് നൗഷാദിന്റെ ഭാര്യയും മരിച്ചിരുന്നു.
കുട്ടിക്കാലം മുതൽ തന്റെ സുഹൃത്തും സഹോദരതുല്യനും തന്റെ ചിത്രത്തിന്റെ നിർമ്മാതാവുമൊക്കെയായ നൗഷാദിനെ ഓർക്കുകയാണ് സംവിധായകൻ ബ്ലെസി.
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്ത ‘കാഴ്ച’ എന്ന ചിത്രം നിർമ്മിച്ചത് ബ്ലെസിയായിരുന്നു. 2004 ഓഗസ്റ്റ് 27നായിരുന്നു കാഴ്ച റിലീസിനെത്തിയത്. 17 വർഷങ്ങൾക്കിപ്പുറം മറ്റൊരു ഓഗസ്റ്റ് 27ന് തന്റെ പ്രിയകൂട്ടുകാരന്റെ മരണവാർത്ത കേൾക്കേണ്ടി വന്നതിന്റെ വേദന പങ്കുവയ്ക്കുകയാണ് ബ്ലെസി.
“നൗഷാദ് നിർമ്മിച്ച് ഞാൻ സംവിധാനം ചെയ്ത ‘കാഴ്ച’ റിലീസ് ചെയ്തത് 2004 ഓഗസ്റ്റ് 27നായിരുന്നു. ഞങ്ങളുടെ സിനിമാ കൂട്ടുക്കെട്ടിന്റെ 17-ാം പിറന്നാളായിരുന്ന ഇന്നലെ അവന്റെ ജീവനില്ലാത്ത ശരീരത്തിനടുത്ത് നിൽക്കേണ്ടി വന്നത് ഹൃദയഭേദകമാണ്,” ബ്ലെസി കുറിക്കുന്നു. മനോരമയോട് സംസാരിക്കുകയായിരുന്നു ബ്ലെസി.
തന്റെ സിനിമാസ്വപ്നങ്ങൾ നടക്കാതെ പോകുമോ എന്ന് തന്നേക്കാൾ ഭയന്നിരുന്ന ആളായിരുന്നു നൗഷാദ് എന്നും ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടിയാണ് നൗഷാദ് ‘കാഴ്ച’യുടെ നിർമാതാവ് ആയതെന്നും ബ്ലെസി പറയുന്നു.
Read more: പാചക വിദഗ്ധന്‍ നൗഷാദ് അന്തരിച്ചു