മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ ദിലീപ് കുമാറിന്റെ 95ാം ജന്മദിനമാണ് തിങ്കളാഴ്ച്ച. പ്രത്യേകദിനത്തില്‍ പ്രിയപ്പെട്ട ഭര്‍ത്താവിന് ഇഷ്ടമുളള ഭക്ഷണങ്ങള്‍ ഒരുക്കാനാണ് ഭാര്യയായ സൈറ ഭാനുവിന്റെ തീരുമാനം. എന്നാല്‍ ഭര്‍ത്താവ് ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നതിനാല്‍ ഒരു ഗംഭീര പരിപാടി നടത്താനാവില്ലെന്ന് സൈറ പറഞ്ഞു.

‘അദ്ദേഹത്തിന് ബിരിയാണി വളരെ ഇഷ്ടമാണ്. അത് നാളെ പാചകം ചെയ്യുമെങ്കിലും സുഖമില്ലാത്തതിനാല്‍ വളരെ കുറച്ച് മാത്രം അദ്ദേഹത്തിന് കൊടുക്കും. അദ്ദേഹത്തിന് വാനില ഐസ്ക്രീമും ഇഷ്ടമാണ്. കുറച്ചെങ്കിലും ഐസ്ക്രീം കൊടുത്തോട്ടേയെന്ന് ഡോക്ടര്‍മാരോട് ചോദിച്ചു നോക്കും. പിന്നെ ഒരു ബര്‍ത്ത്ഡെ കേക്കും നല്‍കണം’, സൈറ ബാനു പിടിഐയോട് പറഞ്ഞു.

ദിലീപ് കുമാറിനായി ഒരു ഷര്‍ട്ടും പാന്റും വാങ്ങാന്‍ താന്‍ പദ്ധതി ഇടുന്നതായും ഇവര്‍ പറഞ്ഞു. കാലില്‍ മുഴവന്ന് വേദന കൂടിയതിനെ തുടര്‍ന്നാണ് താരത്തെ മുംബയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അദ്ദേഹം സുഖം പ്രാപിച്ചുവരുന്നതായി സൈറാ ബാനു അറിയിച്ചു.

മുഹമ്മദ് യുസഫ് ഖാന്‍ എന്ന ദിലീപ് കുമാര്‍ 1998ലാണ് അവസാനമായി അഭിനയിച്ചത്. അതിന് ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. 1994ല്‍ ഫാല്‍ക്കേ പുരസ്‌ക്കാരം ലഭിച്ചു. 2015ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. ഇന്ത്യന്‍ സിനിമയിലെ ദുരന്തനായകന്‍ എന്നാണ് ദിലീപ് കുമാറിനെ വിശേഷിപ്പിക്കുന്നത്. സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ മുന്‍ നിര്‍ത്തി അദ്ദേഹത്തെ രാജ്യസഭാ എം.പിയായി നോമിനേറ്റ് ചെയ്തിരുന്നു.

പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അവിടുത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ നിഷാനി ഇംതിയാസ് നല്‍കി 1997ല്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. അറുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ