എഴുപത്തി അഞ്ചാം പിറന്നാൾ കുടുംബാംഗങ്ങളോടൊപ്പം ആഘോഷിച്ച് സംവിധായകൻ കെജി ജോർജ്. പത്നി സൽമ ജോർജിനും മകൾ താര ജോർജിനുമൊപ്പമായിരുന്നു പിറന്നാൾ ആഘോഷം.

മലയാള സിനിമയ്ക്ക് പുതിയ ഭാവതലങ്ങൾ സമ്മാനിച്ച സംവിധായകനായ കെജി ജോർജ് 19 സിനിമകളാണ് സംവിധാനം ചെയ്തിട്ടുള്ളത്.1976ൽ പുറത്തിറങ്ങിയ ‘സ്വപ്നാടനം’ ആണ് സ്വതന്ത്ര സംവിധായകനെന്ന നിലയിലുള്ള ആദ്യചിത്രം.മികച്ച ചിത്രം, തിരക്കഥ എന്നിവയ്ക്കുള്ള സംസ്ഥാന പുരസ്കാരത്തിന് ചിത്രം അർഹമായിരുന്നു. 1998ൽ പുറത്തിറങ്ങിയ ‘ഇലവങ്കോട് ദേശം’ ആണ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ചിത്രം.

1946 മേയ് 24ന് തിരുവല്ലയിലാണ് കെജി ജോർജ് ജനിച്ചത്. 1968-ൽ കേരള സർ‌വ്വകലാശാലയിൽ നിന്നു ബിരുദവും 1971-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്നു സിനിമാസംവിധാനത്തിൽ ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായാണ് ചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശനം.

ആദാമിന്റെ വാരിയെല്ല് , ഇരകൾ, യവനിക,ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്,കോലങ്ങൾ, മേള, ഉൾക്കടൽ, പഞ്ചവടിപ്പാലം എന്നിവയടക്കമുള്ള സിനിമകൾക്ക് പ്രേക്ഷകരിൽനിന്നും നിരൂപകരിൽ നിന്നും ഏറെ സ്വീകാര്യത നേടിയെടുക്കനായി. ഗായികയും സംഗീതജ്ഞൻ പാപ്പുക്കുട്ടി ഭാഗവതരുടെ മകളമായ സൽമയെയാണ് അദ്ദേഹം ജീവിത പങ്കാളിയാക്കിയത്.

സ്വപ്നാടനത്തിനു പുറമേ ആദാമിന്റെ വാരിയെല്ല്, ഇരകൾ, യവനിക, രാപ്പാടികളുടെ ഗാഥ എന്നീ ചിത്രങ്ങളും സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്ക് അർഹമായി. രാപ്പാടികളുടെ ഗാഥയ്ക്ക് 1978ൽ ജനപ്രിയവും കലാമൂല്യവുമുള്ള സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. യവനിക 1982ൽ മികച്ച ചിത്രം, കഥ എന്നിവയ്ക്ക് സംസ്ഥാന പുരസ്കാരം നേടി. ആദാമിന്റെ വാരിയെല്ല് 1983ലും ഇരകൾ 1985ലും മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്കുള്ള പുരസ്കാരത്തിനർഹമായി.

കെജി ജോർജിന്റെ സിനിമകൾ

സ്വപ്നാടനം (1976), വ്യാമോഹം (1977),രാപ്പാടികളുടെ ഗാഥ (1978), ഓണപ്പുടവ ( 1978), മണ്ണ് (1978), ഇനി അവൾ ഉറങ്ങട്ടെ (1978), ഉൾക്കടൽ (1978), മേള (1980), കോലങ്ങൾ (1981), യവനിക (1982), ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് (1983), ആദാമിന്റെ വാരിയെല്ല് (1983), പഞ്ചവടിപ്പാലം (1984), ഇരകൾ(1986), കഥയ്ക്കു പിന്നിൽ (1987), മറ്റൊരാൾ (1988), ഈ കണ്ണി കൂടി (1990), ഒരു യാത്രയുടെ അന്ത്യം (1991), ഇലവങ്കോട് ദേശം (1998),

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook