മലയാളത്തിന്റെ സ്വന്തം ലാലേട്ടന്റെ പിറന്നാളാണിന്ന്. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. ഇതിഹാസതാരത്തിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് സിനിമാലോകവും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരും. പിറന്നാൾ ദിനത്തോടനുബന്ധിച്ച് മോഹൻലാൽ എന്ന വ്യക്തിയുടെ ജീവിതത്തിലും കരിയറിലും ഒട്ടിനവധി മനോഹര നിമിഷങ്ങൾ സോഷ്യൽ മീഡിയ സാക്ഷ്യം വഹിച്ചു.
അതിൽ ഏറ്റവും ആദ്യത്തേതായിരുന്നു മലയാളത്തിന്റെ മെഗാസ്റ്റർ സൂപ്പർസ്റ്റാറിനു നൽകിയ പിറന്നാൾ ആശംസ. 12 മണിക്ക് തന്നെ മമ്മൂട്ടി തന്റെ ട്വിറ്റർ പേജിലൂടെ ആശംസ പങ്കുവച്ചു. പ്രിയപ്പെട്ട ലാലിന് പിറന്നാളാശംസകൾ എന്നാണ് ഇരുവരും കൈപിടിച്ച് നിൽക്കുന്ന ചിത്രം ഷെയർ ചെയ്ത് മമ്മൂട്ടി കുറിച്ചത്.
മോഹൻലാലിനു പ്രിയ സുഹൃത്ത് അലക്സ് കെ ബാബു നൽകിയ പിറന്നാൾ സമ്മാനമായി കാർ സമ്മാനിച്ച ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. കിയ ആണ് സമ്മാനമായി നൽകിയത്.
പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും മോഹൻലാൽ പങ്കുവച്ചിരുന്നു. ഷെൽറ്റർ ഹോമിലെ കുട്ടികൾക്കൊപ്പമായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷം. കുട്ടികൾക്കൊപ്പം കേക്ക് മുറിച്ച് അത് അവർക്ക് പങ്കിട്ടു നൽകുന്ന മോഹൻലാലിനെ ചിത്രങ്ങളിൽ കാണാം. “ഏയ്ഞ്ചൽസ് ഹട്ടിലെ കുഞ്ഞ് മാലാഖമാർക്കൊപ്പം ഒരു ചെറിയ പിറന്നാൾ ആഘോഷം. എച്ച് യു എം ഫൗണ്ടേഷന്റെ നേത്യത്വത്തിലുള്ള ഷെൽറ്റർ ഹോം. സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് വേണ്ടിയുള്ളതാണിത്. ഈ ദിവസത്തിന് ഒരുപാട് നന്ദി” എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ കുറിച്ചത്. കുട്ടികൾക്കായി പ്രത്യേക സമ്മാനവും മോഹൻലാൽ നൽകുന്നുണ്ട്.
മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടെഷന്റെ പേരിൽ താക്കോൾ ദാനം പിറന്നാൾ ദിനത്തിൽ നടത്തി. 2019ലെ പ്രളയത്തിൽ തന്റെ ജീവൻ ത്യജിച്ച് മറ്റുള്ളവരെ രക്ഷിച്ച ലിനുവിന്റെ കുടുംബത്തിനാണ് പുതിയ ഭവനം സമ്മാനിച്ചത്.
ഏറെ പ്രതീക്ഷയോടെ മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങളാണ് മലൈക്കോട്ടൈ വാലിബനും എമ്പുരാനും. രണ്ടു ചിത്രങ്ങളുടെയും അണിയറപ്രവർത്തർ ചിത്രത്തിന്റെ പോസ്റ്ററുകളും വീഡിയോയുമെല്ലാം പങ്കുവച്ചിട്ടുണ്ട്.
പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. 1960 മേയ് 21 നാണ് പത്തനംത്തിട്ട ജില്ലയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായി മോഹൻലാൽ ജനിച്ചത്. 1980ൽ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ വില്ലനായി മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച 20-കാരൻ മലയാളത്തിന്റെ അതിർത്തികൾക്ക് അപ്പുറത്തേക്ക് വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ സുപരിചിതനായ ഇതിഹാസ താരമായി മാറുകയായിരുന്നു.