തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്രസർക്കാരിനേയും അഭിനന്ദിച്ച നടൻ കൃഷ്ണകുമാറിനെതിരെ വിമർശനം ഉയരുമ്പോൾ, അദ്ദേഹത്തിനും കുടുംബത്തിനും പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. “താങ്കളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ഒരു മഹാ പ്രസ്ഥാനവും എപ്പോഴും കൂടെയുണ്ടെ”ന്ന് സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

Read More: സൈബർ ആക്രമണത്തെ കുറിച്ച് സംസാരിച്ച അഹാന എന്നോട് ചെയ്തത് എന്താണ്?

കെ.സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പ്രിയപ്പെട്ട ശ്രീ. കൃഷ്ണകുമാർ, നരേന്ദ്രമോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ താങ്കളേയും കുടുംബാംഗങ്ങളേയും വേട്ടയാടാന്‍ ആരേയും അനുവദിക്കില്ല. ഇതു പഴയ കേരളമല്ല. ലക്ഷോപലക്ഷം ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഇന്ന് താങ്കൾക്കുണ്ട്. താങ്കളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ഒരു മഹാ പ്രസ്ഥാനവും എപ്പോഴും കൂടെയുണ്ട്. എല്ലാവിധ ആശംസകളും പിന്തുണയും നേരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനമാണെന്നുള്ള കൃഷ്ണകുമാറിന്റെ പരാമർശത്തിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരേ സോഷ്യൽ മീഡിയകളിലും മറ്റും രൂക്ഷമായ വിമർശനങ്ങൾ ഉയർന്നത്. കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കൃഷ്ണകുമാർ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

“മോദി ഒരു വ്യക്തിയല്ലല്ലോ, പ്രസ്ഥാനമല്ലേ, അങ്ങനെ പറയാൻ പല കാരണങ്ങളുണ്ട്. അദ്ദേഹത്തെ അവതാരമായി നമ്മൾ കാണാറുണ്ട്. ഇന്ത്യ കൈവിട്ടുപോകുന്നു എന്ന് തോന്നിയ ഒരു സമയമുണ്ടായിരുന്നു. അപ്പോഴാണ് 2014 ൽ അദ്ദേഹത്തിന്റെ വരവ്. അതിനുശേഷം ഇന്ത്യയിൽ വന്ന മാറ്റങ്ങൾ എടുത്തുപറയേണ്ടതാണ്. മൈന്യൂട്ടായ കാര്യങ്ങൾ പോലും കണ്ടെത്താൻ കഴിയുന്ന ഒരു വ്യക്തിയാണ് അദ്ദേഹം,” എന്നായിരുന്നു കൃഷ്ണകുമാറിന്റെ വാക്കുകൾ.

ഇന്ത്യയുടെ തലയായ കാശ്​മീരിനെ ഇന്ത്യയുടെ ഭാഗമാക്കാനായത്​ ഒരു അസാധാരണ സർക്കാർ അധികാരത്തിലുള്ളത്​ കൊണ്ടാണെന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു.

“സ്വാതന്ത്ര്യ ദിനത്തിൽ അദ്ദേഹം പറഞ്ഞൊരു കാര്യമുണ്ട്. പത്ത് സാനിറ്ററി പാഡുകൾ പത്ത് രൂപയ്ക്ക്. ഒരു പാഡിന് ഒരു രൂപ. ഞാനൊരു സ്ത്രീ സമൂഹത്തിൽ ജീവിക്കുന്ന ആളാണ്. ഈ പാഡിന്റെ പ്രാധാന്യം എനിക്കറിയാം. നമ്മുടെ കേരളത്തിൽ ഇതുമായി ബന്ധപ്പെട്ട് മോശമായി ചിത്രീകരിച്ച സാഹചര്യമുണ്ട്. ഭാരതത്തിലെ പ്രധാനമന്ത്രിയോട് ഇക്കാര്യത്തിൽ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. അടുത്ത തലമുറകൾക്ക് പ്രധാനമന്ത്രി ഒരുപാട് ഗുണം ചെയ്യും.”

Read More: ലോക്ക്ഡൗണ്‍ വേണ്ടെന്ന് പറഞ്ഞിട്ടില്ല, എന്റെ വാക്കുകൾ വളച്ചൊടിച്ചു; വിവാദ സ്റ്റോറിയ്ക്ക് വിശദീകരണവുമായി അഹാന

മകളും നടിയുമായ അഹാന കൃഷ്ണകുമാറിന്റെ സോഷ്യൽമീഡിയ പോസ്റ്റ് വിവാദമായതിനെക്കുറിച്ചും കൃഷ്ണകുമാർ പ്രതികരിച്ചിരുന്നു.

“അവൾ ചെയ്തത് തെറ്റാണെന്ന് ഞാൻ ഒരിക്കലും പറയില്ല. ശരിയാണ് അവൾ ചെയ്തത്. എന്നാൽ കേരളത്തിൽ ജീവിക്കുമ്പോൾ പബ്ലിക്കിനു മുന്നിൽ എഴുതാൻ പാടില്ലാത്ത രണ്ടു കാര്യങ്ങളുണ്ട്. ഒന്ന് മതവും മറ്റേത് രാഷ്ട്രീയവുമാണ്. ആരെയും ഭയന്നിട്ടല്ല. തത്‌കാലം ഇതു രണ്ടും നമ്മൾ മാറ്റിവെയ്ക്കുക. അല്ലെങ്കിൽ ഒരു രാഷ്ട്രീയ പാർട്ടിയിൽ അംഗത്വമെടുത്ത് പറയാനുള്ളത് തുറന്നു പറയുക. അതല്ല, സിനിമയിൽ നിൽക്കാനാണെങ്കിൽ മറ്റെല്ലാ കാര്യങ്ങളിൽ നിന്നും മാറിനിൽക്കുക. കാരണം കേരളത്തിലെ സിനിമ മറ്റൊരു ലോകമാണ്.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook