മലയാളികള്‍ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ നാളെ കേരളത്തില്‍ റിലീസ് ചെയ്യില്ല. അപ്രതീക്ഷിതമായി ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെയാണ് ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്റെ റീലിസിന് തിരിച്ചടിയായത്‌. ചിത്രം നാളെ റിലീസ് ചെയ്യുന്നതിന്റെ ഭാഗമായി മോഹന്‍ലാല്‍ ആരാധകര്‍ വലിയ രീതിയിലുളള ഒരുക്കമാണ് നടത്തിയിരുന്നത്. എന്നാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രദര്‍ശനം നടത്താന്‍ ഒരുക്കമല്ലെന്നാണ് തിയറ്റര്‍ ഉടമകള്‍ വ്യക്തമാക്കുന്നത്.

ഹര്‍ത്താലിന്റെ സാഹചര്യത്തില്‍ യാതൊരു സുരക്ഷയും ഇല്ലാതെ തങ്ങള്‍ റിലീസിന് ഒരുക്കമല്ലെന്നാണ് തിയറ്റര്‍ ഉടമകള്‍ വ്യക്തമാക്കുന്നത്.

ബിജെപിയുടെ സമരപ്പന്തലിന് മുന്നില്‍ മധ്യവയസ്കന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അതേസമയം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്തു വന്നിട്ടുണ്ട്. ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നത് എന്നായിരുന്നു വേണുഗോപാലന്‍ നായരുടെ മൊഴി. മരിക്കുന്നതിന് തൊട്ടു മുന്‍പ് പൊലീസ് രേഖപ്പെടുത്തിയ മൊഴിയാണ് ഇത്.

Read Also: വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്; ശബരിമല പ്രശ്നമോ പ്രതിഷേധമോ മൊഴിയില്‍ പറയുന്നില്ല

നാളെ ലോകമാകമാനം ഒരേദിവസം തീയേറ്റര്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രമെന്ന റെക്കോര്‍ഡ് നേടാനിരിക്കെയായിരുന്നു ഒടിയന്‍ തിരിച്ചടി കിട്ടിയത്. അമേരിക്ക, ഫ്രാന്‍സ്, ഉക്രെയ്ന്‍, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ 3500 ഓളം തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യപ്പെടുമെന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രദര്‍ശനങ്ങള്‍ക്ക് മുടക്കമുണ്ടാകില്ല. ഇവിടെ കൂടാതെ ബ്രിട്ടന്‍, അയര്‍ലന്‍ഡ്, ഓസ്ട്രേലിയ, ബെല്‍ജിയം, ജെര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ടെന്നും പ്രചരണം ഉണ്ട്. അതേസമയം കേരളത്തിന് പുറത്തുളള സംസ്ഥാനങ്ങളിലും നാളെ റിലീസ് നടക്കും.

Also Read: ബോക്സോഫീസ് കാത്തിരിക്കുന്ന ‘ഒടിയന്‍’ മാജിക്

തിരുവനന്തപുരത്ത് മാത്രം 139 പ്രദര്‍ശനങ്ങളാണ് നാളെ ഒടിയന് നിശ്ചയിച്ചിരുന്നത്. പുലര്‍ച്ചെ 4.30 മുതല്‍ രാത്രി 11.59 വരെയാണ് 21 ഷോകള്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിവ്‍ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റുപോവുകയും ചെയ്തിരുന്നു. എന്നാല്‍ അമേരിക്കയിലെ ആദ്യ ഷോ നടക്കുമെന്നാണ് വിവരം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30നാണ് അമേരിക്കയില്‍ ആദ്യ ഷോ നടക്കുന്നത്. കൂടാതെ കേരളത്തില്‍ ഹര്‍ത്താല്‍ കഴിയുന്ന വൈകിട്ട് 6 മണിക്ക് ശേഷവും സിനിമയുടെ പ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കും. അതേസമയം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ബുക്ക് ചെയ്യുന്നവര്‍ക്ക് നിരാശ സമ്മാനിക്കുന്നതാണ് ഹര്‍ത്താല്‍. സാഹിത്യകാരനായ എന്‍എസ് മാധവന്‍ നിരാശ പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

മലയാളം, തമിഴ്,തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മഞ്ജു വാര്യരാണ് ഒടിയനിലെ നായിക. പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ഇന്നസെന്റ്,നെടുമുടി വേണു, പ്രകാശ് രാജ്, കൈലാഷ്,കെ.പി.എസി.ലളിത, സന അല്‍ത്താഫ് തുടങ്ങി വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ