/indian-express-malayalam/media/media_files/uploads/2017/10/Rajani-horzOut.jpg)
ചെന്നൈ: മെർസൽ വിവാദത്തിൽ ഒടുവിൽ പ്രതികരണവുമായി സൂപ്പർസ്റ്റാർ രജനീകാന്തും രംഗത്ത്. സിനിമ പ്രാധാന്യമുള്ള വിഷയത്തെയാണ് അഭിസംബോധന ചെയ്യുന്നതെന്നു രജനി അഭിപ്രായപ്പെട്ടു. മെർസലിനു പിന്നിൽ പ്രവർത്തിച്ചവരെ 'സ്റ്റൈൽ മന്നൻ' അഭിനന്ദിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയായിരുന്നു രജനീകാന്തിന്റെ പ്രതികരണം.
Important topic addressed... Well done !!! Congratulations team #Mersal
— Rajinikanth (@superstarrajini) October 22, 2017
അതേസമയം, നടൻ വിജയ്ക്കെതിരേയും സിനിമയ്ക്കെതിരേയും നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. സെപ്റ്റംബർ 21ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'സ്വച്ഛതാ ഹി സേവാ' പദ്ധതിക്കു പിന്തുണ അറിയിച്ച ട്വീറ്റിനു ശേഷം ഇപ്പോഴാണ് ട്വിറ്ററിൽ രജനീകാന്ത് ഒരു അഭിപ്രായം പങ്കുവയ്ക്കുന്നതെന്നതും കൗതുകമായി. ‘വൃത്തിയെന്നാൽ ദൈവികതയാണ്’ എന്ന ട്വീറ്റാണ് അന്നു നടത്തിയത്.
ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും മോശമായി ചിത്രീകരിച്ച രംഗങ്ങൾ നീക്കണമെന്നാണു ബിജെപിയുടെ ആവശ്യം. ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക് എതിരായി തമിഴ് സിനിമാലോകവും മറ്റു പ്രമുഖരും അണിനിരന്നു. അവർക്കൊപ്പമാണ് ഇപ്പോൾ രജനീകാന്തും അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.
കൊള്ളയടിക്കാനെത്തുന്നവരോടായി നോട്ട് നിരോധനവും ഡിജിറ്റൽ ഇന്ത്യയും കാരണം തന്റെ പക്കൽ ഒരു പൈസപോലും ഇല്ലെന്നു വടിവേലുവിന്റെ കഥാപാത്രം ഹാസ്യരൂപേണ പറയുന്നു. വിജയ്യുടെ മൂന്ന് കഥാപാത്രങ്ങളിൽ ഒന്ന് 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയതിനെതിരേ ശക്തമായ പ്രസംഗം നടത്തുന്നുണ്ട്. സിംഗപ്പൂരിൽ ഇത്രയും നികുതി ഇല്ലെന്നും വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം പറഞ്ഞുവയ്ക്കുന്നു. ഈ രംഗങ്ങൾ വെട്ടിമാറ്റണമെന്നാണു ബിജെപി ആവശ്യപ്പെടുന്നത്.
മെർസലിൽനിന്നു ബിജെപി നീക്കണമെന്ന് ആവശ്യപ്പെടുന്ന രംഗങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമായി എന്നുള്ളതാണ് മറ്റൊരു കൗതുകം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.