മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരിക്കുന്ന ‘മധുരരാജ’ ഷൂട്ടിംഗ് പുരോഗമിക്കുന്നു. വൈശാഖിന്റെ തന്നെ ‘പൊക്കിരിരാജ’ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ‘മധുരരാജ’. ചിത്രത്തിന്റെ ലൊക്കേഷനില്‍ ഇന്നലെ നടന്ന ഒരു പിറന്നാള്‍ ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടി ആരാധകര്‍ ആഘോഷിക്കുന്നത്. വൈശാഖിന്റെ മകളുടെ പിറന്നാള്‍ ആഘോഷമാണ് ‘മധുരരാജ’യുടെ സെറ്റില്‍ നടന്നത്. മമ്മൂട്ടി ഉള്‍പ്പടെയുള്ള അണിയറപ്രവര്‍ത്തകര്‍ പങ്കെടുത്തു. ചിത്രങ്ങള്‍ സംവിധായകന് തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
നടൻ സലിം കുമാറിന്റെ 21-ാം വിവാഹ വാർഷികാഘോഷവും ഇതേ ലൊക്കേഷനില്‍ നടന്നിരുന്നു. മമ്മൂട്ടിയെ കൂടാതെ വിനയ പ്രസാദ്, സംവിധായകൻ വൈശാഖ്, തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ, ഷംന കാസിം, തെസ്നിഖാൻ എന്നിവരും ആഘോഷപരിപാടിയിൽ പങ്കെടുത്തു. വിവാഹ വാർഷികാഘോഷത്തിന്റെ ലൊക്കേഷനിലെ ചിത്രങ്ങൾ സലിം കുമാർ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. “എന്റെയും സുനിതയുടെയും ഇരുപത്തിയൊന്നാം വിവാഹവാര്‍ഷികം ‘മധുരരാജയുടെ’ ലൊക്കേഷനില്‍ വച്ച് ആഘോഷിച്ചു. നന്ദി മമ്മുക്ക, വൈശാഖ്, നെല്‍സണ്‍ ഐപ്പ്, ഉദയകൃഷ്ണ, ഷാജി, ജയ, ക്രൂ മെംബേര്‍സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്സ്,” സലിം കുമാര്‍ കുറിച്ചു.
Read More: ‘മധുരരാജ’യുടെ സാന്നിധ്യത്തിൽ സലിം കുമാറിന് വിവാഹ വാർഷികാഘോഷം, മധുരം പകർന്ന് മമ്മൂട്ടി
‘പോക്കിരി രാജ’യുടെ രണ്ടാം ഭാഗമാണ് ‘മധുരരാജ‘. ‘പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വര്‍ഷങ്ങൾക്കു ശേഷമാണ് വൈശാഖും മമ്മൂട്ടിയും ഒരുമിക്കുന്നത്. പുലിമുരുകനു ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന് ടീം ഒരിക്കല്‍കൂടി ഒന്നിക്കുന്നു എന്നതും മധുരരാജയുടെ പ്രത്യേകതയാണ്. പൃഥ്വിരാജ് ഈ ചിത്രത്തില്‍ ഉണ്ടാകില്ല എന്നാണ് അറിയുന്നത്. പകരം തമിഴ് നടന് ജയ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍. ആര്.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്,സലിം കുമാര്‍, അജു വര്‍ഗീസ്, ധര്മജന് , ബിജു കുട്ടന്, സിദ്ധിഖ്, എം. ആര് ഗോപകുമാര്‍, കൈലാഷ്,ബാല, മണിക്കുട്ടന്, നോബി, ബാലചന്ദ്രന് ചുള്ളിക്കാട്, ചേര്‍ത്തല ജയന്,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന താരങ്ങളാകുന്നു. ഒപ്പം തമിഴ്, തെലുങ്ക് ഭാഷകളിലെ വന്‍ താരനിരയും അണിനിരക്കുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജ ഒരുങ്ങുന്നത്.
Read More: ‘വന്തിട്ടേന്ന് സൊല്ല്’; ‘മധുരരാജ’യാകാൻ മമ്മൂട്ടിയെത്തി
ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. കലാ സംവിധാനം ജോസഫ് നെല്ലിക്കലും സൗണ്ട് ഡിസൈന്‍ പി എം സതീഷും നിര്‍വ്വഹിക്കും. നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് നിര്‍മിക്കുന്ന ചിത്രം യു.കെ സ്റ്റുഡിയോസ് വിതരണത്തിനെത്തിക്കും. ഒരേ സമയം മലയാളം , തമിഴ് , തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസിനെത്തും.